ബോഡിബിൽഡിംഗ് താരം ഷിനു ചൊവ്വയുടെ എസ്ഐ പരിശീലനം നിർത്തിവയ്ക്കാൻ ഉത്തരവ്; നിയമനം റദ്ദാക്കുന്നു

തിരുവനന്തപുരം: ബോഡിബിൽഡിംഗ് താരം ഷിനു ചൊവ്വയ്ക്ക് എസ്ഐയായി നിയമനം നൽകിയ മുൻ സർക്കാർ നടപടി റദ്ദാക്കാൻ ഇടപെടലുമായി ആഭ്യന്തര വകുപ്പ്.കേരള പൊലീസിൽ ഇൻസ്പെക്ടർ നിയമനത്തിനുള്ള കായിക പരീക്ഷയിൽ ഷിനു പരാജയപ്പെട്ടിരുന്നു. ഷിനുവിന്റെ പരിശീലനം നിർത്തിവയ്ക്കാൻ ആഭ്യന്തര മന്ത്രി നിർദേശം നൽകി. പരാതികളിൽ അടിയന്തര റിപ്പോർട്ട് സമർപ്പിക്കാനും മന്ത്രി ഡിജിപിയോട് നിർദേശിച്ചിട്ടുണ്ട്'ബോഡിബിൽഡിംഗ് മത്സര വിജയികളായ ഷിനുവിനും ചിത്തരേഷ് നടേശനും പിണറായി സർക്കാരിന്റെ കാലത്താണ് നിയമനം നൽകിയത്.കായികക്ഷമതാ പരീക്ഷയിൽ പരാജയപ്പെട്ടവർക്ക് നിയമനം നൽകിയത് പാർട്ടി ബന്ധം കണക്കിലെടുത്താണെന്ന ആരോപണം ഉയർന്നിരുന്നു.
പേരൂർക്കട എസ്എപി ഗ്രൗണ്ടിലാണ് കായികക്ഷമതാ പരീക്ഷ നടന്നത്.100 മീറ്റർ ഓട്ടം, ലോംഗ് ജംപ്, ഹൈജംപ്, 1500 മീറ്റർ ഓട്ടം എന്നീ ഇനങ്ങളിലാണ് ഷിനു പരാജയപ്പെട്ടത്.എന്നാൽ പ്രത്യേക സാഹചര്യത്തിൽ നിയമനം നൽകാമെന്നും ബോഡിബിൽഡർമാർക്ക് ഓട്ടമത്സരം നിർബന്ധമല്ലെന്നുമായിരുന്നു എഡിജിപി എസ് ശ്രീജിത്ത് പ്രതികരിച്ചത്.കായികക്ഷമതാ പരീക്ഷ സുതാര്യമായിരുന്നില്ലെന്നുകാട്ടി ഷിനു പരാതി നൽകുകയും ചെയ്തിരുന്നു.ഉദ്യോഗസ്ഥർ തന്നെ മനഃപൂർവ്വം പരാജയപ്പെടുത്തിയതാണെന്നും പരാതിയിൽ ആരോപിച്ചിരുന്നു.