"എകെ ആൻ്റണിയുടെ പ്രസ്‌താവന വാസ്‌തവവിരുദ്ധം,സംസ്ഥാനത്തിൻ്റെ ധനസ്ഥിതി ബോധ്യപ്പെടുത്താം"'; കെഎൻ ബാലഗോപാൽ

"എകെ ആൻ്റണിയുടെ പ്രസ്‌താവന വാസ്‌തവവിരുദ്ധം,സംസ്ഥാനത്തിൻ്റെ ധനസ്ഥിതി ബോധ്യപ്പെടുത്താം"';   കെഎൻ ബാലഗോപാൽ

കൊല്ലം: സമയം അനുവദിച്ചാൽ എ കെ ആൻ്റണിക്ക് സംസ്ഥാനത്തിൻ്റെ മികച്ച സാമ്പത്തിക നിലയെ കുറിച്ചുള്ള കണക്കുകളും വിവരങ്ങളും വ്യക്തിപരമായി വിശദീകരിച്ച് കൊടുക്കാൻ തയ്യാറെന്ന് മുൻ ധനമന്ത്രി കെ എൻ ബാലഗോപാൽ. കഴിഞ്ഞ ദിവസം എകെ ആൻ്റണി പങ്കുവച്ച കേരളത്തിൻ്റെ സാമ്പത്തിക സ്ഥിതി സംബന്ധിച്ച ആശങ്കകൾ അടിസ്ഥാനരഹിതമാണെന്ന് കെ എൻ ബാലഗോപാൽ കൊല്ലത്ത് വച്ച് മാധ്യമങ്ങളോട് പറഞ്ഞു.കഴിഞ്ഞ 10 വർഷമായി സംസ്ഥാന സർക്കാർ സാമ്പത്തിക നിയന്ത്രണത്തിലും വികസന പ്രവർത്തനങ്ങളിലും വലിയ പുരോഗതി കൈവരിച്ചിട്ടുണ്ട്. സംസ്ഥാനത്തിന് ലിക്വിഡിറ്റി പ്രതിസന്ധിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.സാമ്പത്തിക വർഷാവസാനത്തിൽ ഏകദേശം 4000 കോടി രൂപയുടെ കാഷ് ബാലൻസ് സംസ്ഥാനത്തിനുണ്ടായിരുന്നു. ജനങ്ങൾക്ക് നൽകാനുള്ള വലിയ കുടിശികകളൊന്നും ബാക്കിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.കൂടാതെ, കേന്ദ്രത്തിൻ്റെ വിഭജ്യ നികുതി വിഹിതത്തിൽ നിന്ന് ഈ വർഷം 10,000 കോടി രൂപയുടെ അധിക വരുമാനവും സംസ്ഥാനത്തിന് ലഭിക്കുന്നുണ്ട്. കൊവിഡ് കാലത്ത് ജിഡിപിയോട് താരതമ്യപ്പെടുത്തുമ്പോൾ സംസ്ഥാനത്തിൻ്റെ കടബാധ്യത 39 ശതമാനം ആയിരുന്നതിൽ നിന്ന് ഇപ്പോൾ 33 മുതൽ 33.5 ശതമാനം ആയി കുറഞ്ഞതായും കഴിഞ്ഞ അഞ്ച് വർഷത്തിനിടെ സംസ്ഥാനത്തിൻ്റെ നികുതി വരുമാനവും നികുതിയേതര വരുമാനവും 100 ശതമാനം വർധിച്ചതായും അദ്ദേഹം വിശദീകരിച്ചു.

കെ എൻ ബാലഗോപാലിൻ്റെ അഭിപ്രായത്തിൽ എ കെ ആൻ്റണിയുടെ പരാമർശങ്ങൾ കോൺഗ്രസിൻ്റെ തെരഞ്ഞെടുപ്പ് വാഗ്‌ധാനങ്ങളെക്കുറിച്ചുള്ള മുൻകൂർ പ്രതിരോധം പോലെയാണെന്നും കർണാടക, തെലങ്കാന, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിലെ അനുഭവങ്ങൾ കാരണം കോൺഗ്രസ് നേതൃത്വം ആശങ്കപ്പെടുകയാണെന്നും അദ്ദേഹം വിമർശിച്ചു. എ കെ ആൻ്റണി സമയം അനുവദിച്ചാൽ അദ്ദേഹത്തിന് സംസ്ഥാനത്തിൻ്റെ മികച്ച സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള വിവരങ്ങൾ വ്യക്തിപരമായി ബോധിപ്പിക്കാൻ തയ്യാറാണെന്ന് കെ എൻ ബാലഗോപാൽ ആവർത്തിച്ചു.

കഴിഞ്ഞ പത്ത് വർഷക്കാലമായി സജീവ രാഷ്ട്രീയത്തിൽ ഈ കാര്യങ്ങൾ നിരീക്ഷിക്കാത്തതുകൊണ്ടാകാം അദ്ദേഹത്തിന് ഇത്തരം തെറ്റായ ധാരണകൾ ഉണ്ടായതെന്നും ബാലഗോപാൽ കൂട്ടിച്ചേർത്തു. കേരളം സാമ്പത്തികമായി പാപ്പരായ അവസ്ഥയിലാണെന്നാണെന്നും 2001-ൽ താൻ മുഖ്യമന്ത്രിയായ കാലത്തെ സമാനമായ സാഹചര്യമാണ് ഇപ്പോഴുമുള്ളതെന്നായിരുന്നു എ കെ ആൻ്റണിയുടെ പ്രസ്‌താവന. തുടക്കത്തിൽ തന്നെ ജനപ്രിയ പ്രഖ്യാപനങ്ങൾ പ്രതീക്ഷിക്കരുതെന്നും സതീശന് സംസ്ഥാനത്തെ കരകയറ്റാൻ ആവശ്യമായ സാവകാശം നൽകണമെന്നും ആൻ്റണി മാധ്യമങ്ങളോട് പറഞ്ഞിരുന്നു.