ബക്രീദ് : കേരളത്തിൽ രണ്ടു ദിവ സം പൊതുഅവധി പ്രഖ്യാപിച്ച് സര്‍ക്കാര്‍

തിരുവനന്തപുരം: ബക്രീദ് ആഘോഷവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ സർക്കാർ ജീവനക്കാർക്കും വിദ്യാർഥികൾക്കും രണ്ട് ദിവസത്തെ അവധി പ്രഖ്യാപിച്ച് കേരള സർക്കാർ. നേരത്തെ മെയ് 27 ന് ബക്രീദ് അവധി പ്രഖ്യാപിച്ചിരുന്നു. സംസ്ഥാനത്ത് ബക്രീദ് മെയ് 28 ന് ആഘോഷിക്കുന്ന സാഹചര്യത്തിൽ ആ ദിവസവും അവധിയായി സർക്കാർ പ്രഖ്യാപിക്കുകയായിരുന്നു. പൊതുഭരണ വകുപ്പ് പുറത്തിറക്കിയ ഔദ്യോഗിക വിജ്ഞാപനത്തിലാണ് ഈ തീരുമാനം അറിയിച്ചത്.സർക്കാർ ഉത്തരവനുസരിച്ച് സംസ്ഥാനത്തെ എല്ലാ സർക്കാർ ഓഫീസുകൾക്കും പൊതുമേഖലാ സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രൊഫഷണൽ കോളജുകൾക്കും അവധി ബാധകമായിരിക്കും. കൂടാതെ, നെഗോഷിയബിൾ ഇൻസ്ട്രുമെൻ്റ്സ് ആക്‌ട് 1881 ൻ്റെ പരിധിയിൽ വരുന്ന സ്ഥാപനങ്ങൾക്കും അവധി ഉണ്ടായിരിക്കും.
ത്യാഗത്തിൻ്റെ ഉത്സവമായ ബക്രീദിനോടനുബന്ധിച്ച് മെയ് 27 ഇതിനകം അവധി പ്രഖ്യാപിച്ചിട്ടുണ്ടെന്ന് പൊതുഭരണ വകുപ്പ് പുറപ്പെടുവിച്ച വിജ്ഞാപനത്തിൽ പറയുന്നു. മെയ് 28 ന് സംസ്ഥാനത്ത് 'ഈദ്-ഉൽ-അദ്'ഹ (ബക്രീദ്) ആഘോഷിക്കുന്നതിനാൽ, 2026 മെയ് 28 വ്യാഴാഴ്‌ചയും അവധിയായിരിക്കുമെന്ന് സർക്കാർ സന്തോഷപൂർവം ഉത്തരവിടുന്നു... വിജ്ഞാപനത്തിൽ വ്യക്തമാക്കി.സംസ്ഥാനത്തെ എല്ലാ സർക്കാർ ഓഫീസുകൾക്കും, പൊതുമേഖലാ സ്ഥാപനങ്ങൾക്കും, പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും, നെഗോഷ്യബിൾ ഇൻസ്ട്രുമെൻ്റ്സ് ആക്‌ട് 1881ൻ്റെ പരിധിയില്‍ വരുന്ന സ്ഥാപനങ്ങൾ എന്നിവയ്ക്കെല്ലാം വ്യാഴാഴ്‌ച അവധിയായിരിക്കും.
കഴിഞ്ഞ വര്‍ഷത്തെ വിവാദം
കഴിഞ്ഞ വർഷം ബക്രീദ് അവധി മാറ്റാനുള്ള സര്‍ക്കാരിൻ്റെ തീരുമാനത്തെച്ചൊല്ലി സംസ്ഥാനത്ത് രാഷ്ട്രീയ വിവാദങ്ങൾ ഉയർന്നിരുന്നു. ആദ്യം 2025 ജൂൺ 6നാണ് സർക്കാർ അവധി പ്രഖ്യാപിച്ചിരുന്നത്. എന്നാൽ സംസ്ഥാനത്ത് ബക്രീദ് ജൂൺ 7 നാണ് ആഘോഷിക്കുന്നതെന്ന റിപ്പോർട്ടുകളെ തുടര്‍ന്ന് സർക്കാർ പൊതു അവധി ജൂൺ 7 ലേക്ക് മാറ്റുകയും നേരത്തേ നിശ്ചയിച്ചിരുന്ന ജൂണ്‍ 6 സാധാരണ പ്രവൃത്തി ദിനമാക്കുകയും ചെയ്തു. അവധി മാറ്റിയ സര്‍ക്കാരിൻ്റെ ഈ തനടപടിയെ ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് ഉൾപ്പെടെയുള്ള ചില മുസ്ലിം സംഘടനകൾ ശക്തമായി വിമർശിച്ചിരുന്നു. സർക്കാർ സാമുദായിക അജണ്ട നടപ്പിലാക്കുകയാണെന്ന ആരോപണങ്ങൾ ഉയർന്നുവന്നു. തുടർന്ന് പ്രതിഷേധം ശക്തമായതോടെ ജൂൺ 6 നും സർക്കാർ അവധി പ്രഖ്യാപിക്കുകയായിരുന്നു. ഇതിൻ്റെ പശ്ചാത്തലത്തിലാണ് ഇത്തവണ സർക്കാർ രണ്ട് ദിവസവും അവധി നൽകാൻ തീരുമാനിച്ചതെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.