ശബ്ദരേഖാ വിവാദം : മാത്യു ടി തോമസിന് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അർഹതയില്ലെന്ന് അനൂപ് ആൻ്റണി
പത്തനംതിട്ട: 2018 ലെ പ്രളയം മനുഷ്യനോടമിതമായിരുന്നു എന്ന ആരോപണം കത്തി നിൽക്കെ, തിരുവല്ലയിലെ എൽഡിഎഫ് സ്ഥാനാർഥി മാത്യു ടി തോമസിനെതിരെ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി അനൂപ് ആൻ്റണി രംഗത്ത്. സംസ്ഥാനത്ത് ആവർത്തിച്ച് ഉണ്ടാകുന്ന പ്രളയ ദുരന്തങ്ങളുടെ പശ്ചാത്തലത്തിൽ ജലവിഭവ മേഖലയിലെ ഗുരുതര വീഴ്‌ചകളെ ചൂണ്ടിക്കാട്ടിയാണ് അനൂപ് ആൻ്റണി രംഗത്തെത്തിയിരിക്കുന്നത്.
അന്വേഷണം വേണമെന്നാവശ്യം
കരിമണൽ ലോബിക്ക് നഷ്‌ടം ഉണ്ടാകാതിരിക്കാനുള്ള നടപടികൾക്ക് മുൻഗണന നൽകിയതിലൂടെ പ്രകൃതിദുരന്തങ്ങൾ രൂക്ഷമാകാൻ ഇടയായ നിർണായക തീരുമാനങ്ങൾ എടുത്തതിൽ, മുൻ ജലവിഭവ മന്ത്രിയായ മാത്യു ടി തോമസിൻ്റെ പങ്ക് സമഗ്രമായി അന്വേഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പ്രളയത്തിന് വഴിവെച്ച പ്രധാന ഭരണനടപടികളിലും നയപരമായ തീരുമാനങ്ങളിലുമുണ്ടായ പിഴവുകൾക്ക് ഉത്തരവാദിത്വം ആരുടേതാണെന്ന് അറിയാനുള്ള അവകാശം ജനങ്ങൾക്ക് ഉണ്ടെന്ന് അനൂപ് ആൻ്റണി വ്യക്തമാക്കി.ഇതുമായി ബന്ധപ്പെട്ടുള്ള പുതിയ വെളിപ്പെടുത്തലുകൾ ഗൗരവത്തോടെ പരിശോധിക്കപ്പെടേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംസ്ഥാനത്ത് തുടർച്ചയായി ആവർത്തിക്കുന്ന പ്രളയങ്ങൾ ജനങ്ങളുടെ ജീവനും സ്വത്തിനും വലിയ ഭീഷണിയായി മാറിയിരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, ഇത്തരം ദുരന്തങ്ങൾക്ക് പിന്നിലെ യഥാർഥ കാരണങ്ങൾ പുറത്തുകൊണ്ടുവരികയും ഉത്തരവാദികളിൽ നിന്ന് മറുപടി ആവശ്യപ്പെടുകയും ചെയ്യേണ്ടത് സർക്കാരിൻ്റെ ബാധ്യതയാണെന്നും പറഞ്ഞു.
കരിമണൽ ലോബിയെ സഹായിച്ച് അനധികൃത സാമ്പത്തികലാഭം നേടിയെന്നാരോപിക്കപ്പെടുന്ന മാത്യു ടി തോമസിൻ്റെ ഇടപെടൽ ഗുരുതരവും അപലപനീയവുമാണെന്ന് അനൂപ് ആൻ്റണി ആരോപിച്ചു. ഇത്തരം പ്രവർത്തനങ്ങൾ പൊതുജന വിശ്വാസത്തെതന്നെ തകർക്കുന്നതാണെന്നും അദ്ദേഹം ഉന്നയിച്ചു. തിരുവല്ലയിലെ പടിഞ്ഞാറൻ മേഖലയിൽ പ്രളയഭീഷണി രൂക്ഷമാക്കുന്ന രീതിയിൽ എടുത്ത തീരുമാനങ്ങൾ ജനങ്ങളെ ദുരിതത്തിലാഴ്ത്തിയതായി അദ്ദേഹം കുറ്റപ്പെടുത്തി. പൊതുജനങ്ങളുടെ ജീവന് ഭീഷണിയുണ്ടാക്കിയ വ്യക്തിക്ക് വീണ്ടും ജനവിധി തേടാനുള്ള അർഹതയില്ലെന്നും, ഒൻപതാം തീയതി നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഇതിന് ശക്തമായ മറുപടി നൽകണമെന്നും അനൂപ് ആൻ്റണി പറഞ്ഞു.
ആരോപണങ്ങൾ അടിസ്ഥാനരഹിതമെന്ന് മാത്യു ടി തോമസ്
അതേസമയം തെരഞ്ഞെടുപ്പിന് മുൻപ് കള്ളങ്ങൾ കെട്ടിച്ചമയ്‌ക്കുകയാണെന്നാണ് മാത്യു ടി തോമസിൻ്റെ വാദം. പ്രളയകാലത്ത് പിഴവ് കാണിച്ചു എന്ന മാത്യു ടി കുഴൽനാടൻ്റെ ആരോപണങ്ങളും അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹം പറഞ്ഞു. തിരുവല്ലയിൽ ഭരണ വിരുദ്ധ വികാരമില്ലെന്നും, ജനങ്ങൾ തനിക്ക് അനുകൂലമാണെന്നും വ്യക്തമാക്കി. തനിക്കെതിരെ ഉന്നയിക്കുന്ന ആരോപണങ്ങൾ ജനങ്ങൾ തള്ളിക്കളയുമെന്ന വിശ്വസത്തിലാണ് മുൻപോട്ട് പോകുന്നത്. ശക്തമായ പോരാട്ടമാണ് തിരുവല്ലയിൽ അണിനിരക്കുന്നത്.