ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: പ്രതികളുമായി പിണറായി വിജയന്റെ വീടിന് മുന്നിൽ തെളിവെടുപ്പ് നടത്തി

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ തിരുവനന്തപുരത്തെ വീടിന് മുന്നിൽ വെച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ കസ്റ്റഡിയിലായ പ്രതികളുമായി പ്രത്യേക അന്വേഷണ സംഘം (SIT) തെളിവെടുപ്പ് നടത്തി. മുൻ മുഖ്യമന്ത്രി കൂടിയായ പിണറായി വിജയന്റെ ബേക്കറി ജങ്ഷനിലെ വീടിന് മുന്നിലെത്തിച്ചാണ് പോലീസ് ഇന്ന് തെളിവെടുപ്പ് നടപടികൾ പൂർത്തിയാക്കിയത്.
കേസിലെ ആറാം പ്രതി കിരൺ, ഏഴാം പ്രതി അനിൽ കുമാർ, എട്ടാം പ്രതി ഷഫീഖ്, ഒൻപതാം പ്രതി ഹരീഷ് കുമാർ, പത്താം പ്രതി ദിനീത് എന്നിവരെയാണ് കസ്റ്റഡിയിൽ വാങ്ങി സംഭവസ്ഥലത്ത് എത്തിച്ചത്. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി നാളെ വൈകിട്ട് അഞ്ച് മണി വരെയാണ് ഈ പ്രതികളെ പോലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. കേസിൽ ആദ്യ അഞ്ച് പ്രതികളെ നേരത്തെ കസ്റ്റഡിയിൽ വാങ്ങി ഇതേ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു.പിണറായി വിജയന്റെ ബേക്കറി ജങ്ഷനിലെ വീട്ടിൽ പരിശോധനയ്ക്കായി കൊച്ചിയിൽ നിന്നെത്തിയ ഇഡി ഉദ്യോഗസ്ഥരെയും അവർ സഞ്ചരിച്ച വാഹനങ്ങളെയുമാണ് സിപഎം (CPM) പ്രവർത്തകർ കൂട്ടത്തോടെ എത്തി ആക്രമിച്ചത്. ഉദ്യോഗസ്ഥർ സഞ്ചരിച്ച മൂന്ന് വാഹനങ്ങൾ അണികൾ പൂർണ്ണമായി തകർത്തിരുന്നു. ‘കൊല്ലടാ’ എന്ന് ആക്രോശിച്ചുകൊണ്ട് കല്ലും മാരകായുധങ്ങളും ഉപയോഗിച്ച് തങ്ങളെ വധിക്കാൻ ശ്രമിച്ചെന്നാണ് ഇഡി ഉദ്യോഗസ്ഥർ അന്വേഷണ സംഘത്തിന് നൽകിയിരിക്കുന്ന ഔദ്യോഗിക മൊഴി.
സംഭവവുമായി ബന്ധപ്പെട്ട് കണ്ടാലറിയാവുന്ന മുന്നൂറോളം പേർക്കെതിരെ പോലീസ് എഫ്ഐആർ (FIR) രജിസ്റ്റർ ചെയ്തിട്ടുണ്ട്. നിലവിൽ 26 പേർ അറസ്റ്റിലായെങ്കിലും 46 പേരെ പോലീസ് കൃത്യമായി തിരിച്ചറിഞ്ഞിട്ടുണ്ട്. സിപിഎം ഏരിയ കമ്മിറ്റി വരെയുള്ള നേതാക്കൾക്കും പ്രവർത്തകർക്കും പുറമേ, മറ്റ് മുതിർന്ന നേതാക്കൾക്ക് ഈ ആക്രമണത്തിന് പിന്നിൽ ഗൂഢാലോചനയോ പ്രേരണയോ ഉണ്ടോ എന്നാണ് പ്രത്യേക അന്വേഷണ സംഘം ഇപ്പോൾ പ്രധാനമായി പരിശോധിക്കുന്നത്.ആക്രമണവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ സംസ്ഥാന ഇന്റലിജൻസിനും ആഭ്യന്തര വകുപ്പിനും ഗുരുതരമായ വീഴ്ച പറ്റിയിട്ടുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിലയിരുത്തിയിരുന്നു. കേന്ദ്രത്തിൽ നിന്നുള്ള കടുത്ത സമ്മർദ്ദമുള്ള ഈ സാഹചര്യത്തിൽഅതീവ ഗൗരവത്തോടെയാണ് സംസ്ഥാന പോലീസ് കേസ് അന്വേഷിക്കുന്നതും എത്രയും വേഗം കുറ്റപത്രം സമർപ്പിക്കാൻ ഒരുങ്ങുന്നതും.