എപ്പിക് ഗെയിംസ് കേസിൽ യുഎസ് സുപ്രീം കോടതിയലക്ഷ്യ ഉത്തരവ് പുനഃപരിശോധിക്കണമെന്ന് ആപ്പിൾ

വാഷിംഗ്ടൺ: ആപ്പ് സ്റ്റോർ പേയ്‌മെന്റ് നയങ്ങളെ ചൊല്ലിയുള്ള എപിക് ഗെയിംസുമായുള്ള ദീർഘകാല നിയമപോരാട്ടത്തിൽ നിർണ്ണായക നീക്കവുമായി ആപ്പിൾ. തങ്ങൾക്കെതിരായ കോടതിയലക്ഷ്യ വിധിയെ ചോദ്യം ചെയ്ത് അമേരിക്കൻ സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ് ടെക് ഭീമനായ ആപ്പിൾ. 2020-ൽ ആരംഭിച്ച ഈ നിയമയുദ്ധം ഇപ്പോൾ പുതിയ തലത്തിലേക്ക് കടന്നിരിക്കുകയാണ്.ഐഫോൺ ആപ്പ് സ്റ്റോറിലെ ഇൻ-ആപ്പ് പേയ്‌മെന്റുകൾ ആപ്പിൾ അമിതമായി നിയന്ത്രിക്കുന്നുവെന്ന് ആരോപിച്ചാണ് ഫോർട്ട്‌നൈറ്റ് ഗെയിം നിർമാതാക്കളായ എപിക് ഗെയിംസ് കേസ് നൽകിയത്. ആപ്പ് സ്റ്റോറിന് പുറത്തുള്ള ഇതര പേയ്‌മെന്റ് സംവിധാനങ്ങളിലേക്ക് ഉപയോക്താക്കളെ നയിക്കുന്ന ലിങ്കുകൾ ഉൾപ്പെടുത്താൻ ഡെവലപ്പർമാരെ അനുവദിക്കണമെന്ന് 2021-ൽ കോടതി നിർദ്ദേശിച്ചിരുന്നു. എന്നാൽ, ആപ്പിൾ ഈ ഉത്തരവ് നടപ്പിലാക്കിയപ്പോൾ പുതിയ നിബന്ധനകൾ കൂടി കൊണ്ടുവന്നു. ലിങ്ക് വഴി ഉപയോക്താവ് പേയ്‌മെന്റ് നടത്തിയാൽ 27 ശതമാനം കമ്മീഷൻ ഈടാക്കുമെന്നായിരുന്നു ആപ്പിളിന്റെ പുതിയ തീരുമാനം.
ഈ നിബന്ധന കോടതി ഉത്തരവിന്റെ അന്തസത്തയെ ലംഘിക്കുന്നതാണെന്ന് എപിക് ഗെയിംസ് ആരോപിക്കുകയും, 2025-ൽ ഒരു ഫെഡറൽ ജഡ്ജി ആപ്പിളിനെ കോടതിയലക്ഷ്യത്തിന് കുറ്റക്കാരനായി കണ്ടെത്തുകയും ചെയ്തു. ഈ വിധിക്കെതിരെയാണ് ഇപ്പോൾ ആപ്പിൾ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. എപിക് ഗെയിംസ് നൽകിയ കേസിലെ വിധി ദശലക്ഷക്കണക്കിന് മറ്റ് ഡെവലപ്പർമാർക്ക് ബാധകമാക്കരുതെന്നും, കോടതി ഉത്തരവിൽ വ്യക്തമായി പറയാത്ത കാര്യങ്ങൾക്ക് തങ്ങളെ ശിക്ഷിക്കാൻ കഴിയില്ലെന്നുമാണ് ആപ്പിളിന്റെ വാദം. കൂടാതെ, തങ്ങൾ എല്ലാ നിർദ്ദേശങ്ങളും പാലിച്ചിട്ടുണ്ടെന്നും കമ്പനി അവകാശപ്പെടുന്നു.മറുഭാഗത്ത്, ആപ്പിൾ വിപണിയിലെ മത്സരത്തെ തടയാൻ തന്ത്രങ്ങൾ മെനയുകയാണെന്നും, ഡിജിറ്റൽ പേയ്‌മെന്റ് വിപണിയിൽ കൂടുതൽ മത്സരം അനിവാര്യമാണെന്നും എപിക് ഗെയിംസ് വാദിക്കുന്നു. നേരത്തെ, സർക്യൂട്ട് അപ്പീൽ കോടതി ആപ്പിളിന് തിരിച്ചടി നൽകുകയും, സുപ്രീം കോടതി ആപ്പിളിന്റെ സ്റ്റേ അപേക്ഷ തള്ളുകയും ചെയ്തിരുന്നു. അമേരിക്കൻ ഡിജിറ്റൽ വിപണിയുടെ ഭാവി നിയന്ത്രണങ്ങളെ വലിയ തോതിൽ സ്വാധീനിക്കാൻ പോന്ന ഒന്നാണ് ഈ നിയമപോരാട്ടം.