യുവാവിനെ കൊലപ്പെടുത്തി ലിഫ്റ്റ് കുഴിയിൽ തള്ളിയ കേസ്; പ്രതി ബെംഗളൂരുവില്‍ പിടിയില്‍

യുവാവിനെ കൊലപ്പെടുത്തി ലിഫ്റ്റ് കുഴിയിൽ തള്ളിയ കേസ്;  പ്രതി ബെംഗളൂരുവില്‍  പിടിയില്‍

കാസർകോട്: യുവാവിനെ കൊലപ്പെടുത്തി ലിഫ്റ്റ് കുഴിയിൽ തള്ളിയ കേസിൽ പ്രതി പിടിയിൽ. കർണാടക സ്വദേശി മഞ്ജുനാഥയാണ് പിടിയിലായത്. കടം നൽകിയ പണം തിരികെ നൽകാത്തതിനെ തുടർന്നുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നു പൊലീസ് പറയുന്നു. കൃത്യം നടക്കുമ്പോൾ പ്രതി മദ്യ ലഹരിയിലായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി.മാർച്ച്‌ 11നാണ് കാസർകോട് ജോലി ചെയ്യുന്ന ചന്ദ്രശേഖര കൊല്ലപ്പെട്ടത്. നിർമാണത്തിലുള്ള കെട്ടിടത്തിലെ ലിഫ്റ്റിനായി എടുത്ത കുഴിയിൽ കെട്ടിട ഉടമ തന്നെയാണ് മൃതദേഹം കണ്ടത്. കർണാടക സ്വദേശിയാണ് മരിച്ചതെന്ന് അന്ന് തന്നെ സൂചന ഉണ്ടായിരുന്നു. എന്നാൽ പ്രതിയെ പിടികൂടാൻ പൊലീസിന് കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന്, ഇന്ന് ബെംഗളൂരുവിലെ ഹാസനിൽ നിന്നാണ് പിടികൂടിയത്.കൊലപാതകമാണെന്നാണ നിഗമനമെന്നും ശരീരം വലിച്ചിഴച്ച നിലയിൽ പാടുകൾ ഉണ്ടെന്നും അന്ന് ദൃസാക്ഷികൾ പറഞ്ഞിരുന്നു. കാസർകോട് നഗരത്തിനു തൊട്ടടുത്താണ് കെട്ടിടം. കെട്ടിടത്തിനു സമീപം സാമൂഹ്യ വിരുദ്ധർ ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നതായി കെട്ടിട ഉടമയുടെ മകൻ അറിഞ്ഞിരുന്നു. ഇത് പരിശോധിക്കാൻ ഇടക്ക് എത്തുമായിരുന്നു. സംഭവ ദിവസം രാത്രി എത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. ഉടൻ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.കാസർകോട് നഗരത്തിന് സമീപം നുള്ളിപ്പാടിയിൽ നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന കെട്ടിടത്തിൻ്റെ ലിഫ്റ്റിനായി എടുത്ത കുഴിയിൽ ഏകദേശം 50 വയസ്സ് പ്രായം തോന്നിക്കുന്ന അജ്ഞാതനെ മരിച്ച നിലയിൽ കണ്ടെത്തിയെന്നാണ് പൊലീസിന് വിവരം ലഭിച്ചിരുന്നത്. കുഴിയുടെ മുകളിൽ ചോരപ്പാടുകൾ കണ്ടെത്തിയതിനെ തുടർന്നാണ് സംഭവം കൊലപാതകമെന്ന് പൊലീസ് സംശയിക്കുന്നത്.

തുടര്‍ന്ന് കാസര്‍കോട് ഇന്‍സ്‌പെക്‌ടര്‍ നളിനാക്ഷൻ്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി പ്രാഥമികാന്വേഷണം നടത്തി. ഫയര്‍ഫോഴ്സ് എത്തിയാണ് കുഴിയില്‍ നിന്ന് മൃതദേഹം പുറത്തെത്തിച്ചത്. മൃതദേഹത്തില്‍ അടിയേറ്റതിൻ്റെയും വലിച്ചിഴച്ചതിന്റെയും പാടുകള്‍ ഉള്ളതായി പൊലീസ് പരിശോധനയില്‍ തന്നെ വ്യക്തമായിരുന്നു.