പൊലീസുകാർക്കെതിരെ കൊലവിളി; 50 എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസ്

പാലക്കാട്: പൊലീസുകാർക്കെതിരെ കൊലവിളി നടത്തിയ സംഭവത്തിൽ എസ് എഫ് ഐ പ്രവർത്തകർക്കെതിരെ കേസ്. പാലക്കാട് നോര്‍ത്ത് പൊലീസാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്. എസ് എഫ് ഐ സംസ്ഥാന സെക്രട്ടറിയേറ്റംഗം എസ് വിപിൻ, പ്രവർത്തകരായ മുഹമ്മദ് ശാദുലി, അഭിഷേക്, അഫ്‌സൽ തുടങ്ങിയവർ ഉൾപ്പെടെ കണ്ടാൽ അറിയാവുന്ന 50 പേർക്കെതിരെയാണ് കേസെടുത്തത്.പൊലീസുകാർ അവരുടെ ഡ്യൂട്ടി ചെയ്‌താൽ ഞങ്ങൾക്ക് യാതൊരു പ്രശ്‌നവുമില്ലെന്നും കുറ്റം ചെയ്‌തവരെ കണ്ടെത്തി ശിക്ഷിക്കണമെന്നും എസ് എഫ് ഐ സംസ്ഥാന സെക്രട്ടറിയേറ്റംഗം എസ് വിപിൻ മാധ്യമങ്ങളോട് പ്രതികരിച്ചു. "ഈ സമരം കൈവിട്ടു പോയി. അത്തരം സാഹചര്യങ്ങളിൽ അവർക്ക് ലാത്തി ചാർജ് പ്രയോഗിക്കേണ്ടതായി വരും. അത് അവരുടെ ഡ്യൂട്ടിയാണ്. അത് അവർ ചെയ്‌തോട്ടെ. ഞങ്ങൾക്ക് അതിൽ പ്രശ്‌നമില്ല. എന്നാൽ യുഡിഎഫും ലീഗുകാരും പാർട്ടി ഓഫിസിന് നേരെ കല്ലെറിയുന്നു.അത് ചെയ്‌ത യുഡിഎഫുകാരെ പിടിക്കാതെ എസ്‌എഫ്ഐ കാരുടെ നേരെ നടപടിയെക്കുന്നത് പ്രതിഷേധാർഹമാണ്. ഇത്തരം പ്രവൃത്തികൾ ഞങ്ങൾ കണ്ടുനിൽക്കുകയില്ല. തീർച്ചയായും പ്രതികരിക്കും," എന്ന് എസ് വിപിൻ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് പാലക്കാട് നഗരത്തില്‍ എസ്എഫ്‌ഐ നേതാക്കള്‍ പൊലീസുകാരുടെ പേരെടുത്ത് കൊലവിളി നടത്തിയത്.പാലക്കാട് നിയുക്ത എം എൽ എ രമേഷ് പിഷാരടിയുടെ വിജയാഹ്ലാദത്തിനിടെ ഉണ്ടായ എൽ ഡി എഫ് - യു ഡി എഫ് സംഘർഷത്തിൽ സി പി ഐ എം പാർട്ടി ഓഫീസിൽ കയറി എസ് എഫ് ഐ പ്രവർത്തകർക്ക് നേരെ പൊലീസ് ലാത്തി വീശിയിരുന്നു. ഇതിനെതിരെയാണ് പൊലീസ് ഉദ്യോഗസ്ഥർക്ക് നേരെ കൊലവിളി പ്രസംഗം നടത്തിയത്. പൊലീസ് ലാത്തിയടിയിൽ എസ്എഫ്ഐ പാലക്കാട് ഏരിയാ സെക്രട്ടറി നിഖിലിന് പരിക്കേൽക്കുകയും ചെയ്‌തിരുന്നു.