ഇന്ത്യൻ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് നാല്‌ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ലഡാക്കിലെത്തി

ഇന്ത്യൻ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് നാല്‌ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ലഡാക്കിലെത്തി

ലേ (ലഡാക്ക്): ഇന്ത്യൻ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ഔദ്യോഗിക സന്ദർശനത്തിനായി ലഡാക്കിലെത്തി. ഒരു സിറ്റിങ് ചീഫ് ജസ്റ്റിസ് ലഡാക്ക് കേന്ദ്രഭരണ പ്രദേശത്ത് നടത്തുന്ന ആദ്യത്തെ സന്ദർശനമാണിതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. പ്രതിരോധ ഉദ്യോഗസ്ഥർക്കും ഗോത്രവർഗക്കാർക്കും നീതി ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പ്രത്യേക സന്ദർശനം.2025 ജൂലൈയിൽ ശ്രീനഗറിൽ നടന്ന നോർത്ത് സോൺ കോൺഫറൻസിലെ ചർച്ചകളുടെ തുടർച്ചയായാണ് ഈ സന്ദർശനമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. യാത്രാപദ്ധതി പ്രകാരം ജസ്റ്റിസ് സൂര്യകാന്ത് ലേയിലെയും കാർഗിലിലെയും ജില്ലാ കോടതി കെട്ടിടങ്ങൾ ഉദ്ഘാടനം ചെയ്യുകയും സൈനികരുമായി സംവദിക്കുകയും ചെയ്യും.

ലെഫ്റ്റനന്‍റ് ഗവർണർ വിനയ് കുമാർ സക്സേന, ജമ്മു കശ്മീർ - ലഡാക്ക് ഹൈക്കോടതി ചീഫ് ജസ്റ്റിസ് അരുൺ പള്ളി, ഹൈക്കോടതിയിലെ മറ്റ് ജഡ്ജിമാർ എന്നിവർ ചേർന്നാണ് അദ്ദേഹത്തെ സ്വീകരിച്ചത്. ജസ്റ്റിസ് സൂര്യകാന്തിന് ആചാരപരമായ ഗാർഡ് ഓഫ് ഓണർ നൽകി ആദരിച്ചതായും തുടർന്ന് ലഡാക്കിന്‍റെ സമ്പന്നമായ സാംസ്കാരിക പൈതൃകം വിളിച്ചോതുന്ന പരമ്പരാഗത സ്വീകരണം നൽകിയതായും ഉദ്യോഗസ്ഥർ പറഞ്ഞു. തുടർന്ന് ലേയിലെ ലെഫ്റ്റനന്‍റ് ഗവർണർ, ജഡ്ജിമാർ, മുതിർന്ന ജില്ലാ ഉദ്യോഗസ്ഥർ എന്നിവരുമായി അദ്ദേഹം ആശയവിനിമയം നടത്തി.പ്രതിരോധ ഉദ്യോഗസ്ഥർക്കും ഗോത്രവർഗക്കാർക്കും നീതി ലഭ്യമാക്കുക എന്ന ഉദ്ദേശ്യത്തോടെ സ്ഥാപനപരമായ ഇടപെടൽ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും അവരുടെ നിയമപരമായ ആശങ്കകൾ പരിഹരിക്കുന്നതിനുമായി ചീഫ് ജസ്റ്റിസ് സൈനിക ഉദ്യോഗസ്ഥരുമായി സംവദിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

ലഡാക്കിലെ വിദൂരവും വെല്ലുവിളി നിറഞ്ഞതുമായ ഭൂപ്രദേശങ്ങളിൽ നീതിന്യായ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിനും നീതി ലഭ്യമാക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള സുപ്രധാന ചുവടുവയ്പ്പാണ് ഈ സന്ദർശനം. എല്ലാ മേഖലകളിലും സമഗ്രവും ഫലപ്രദവുമായ നീതി വിതരണം ഉറപ്പാക്കുന്നതിനുള്ള ജുഡീഷ്യറിയുടെ തുടർച്ചയായ പ്രതിബദ്ധതയെ ഇത് അടിവരയിടുന്നുവെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.സന്ദർശന വേളയിൽ ലേയിലും കാർഗിലിലും പുതുതായി നിർമ്മിച്ച ജില്ലാ കോടതി സമുച്ചയങ്ങളും അത്യാധുനിക സൗകര്യങ്ങളോടെയുള്ള ലഡാക്ക് ലീഗൽ സർവീസസ് അതോറിറ്റിയുടെ ഓഫീസും ചീഫ് ജസ്റ്റിസ് ഉദ്ഘാടനം ചെയ്യും. തദ്ദേശീയ ജനങ്ങളിൽ നിയമ അവബോധം വർദ്ധിപ്പിക്കുന്നത് ലക്ഷ്യമിട്ട് ഒരു മെഗാ ക്യാമ്പും ബോധവൽക്കരണ പരിപാടിയും സന്ദർശനത്തിന്‍റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.ലഡാക്ക് ചീഫ് സെക്രട്ടറി ആശിഷ് കുന്ദ്ര, ഡയറക്ടർ ജനറൽ ഓഫ് പൊലീസ് മുകേഷ് സിങ്, ജനറൽ ഓഫീസർ കമാൻഡിങ് 14 കോർപ്സ് ലെഫ്റ്റനന്‍റ് ജനറൽ ഹിതേഷ് ഭല്ല, സിവിൽ അഡ്മിനിസ്ട്രേഷൻ, ജുഡീഷ്യറി, ആർമി, പൊലീസ് എന്നിവയിലെ മുതിർന്ന ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ള പ്രമുഖർ സ്വീകരണ ചടങ്ങിൽ പങ്കെടുത്തു.