കൊറിയർ വഴി എംഡിഎംഎ കടത്താൻ ശ്രമം; പാഴ്‌സലിനൊപ്പം പൊലീസും വീട്ടിലെത്തി

കൊറിയർ വഴി എംഡിഎംഎ കടത്താൻ ശ്രമം; പാഴ്‌സലിനൊപ്പം പൊലീസും വീട്ടിലെത്തി

കൊല്ലം: ഓലയിൽക്കടവിലെ വീട്ടിൽ നിന്ന് തീവ്രത കൂടിയ പുതിയ ഇനം ലഹരി മരുന്ന് പിടികൂടി. പാക്കറ്റുകളിലായി സൂക്ഷിച്ചിരുന്ന 177 പെല്ലറ്റുകളാണ് പിടിച്ചെടുത്തത്. 10 ലക്ഷത്തോളം രൂപ വില വരുന്ന 101 ഗ്രാമുള്ള എംഡിഎംഎ രണ്ട് പാക്കറ്റുകളിലായാണ് പിടികൂടിയത്.അമ്മന്നട സ്വദേശി വിഷ്‌ണു എംഡിഎംഎയുമായി ഇൻഡോറിൽ നിന്നും വരുന്നതായി രഹസ്യ വിവരം ഡാൻസാഫ് ടീമിന് ലഭിച്ചിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ ഇന്ന് രാവിലെ 8.30ന് കടപ്പാക്കടയിൽ വച്ച് ടൂറിസ്റ്റ് ബസിൽ വന്ന വിഷ്‌ണുവിനെ പരിശോധിച്ചപ്പോൾ ഒന്നും കണ്ടെത്താനായില്ല. കൂടുതൽ ചോദ്യം ചെയ്‌തപ്പോൾ പാഴ്‌സലായി വീട്ടിലേക്ക് എംഡിഎംഎ അയച്ചതായി പ്രതി സമ്മതിച്ചു.തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് ഓലയിൽക്കടവിൽ താമസിക്കുന്ന പ്രണവിൻ്റെ വീട്ടിലേക്ക് എംഡിഎംഎ പാഴ്‌സലായി അയച്ചതായി കണ്ടെത്തിയത്. ഒറ്റനോട്ടത്തിൽ കണ്ടെത്താൻ കഴിയാത്ത തരത്തിൽ കുട്ടികൾക്കുള്ള കളിപ്പാട്ടങ്ങൾ അടങ്ങിയ പാക്കറ്റിനുള്ളിൽ ഒളിപ്പിച്ചുവെച്ച നിലയിലാണ് എംഡിഎംഎ കണ്ടെടുത്തത്.വീട്ടിൽ പരിശോധന നടത്തുന്ന സമയം വീട്ടിൽ പ്രണവിൻ്റെ മുത്തശ്ശി മാത്രമാണ് ഉണ്ടായിരുന്നത്. എൻജിനീയറിങ് വിദ്യാർഥിയായ പ്രണവ് കഴിഞ്ഞദിവസം രാത്രി മാതാപിതാക്കൾക്കൊപ്പം ബഹറിനിലേക്ക് പോയിരുന്നു. സുഹൃത്ത് വരുമ്പോൾ നൽകുവാനായി പാക്കറ്റ് മുത്തശ്ശിയെ ഏൽപ്പിച്ച ശേഷമാണ് പ്രണവ് പോയത്.ഡാൻസാഫ് ടീം എസ്ഐമാരായ മിഥുൻ കണ്ണൻ, വിനോദ്, ബൈജു സി.ജറോം, ഹരിലാൽ, എഎസ്ഐമാരായ സുനിൽ, മനു, സീനു സജു സിപിഒമാരായ അനു, ദിലീപ്, അനൂപ് വനിതാ സിപിഒ എന്നിവരാണ് സംഘമാണ് ലഹരി മരുന്ന് പിടികൂടിയത്. എംഡിഎംഎയുടെ ഉപയോഗം വ്യാപകമായതോടെ കൊറിയർ വഴിയുള്ള ലഹരിമരുന്ന് കടത്ത് ശൃംഖലയെ കുറിച്ചും അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.