"തനിക്കെതിരായ ആരോപണങ്ങൾ അടിസ്ഥാനരഹിതം . രാഷ്‌ട്രീയ പ്രേരിതം" : രാഘവ് ഛദ്ദ

"തനിക്കെതിരായ ആരോപണങ്ങൾ അടിസ്ഥാനരഹിതം . രാഷ്‌ട്രീയ പ്രേരിതം" : രാഘവ് ഛദ്ദ

ഛണ്ഡീഗഢ്: പഞ്ചാബിലെ പ്രശ്‌നങ്ങൾ പാർലമെൻ്റിൽ ഉന്നയിക്കുന്നതിൽ പരാജയപ്പെട്ടുവെന്ന ആരോപണം തെറ്റും അടിസ്ഥാനരഹിതവുമാണെന്ന് ആം ആദ്‌മി എംപി രാഘവ് ഛദ്ദ. തനിക്കെതിരായ ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്നും അദ്ദേഹം  പറഞ്ഞു. "പാർലമെൻ്റിൽ പഞ്ചാബിൻ്റെ പ്രശ്‌നങ്ങൾ ഉന്നയിക്കുന്നതിൽ ഞാൻ പരാജയപ്പെട്ടുവെന്ന് ആം ആദ്‌മി പാർട്ടിയുടെ ചില നേതാക്കൾ ആരോപിക്കുന്നു. അവ തികച്ചും അടിസ്ഥാനരഹിതവും ദുരുദ്ദേശ്യപരവുമായ ആരോപണങ്ങളാണ്. അവയെ ഞാൻ പൂർണ്ണമായും തള്ളിക്കളയുന്നു," രാഘവ് ഛദ്ദ പുറത്തിറക്കിയ പ്രസ്‌താവനയിൽ പറഞ്ഞു.

പാർലമെൻ്റിലെ സംഭവ വികാസങ്ങൾ പിന്തുടർന്ന ഏതൊരാൾക്കും സത്യം അറിയാം. പാർലമെൻ്റ് അംഗമെന്ന നിലയിൽ എൻ്റെ കാലയളവിൽ പഞ്ചാബിൻ്റെ ആശങ്കകൾ ഞാൻ ആവർത്തിച്ചും ശക്തമായും സഭയിൽ ഉന്നയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇത് അഭിപ്രായത്തിൻ്റെയോ പ്രചാരണത്തിൻ്റെയോ രാഷ്ട്രീയതയുടെയോ കാര്യമല്ല. ഇത് ഔദ്യോഗിക രേഖയുടെ കാര്യമാണ്, എല്ലാ പൗരന്മാർക്കും പരിശോധിക്കാൻ അവകാശമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.പ്രധാന ആരോപണങ്ങളിലൊന്ന്, പഞ്ചാബിന് കേന്ദ്രത്തിൽ നിന്ന് ലഭിക്കേണ്ട ഫണ്ടുകളുടെ വിഷയം ഉന്നയിച്ചില്ല എന്നതാണ്. ഇത് പൂർണമായും അസത്യമാണെന്ന് രാഘവ് ഛദ്ദ പറഞ്ഞു. 2024 ജൂലൈ 31 ന് ഞാൻ ഈ ആവശ്യം വ്യക്തമായി ഉന്നയിച്ചതാണ്. അതിൻ്റെ രേഖ സൻസദ് ടിവിയിൽ ലഭ്യമാണ്. താൻ ആവശ്യുന്നയിച്ചതിൻ്റെ തെളിവായി ഔദ്യോഗിക ലിങ്കും അദ്ദേഹം പങ്കുവച്ചു.

ആർഡിഎഫ് കുടിശ്ശികയുടെ പ്രശ്‌നം ഞാൻ ശക്തമായി ഉന്നയിക്കുകയും പഞ്ചാബിനോട് ചെയ്യുന്ന സാമ്പത്തിക അനീതിക്കെതിരെ സംസാരിക്കുകയും ചെയ്‌തിട്ടുണ്ട്. പഞ്ചാബുമായി ബന്ധപ്പെട്ട നിർണായക വിഷയങ്ങളും ഞാൻ നിരന്തരം ഉന്നയിച്ചിട്ടുണ്ട്, അവയിൽ ഇവ ഉൾപ്പെടുന്നു.

ആർ‌ഡി‌എഫ് ഫണ്ടുകളുടെ റിലീസ്

ഭൂഗർഭജല ശോഷണ പ്രതിസന്ധി

കർഷക പ്രതിസന്ധി

സാമ്പത്തിക അനീതി

സംസ്ഥാനത്ത് വർധിച്ചുവരുന്ന മയക്കുമരുന്ന് ഉപയോഗത്തെയും ദുരുപയോഗത്തെയും കുറിച്ചുള്ള ആശങ്കകൾ

സംസ്ഥാന സുരക്ഷയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും പഞ്ചാബ് നേരിടുന്ന വെല്ലുവിളികളും

കർതാർപൂർ സാഹിബ് ഇടനാഴി വിപുലീകരണം

നങ്കന സാഹിബിലേക്കുള്ള വിസ രഹിത പ്രവേശനം

പഞ്ചാബിൻ്റെയും അവിടുത്തെ ജനങ്ങളുടെയും താൽപര്യങ്ങൾക്കുവേണ്ടിയുള്ള ഗൗരവമേറിയ ഇത്തരം നിരവധി വിഷയങ്ങൾ ചൂണ്ടിക്കാണിച്ചിരുന്നതായി രാഘവ് ഛദ്ദ വ്യക്തമാക്കി. "പഞ്ചാബ് എനിക്ക് ഒരു സംസാരവിഷയമല്ല. അത് എൻ്റെ പ്രതിബദ്ധതയാണ്. അത് എൻ്റെ ആത്മാവാണ്. പഞ്ചാബിൻ്റെ അവകാശങ്ങൾക്കുവേണ്ടി ഞാൻ എപ്പോഴും നിലകൊണ്ടിട്ടുണ്ട്. സത്യസന്ധതയോടും ധൈര്യത്തോടും ബോധ്യത്തോടും കൂടി ഞാൻ അത് തുടരും," അദ്ദേഹം പറഞ്ഞു. ഒരു അപവാദ പ്രചാരണത്തിനും എൻ്റെ ശബ്‌ദത്തെ നിശബ്‌ദമാക്കാനോ എൻ്റെ ദൃഢനിശ്ചയത്തെ ദുർബലപ്പെടുത്താനോ കഴിയില്ല. സത്യം ജയിക്കും. വസ്‌തുതകൾ ജയിക്കും. എല്ലാ നുണകളും തുറന്നുകാട്ടപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.