ചരിത്രം സൃഷ്ട്ടിച്ചവർ ഭൂമിയിലേയ്ക്ക് : പസഫിക്കില്‍ സ്‌പ്ലാഷ് ഡൗണ്‍ നടത്തി ആര്‍ട്ടെമിസ് 2, യാത്രികരെ എയര്‍ലിഫ്‌റ്റ് ചെയ്‌തു
വാഷിങ്‌ടണ്‍: നാസയുടെ ആർട്ടെമിസ് 2 ദൗത്യ സംഘം ഭൂമിയിലേക്ക് തിരിച്ചെത്തി. നീണ്ട പത്ത് ദിവസത്തെ ചാന്ദ്രദൗത്യത്തിന് ശേഷം ഒറിയോൺ പേടകം ഇന്ന് പുലർച്ചെ 5.37ന് ഭൂമിയിൽ തിരിച്ചെത്തി. പസഫിക് സമുദ്രത്തിലെ സാൻഡിയേഗോ തീരത്താണ് സ്പ്ലാഷ്‌ഡൗൺ നടത്തിയത്.
നാല് ക്രൂ അംഗങ്ങളെയും ഓറിയോൺ പേടകത്തിൽ നിന്ന് പുറത്തിറക്കി. ശേഷം കപ്പലിൽ എത്തിക്കുകയും ചെയ്‌തു. വൈദ്യ പരിശോധനയ്‌ക്ക് വിധേയമാക്കാൻ സംഘം പുറപ്പെട്ടതായി നാസ അറിയിച്ചു. ആർട്ടെമിസ് 2 ദൗത്യം വിജയകരമായി പൂർത്തിയാക്കി നാല് ബഹിരാകാശ സഞ്ചാരികൾ സുരക്ഷിതമായി ലാൻഡ് ചെയ്‌തതായി നാസ എക്‌സിൽ കുറിച്ചു. നാസ ബഹിരാകാശ യാത്രികരായ റീഡ് വൈസ്‌മാൻ, വിക്‌ടർ ഗ്ലോവർ, ക്രിസ്‌റ്റീന കോച്ച്, കനേഡിയൻ ബഹിരാകാശ ഏജൻസി ബഹിരാകാശ യാത്രികൻ ജെറമി ഹാൻസൺ എന്നിവരാണ് ദൗത്യത്തില്‍ ഉണ്ടായിരുന്നത്. പേടകത്തില്‍ നിന്നും പുറത്തെത്തുന്ന ഇവരെ കൊണ്ടുപോകാനുള്ള കപ്പലും മറ്റും നേരത്തെ തന്നെ പസഫിക് സമുദ്രത്തില്‍ സജ്ജമാക്കിയിരുന്നു.അപ്പോളോ 13 ദൗത്യത്തിന്‍റെ 248,655 മൈൽ സഞ്ചാര ദൂരം എന്ന റെക്കോഡ് തകർത്ത് കൊണ്ടാണ് ആർട്ടെമിസ് 2 ചരിത്രമായത്. ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് കടക്കുമ്പോൾ പേടകം മണിക്കൂറിൽ 38,365 കിലോമീറ്റർ വേഗതയിൽ സഞ്ചരിച്ചു. തുടർന്ന് പാരച്യൂട്ടുകൾ വിടർത്തുന്നതോടെ പേടകം പതുക്കെ സമുദ്രത്തിന്‍റെ ഉപരിതലത്തിൽ പതിച്ചു. ഇത്തരത്തില്‍ പേടകം ഭൂമിയിലെത്തിക്കുന്നതിനെയാണ് സ്‌പ്ലാഷ് ഡൗൺ എന്ന് വിളിക്കുന്നത്.ബഹിരാകാശയാത്രികരുടെ ചരിത്രപരമായ ഈ നേട്ടത്തെ സെനറ്റർ ടെഡ് ക്രൂസ് പ്രശംസിച്ചു. പുതിയ തലമുറയിലെ ബഹിരാകാശ പര്യവേക്ഷകർക്ക് സംഘം പ്രചോദനം ആകുമെന്നും അദ്ദേഹം പ്രതികരിച്ചു. 54 വർഷത്തിന് ശേഷമാണ് മനുഷ്യർ ചന്ദ്രൻ്റെ മറുപുറം കണ്ട് തിരിച്ചെത്തുന്നത്. ഒട്ടേറെ പരീക്ഷണങ്ങള്‍ ആര്‍ട്ടെമിസ് 2 ദൗത്യത്തിൻ്റെ ഭാഗമായി. ചാന്ദ്ര നിരീക്ഷണം, ഒറയോണ്‍ പേടകത്തിൻ്റെ ശേഷി പരിശോധിക്കല്‍, ബഹിരാകാശ യാത്രക്കിടെയുള്ള മനുഷ്യരുടെ ആരോഗ്യ സ്ഥിതി എന്നിവയാണ് പ്രധാനമായും പരീക്ഷണ വിഷയങ്ങളായത്. ചന്ദ്രൻ്റെ മറുവശത്തുകൂടി സഞ്ചരിക്കുമ്പോള്‍ ഗര്‍ത്തങ്ങളും ലാവാ പ്രവാഹങ്ങളും നിരീക്ഷിക്കുകയും ചിത്രങ്ങള്‍ പകര്‍ത്തുകയും ചെയ്യുന്നതും ദൗത്യത്തിൽ ഉൾപ്പെട്ടിരുന്നു. ഏപ്രില്‍ ആറിന് ഒറയോണ്‍ പേടകം ചന്ദ്രൻ്റെ തൊട്ടുമുകളിലൂടെ നടത്തിയ യാത്രയില്‍ സഞ്ചാരികള്‍ ഈ പഠനം നടത്തി.

