നാളെ മൊറോക്കോയെ നേരിടാൻ ബ്രസീൽ : പക്ഷേ കളിക്കളത്തിൽ നെയ്മർ ഉണ്ടാവില്ല

മൊറോക്കോ സിറ്റി : ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ കരുത്തരായ മൊറോക്കോയെ നേരിടാൻ ബ്രസീൽ ഇറങ്ങുമ്പോൾ, അവരുടെ സൂപ്പർ താരം നെയ്മര്‍ ജൂനിയർ കളിക്കളത്തിൽ ഉണ്ടാകില്ല. കഴിഞ്ഞ മാസം കളിക്കിടെയേറ്റ പരിക്കാണ് താരത്തിന് വില്ലനായത്.കാനറിപ്പടയുടെ സൂപ്പർ താരം നെയ്മർ ജൂനിയർ നാളെ ഇന്ത്യൻ സമയം പുലര്‍ച്ചെ 3.30ന് മൊറോക്കോയ്ക്കെതിരെയുള്ള മത്സരത്തില്‍ കളിക്കില്ലെന്ന് മുഖ്യ പരിശീലകൻ കാർലോ ആഞ്ചലോട്ടി സ്ഥിരീകരിച്ചു. പരിക്ക് മാറി പൂർണ കായിക ക്ഷമത കൈവരിക്കാത്തതിനാൽ ആദ്യ മത്സരത്തിൽ കളിക്കില്ല. ഗ്രൂപ്പ് സിയിലെ ആദ്യ പോരാട്ടത്തിൽ കരുത്തരായ മൊറോക്കോയെ നേരിടാനൊരുങ്ങുന്ന ബ്രസീലിന് നെയ്മറുടെ അഭാവം വലിയൊരു ആഘാതമാണ്.
കഴിഞ്ഞ മെയ് മാസത്തിൽ ബ്രസീലിയൻ ലീഗിൽ സാൻ്റോസ് ക്ലബ്ബിനായി കളിക്കുന്നതിനിടെയാണ് നെയ്മറിൻ്റെ വലതുകാലിലെ പേശിക്ക് പരിക്കേറ്റത്. ലോകകപ്പിന് മുന്നോടിയായി നടന്ന പാനമ, ഈജിപ്ത് ടീമുകൾക്കെതിരെയുള്ള സൗഹൃദ മത്സരങ്ങളും താരത്തിന് നഷ്ടമായിരുന്നു. ആദ്യ മത്സരത്തിന് മുൻപ് താരം സുഖം പ്രാപിക്കുമെന്ന് കരുതിയെങ്കിലും, പൂർണ ഫിറ്റ്നസ് വീണ്ടെടുക്കാൻ കഴിയാത്തതിനാൽ കോച്ച് അദ്ദേഹത്തിന് വിശ്രമം അനുവദിക്കുകയായിരുന്നു.അതേസമയം, നെയ്മറുടെ പരിക്ക് അത്ര ഗുരുതരമല്ലെന്നാണ് പരിശീലകൻ വ്യക്തമാക്കുന്നത്. ലോകകപ്പിലെ തുടർന്നുള്ള മത്സരങ്ങളിൽ താരം ടീമിനൊപ്പം ചേരും. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരങ്ങളിലെങ്കിലും നെയ്മര്‍ ബൂട്ട് കെട്ടി ഇറങ്ങുമെന്ന പ്രതീക്ഷയിലാണ് മാനേജ്മെൻ്റും ആരാധകരും.
പരിക്കിൻ്റെ ആശങ്കകൾ നിലനിൽക്കുമ്പോഴും നെയ്മറെ ബ്രസീൽ ലോകകപ്പ് ടീമിൽ നിലനിർത്തിയത് വലിയ ചർച്ചയായിരുന്നു. ഇതിനുള്ള കൃത്യമായ മറുപടി പരിശീലകൻ കാർലോ ആഞ്ചലോട്ടി തന്നെ നൽകി. കളിക്കളത്തിന് പുറത്തും അകത്തും നെയ്മര്‍ എന്ന താരത്തിനുള്ള സ്വാധീനമാണ് ഇതിന് കാരണം.
"ഞങ്ങൾ അദ്ദേഹത്തെ ടീമിലേക്ക് വിളിച്ചത് മനോഹരമായ കളിശൈലി കൊണ്ട് മാത്രമല്ല, മറിച്ച് ടീമിലെ യുവതാരങ്ങൾക്ക് നൽകാൻ കഴിയുന്ന വലിയ അനുഭവസമ്പത്തും മാതൃകയും മുൻനിർത്തിയാണ്." -ആഞ്ചലോട്ടി വ്യക്തമാക്കി.ടീമിലെ ഭൂരിഭാഗം യുവതാരങ്ങളും തങ്ങളുടെ കരിയറിലെ ആദ്യ ലോകകപ്പിനാണ് ഒരുങ്ങുന്നത്. ബ്രസീലിൻ്റെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരനായ നെയ്മറുടെ സാന്നിധ്യം കളിയിലുടനീളം ടീമിന് വലിയൊരു മാനസിക ഊർജ്ജം നൽകും.
2002-ന് ശേഷം ഒരു ലോകകപ്പ് കിരീടം സ്വന്തമാക്കാൻ കഴിയാത്ത ബ്രസീൽ വലിയ സമ്മർദ്ദത്തോടെയാണ് ഇത്തവണ ടൂർണമെൻ്റിലേക്ക് വരുന്നത്. അതിനിടയിലാണ് നെയ്മറുടെ അഭാവം.