വിവാഹ ചടങ്ങിനു മുൻപ് പോളിംഗ് ബൂത്തിലെത്തി വധു; സംസ്ഥാനത്ത് ആവേശകരമായ പോളിംഗ് തുടരുന്നു

വയനാട്: വിവാഹ ചടങ്ങിന് മുൻപായി വോട്ട് രേഖപ്പെടുത്തി ജനാധിപത്യ കടമ നിർവ്വഹിച്ച് വധു. മേപ്പാടി സ്വദേശി അഖില ആൻ്റണി മൈക്കിൾ ആണ് വിവാഹ വസ്ത്രത്തിൽ പോളിംഗ് ബൂത്തിലെത്തിയത്. മേപ്പാടി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ 191-ാം നമ്പർ ബൂത്തിൽ എത്തിയാണ് അഖില തന്റെ വോട്ട് രേഖപ്പെടുത്തിയത്.തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ ഫേസ്‌ബുക്ക് പേജിൽ അഭിനന്ദങ്ങളറിയിച്ചുകൊണ്ട് അഖിലയുടെ ഫോട്ടോ പോസ്റ്റ് ചെയ്തിട്ടുണ്ട്.
സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ ആദ്യ മണിക്കൂറുകളിൽ മികച്ച പോളിംഗാണ് രേഖപ്പെടുത്തുന്നത്. 11 മണിയോടെ പലയിടങ്ങളിലും പോളിംഗ് 30 ശതമാനം പിന്നിട്ടു. നഗര-ഗ്രാമ വ്യത്യാസമില്ലാതെ രാവിലെ മുതൽ തന്നെ ബൂത്തുകളിൽ വോട്ടർമാരുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. വൈകുന്നേരം നാല് മണിയാകുമ്പോഴേക്കുംപോളിങ് ശതമാനം 63 കടന്നിരിക്കയാണ് .ഇത്തവണ പോളിംഗ് 90% കടക്കുമെന്നാണ് പ്രവണതകൾ സൂചിപ്പിക്കുന്നത്.
സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലായി സജ്ജീകരിച്ചിട്ടുള്ള 30,495 ബൂത്തുകളിലായി 2.71 കോടി വോട്ടർമാരാണ് ഇന്ന് വിധി നിശ്ചയിക്കുന്നത്. 23 ദിവസം നീണ്ടുനിന്ന ആവേശകരമായ പ്രചാരണത്തിനൊടുവിൽ 883 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്.