ബിജെപി സംസ്ഥാന കോർ കമ്മിറ്റിയോഗം നടന്നു : പിസിജോർജ്ജ് ,ശോഭാ സുരേന്ദ്രൻ, കെ സുരേന്ദ്രൻ എന്നിവർക്ക് വിമർശനം

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിനു ശേഷം കൂടിയ ബിജെപി സംസ്ഥാന കോർ കമ്മിറ്റി യോഗത്തിൽ നിയമസഭ കക്ഷി നേതാവായി വി മുരളീധരനെ തെരഞ്ഞെടുത്തു. ദേശീയ നേതൃത്വം കൂടി തീരുമാനിച്ചശേഷം ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും. പാലക്കാട് മത്സരിച്ച ശോഭാ സുരേന്ദ്രൻ, മഞ്ചേശ്വരത്ത് മത്സരിച്ച കെ സുരേന്ദ്രൻ എന്നിവർക്കെതിരെ യോഗത്തിൽ വിമർശനമുയർന്നു. തെരഞ്ഞെടുപ്പിന് മുൻപ് തന്നെ മണ്ഡലം ശ്രദ്ധിക്കണമായിരുന്നെന്ന അഭിപ്രായമാണ് ചില നേതാക്കൾ ഉയർത്തിയത്.പാലക്കാടും തൃശൂരുമുണ്ടായ വോട്ട് ചോർച്ച അന്വേഷിക്കണമെന്നും യോഗത്തിൽ ആവശ്യമുയർന്നു. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖരൻ തന്നെയായിരിക്കും പാർലമെൻ്ററി പാർട്ടി നേതാവാകാൻ സാധ്യതയെന്നാണ് യോഗത്തിനു മുൻപ് കരുതിയിരുന്നത്. എന്നാൽ, സംസ്ഥാന അധ്യക്ഷൻ ആയതിനാൽ രാജീവ് ചന്ദ്രശേഖറിനെ യോഗം പരിഗണിച്ചില്ല. രണ്ടു പദവി ഒരാൾക്ക് കഴിയില്ലെന്ന വാദമാണ് യോഗത്തിലുണ്ടായത്.ഇതേത്തുടർന്ന് മുതിർന്ന നേതാവായ വി മുരളീധരനെ പാർലമെൻ്ററി പാർട്ടി നേതാവായി തെരഞ്ഞെടുക്കാൻ കോർ കമ്മിറ്റി യോഗത്തിൽ ധാരണയാകുകയായിരുന്നു. നേതാക്കൾ തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ മാത്രം മണ്ഡലം ശ്രദ്ധിച്ചാൽ പോരെന്ന് രാജീവ് ചന്ദ്രശേഖർ യോഗത്തിൽ വിലയിരുത്തി. മണ്ഡലം ശ്രദ്ധിച്ചവർ ജയിച്ചെന്നും കഴക്കൂട്ടവും ചാത്തന്നൂരും അതിന് ഉദാഹരണമെന്നുമാണ് വിലയിരുത്തിയത്. മണ്ഡലങ്ങൾ മാറിമാറി മത്സരിക്കുന്നത് തിരിച്ചടിയായെന്നും ചില നേതാക്കൾ യോഗത്തിൽ ചൂണ്ടിക്കാട്ടി.

ക്രൈസ്‌തവ സഭക്കെതിരായ പരാമർശത്തിൽ പിസി ജോർജിനും ഷോണിനുമെതിരെയും വിമർശനമുയർന്നു. പരാമർശം അനവസരത്തിൽ ആയിരുന്നെന്ന് ചില നേതാക്കൾ വിലയിരുത്തി. എ ക്ലാസ് സീറ്റെന്ന് പാർട്ടി വിലയിരുത്തിയ നേമം, കഴക്കൂട്ടം, ചാത്തന്നൂർ എന്നിവിടത്ത് വിജയിച്ചെങ്കിലും ആറിടത്തു മാത്രമാണ് ബിജെപിക്ക് രണ്ടാം സ്ഥാനത്ത് എത്താനായത്. മറ്റുള്ള മണ്ഡലങ്ങളിൽ സംസ്ഥാന നേതൃത്വം നൽകിയ നിർദേശങ്ങൾ പൂർണമായി പാലിക്കപ്പെടാത്താണ് ഇതിന് കാരണമെന്ന അഭിപ്രായമെന്നും യോഗത്തിലുണ്ടായി.സംഘടനയിലേക്ക് യുവതലമുറയിലെ അണികളെ കൂടുതലായി കൊണ്ടുവരാനുള്ള പ്രവർത്തനങ്ങൾ ആവിഷ്‌കരിക്കരിക്കണമെന്നും അതിന് മുതിർന്ന നേതാക്കൾ മുൻെൈകയെടുക്കണമെന്നും യോഗത്തിൽ അഭിപ്രായമുയർന്നു. തെരഞ്ഞെടുപ്പു തന്ത്രങ്ങൾ ആവിഷ്‌കരിച്ചതിലും സ്ഥാനാർത്ഥി നിർണയത്തിലും പാളിച്ചകൾ ഉണ്ടായെന്നും യോഗം വിലയിരുത്തി. 20ട്വൻ്റി ബന്ധം കൊണ്ട് കാര്യമായ നേട്ടമുണ്ടായില്ലെന്ന ചില നേതാക്കളുടെ അഭിപ്രായവും യോഗത്തിൽ ഉയർന്നു.