വാണിജ്യ പാചകവാതക വില കുറച്ചു; പുതുക്കിയ നിരക്കുകൾ അറിയാം

വാണിജ്യ പാചകവാതക വില കുറച്ചു; പുതുക്കിയ നിരക്കുകൾ അറിയാം

എറണാകുളം: രാജ്യത്തെ ഹോട്ടൽ, റെസ്റ്റോറൻ്റ് ഉടമകൾക്ക് വലിയ ആശ്വാസമായി വാണിജ്യ പാചകവാതക വിലയിൽ കുറവ്. കൊച്ചിയിൽ വാണിജ്യ സിലിണ്ടറിൻ്റെ വിലയിൽ 180 രൂപയുടെ കുറവാണ് വരുത്തിയിരിക്കുന്നത്, ഇതോടെ പുതിയ വില 2,951 രൂപയായി. രാജ്യത്തുടനീളം 19 കിലോ വാണിജ്യ സിലിണ്ടറിന് 183.50 രൂപ വരെയാണ് എണ്ണക്കമ്പനികൾ കുറച്ചത്.അതേസമയം, സാധാരണക്കാരുടെ കുടുംബ ബജറ്റിനെ ബാധിക്കുന്ന 14.2 കിലോ ഗാർഹിക സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല. തുടർച്ചയായ അഞ്ചുമാസത്തെ വിലവർധനവിന് ശേഷമാണ് 2026ലെ ആദ്യത്തെ വിലക്കുറവ് രേഖപ്പെടുത്തുന്നത്. പുതുക്കിയ നിരക്കുകൾ ജൂലൈ ഒന്ന് മുതൽ പ്രാബല്യത്തിൽ വന്നു.

രാജ്യതലസ്ഥാനമായ ന്യൂഡൽഹിയിലാണ് ഏറ്റവും വലിയ ഇളവ് ലഭിച്ചത്. ഇവിടെ 19 കിലോ വാണിജ്യ സിലിണ്ടറിന് 183.50 രൂപ കുറഞ്ഞ് പുതിയ വില 2,930 രൂപയായി. നേരത്തെ ഇത് 3,113.50 രൂപയായിരുന്നു. ഉത്തർപ്രദേശിൻ്റെ തലസ്ഥാനമായ ലഖ്‌നൗവിലും സമാനമായ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. 3,236 രൂപയുണ്ടായിരുന്ന വാണിജ്യ സിലിണ്ടറിന് ലഖ്‌നൗവിൽ ഇപ്പോൾ 3,052.50 രൂപയാണ് നൽകേണ്ടത്.പശ്ചിമബംഗാളിൻ്റെ തലസ്ഥാനമായ കൊൽക്കത്തയിൽ 174 രൂപയുടെ കുറവാണ് ഉണ്ടായിട്ടുള്ളത്. ഇതോടെ കൊൽക്കത്തയിൽ 3,255.50 രൂപയുണ്ടായിരുന്ന വാണിജ്യ സിലിണ്ടർ വില 3,081.50 രൂപയായി കുറഞ്ഞു. ബിഹാറിലെ പട്നയിൽ പുതിയ വില 3,227 രൂപയാണ്. വാണിജ്യ സിലിണ്ടറുകളുടെ വിലയിലുണ്ടായ ഈ വൻ ഇടിവ് രാജ്യത്തുടനീളമുള്ള ചെറുകിട വ്യാപാരികൾക്കും ധാബ ഉടമകൾക്കും വലിയ സാമ്പത്തിക ആശ്വാസമാണ് നൽകുന്നത്.

ഈ വർഷം ജനുവരി മുതൽ ജൂൺ വരെയുള്ള കാലയളവിൽ വാണിജ്യ പാചകവാതക വില റെക്കോഡ് കുതിപ്പിലായിരുന്നു. ഫെബ്രുവരി 28ന് അമേരിക്ക, ഇസ്രയേൽ, ഇറാൻ രാജ്യങ്ങൾ തമ്മിലുള്ള യുദ്ധം ആരംഭിച്ചതിന് പിന്നാലെയാണ് ആഗോള വിപണിയിൽ അസംസ്കൃത എണ്ണവില ഉയർന്നതും ഇന്ത്യയിൽ വാണിജ്യ സിലിണ്ടർ വില കുതിച്ചുയർന്നതും. കഴിഞ്ഞ മാസങ്ങളിൽ വലിയ സാമ്പത്തിക ബാധ്യതയാണ് വ്യാപാരികൾക്ക് നേരിടേണ്ടി വന്നത്.കഴിഞ്ഞ ജൂൺ ഒന്നിന് വാണിജ്യ സിലിണ്ടറിന് 42 രൂപ മുതൽ 53.50 രൂപ വരെ വർധിപ്പിച്ചിരുന്നു. മെയ് ഒന്നിന് 993 രൂപയുടെ വൻ വർധനവാണ് ഒറ്റയടിക്ക് ഉണ്ടായത്. ഏപ്രിൽ ഒന്നിന് ഏകദേശം 200 രൂപയും, മാർച്ച് ഒന്നിന് 114.50 രൂപയും വാണിജ്യ സിലിണ്ടറുകൾക്ക് വർധിപ്പിച്ചിരുന്നു. അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങൾക്ക് അനുസരിച്ചാണ് ഇന്ത്യൻ ഓയിൽ കോർപറേഷൻ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം തുടങ്ങിയ എണ്ണ വിപണന കമ്പനികൾ എല്ലാ മാസവും ഒന്നാം തീയതി പാചകവാതക വില പുതുക്കി നിശ്ചയിക്കുന്നത്.