"ഡാഷ് മോനേ രേവന്താ.... മറുപടി വരുന്നുണ്ട്" : തെലങ്കാന മുഖ്യമന്ത്രിയുടെ പരിഹാസത്തിന് അതേഭാഷയിൽ മറുപടി നൽകി കേരള മുഖ്യമന്ത്രി
കണ്ണൂർ: തെരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ കൊട്ടിക്കലാശ വേളയിൽ മുഖ്യമന്ത്രി പിണറായി വിജയനും തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയും തമ്മിലുള്ള വാക്പോര് രൂക്ഷമായി. വ്യക്തിപരമായി അധിക്ഷേപിച്ച തെലങ്കാന മുഖ്യമന്ത്രിക്ക് കണ്ണൂർ പ്രസ് ക്ലബിൽ നടന്ന മീറ്റ് ദി പ്രസ് പരിപാടിയിൽ മുഖ്യമന്ത്രി കടുത്ത ഭാഷയിൽ മറുപടി നൽകി. തെലങ്കാനയിലെ കോൺഗ്രസ് സർക്കാരിൻ്റെ ഗ്യാരണ്ടികളെയും വികസനത്തെയും കുറിച്ച് കേരളത്തിൽ വലിയ ചർച്ചകൾ നടക്കുന്നതിനിടെയാണ് രേവന്ത് റെഡ്ഡി മുഖ്യമന്ത്രിയെ പരസ്യ സംവാദത്തിന് വെല്ലുവിളിച്ചത്. തിരുവനന്തപുരത്ത് സംവാദത്തിന് തയാറാണെന്ന് അറിയിച്ചതിനൊപ്പം " നീ പോ മോനെ വിജയാ.." എന്ന സിനിമാ ശൈലിയിലുള്ള പ്രയോഗവും തെലങ്കാന മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായി. പ്രായത്തെയും വലിയ രാഷ്ട്രീയ അനുഭവസമ്പത്തിനെയും മാനിക്കാതെയുള്ള ഈ പരാമർശം പുതിയ വിവാദങ്ങൾക്ക് തിരികൊളുത്തി. മലയാളം അറിയാത്ത രേവന്ത് റെഡ്ഡിക്ക് കേരളത്തിലെ കോൺഗ്രസ് നേതൃത്വം എഴുതി നൽകിയതാണ് ഈ വാക്കുകളെന്നാണ് വിലയിരുത്തൽ.
" ഡാഷ് മോനെ രേവന്തേ..." :മറുപടി നൽകി മുഖ്യമന്ത്രി
മുഖ്യമന്ത്രി സ്ഥാനത്തിരിക്കുന്ന ഒരാൾ ഇങ്ങനെ പറയാൻ പാടുണ്ടോയെന്ന് ചോദിച്ച മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് ചുട്ടമറുപടി നൽകി. കൊട്ടിക്കലാശത്തിൻ്റെ തിരക്കിലായതിനാൽ ഇപ്പോൾ സമയമില്ലെന്നും " ഡാഷ് മോനെ രേവന്തേ..." നിനക്കുള്ള മറുപടി വരുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു മുഖ്യമന്ത്രി സാധാരണ കാണിക്കേണ്ട മര്യാദകൾ രേവന്ത് റെഡ്ഡി പാലിച്ചോയെന്ന് സ്വയം ചിന്തിക്കണമെന്നും അദ്ദേഹം ഓർമിപ്പിച്ചു. മുഖ്യമന്ത്രിമാർ തമ്മിലുള്ള ഈ തർക്കം നിലവാരം കുറഞ്ഞതാണെന്നും ജനാധിപത്യത്തിന് ഭൂഷണമല്ലെന്നുമുള്ള വിമർശനങ്ങൾ ഉയർന്നുകഴിഞ്ഞു. ഇത് സാമൂഹിക മാധ്യമങ്ങളിലും വലിയ സൈബർ പോരുകൾക്ക് വഴിവച്ചിട്ടുണ്ട്.
സ്വന്തം മണ്ഡലത്തിലെ കൊട്ടിക്കലാശത്തിനായി മടങ്ങിയ മുഖ്യമന്ത്രി തെലങ്കാന മുഖ്യമന്ത്രിക്ക് പിന്നീട് വിശദമായ മറുപടി നൽകുമെന്ന് അറിയിച്ചു. മീറ്റ് ദി പ്രസ് പരിപാടിയിൽ ഈ വിവാദത്തിന് പുറമെ വയനാട് പുനരധിവാസം, ഫണ്ട് തട്ടിപ്പ് തുടങ്ങിയ സുപ്രധാന വിഷയങ്ങളിലും അദ്ദേഹം വിശദമായി സംസാരിച്ചു.
https://www.worldm.news/keralam/revanth-reddy-calls-pinarayi--24339
കോൺഗ്രസ്-ബിജെപി ഡീൽ
സങ്കുചിത രാഷ്ട്രീയ ലാഭത്തിനായി വർഗീയതയെ പ്രോത്സാഹിപ്പിക്കില്ലെന്നും ബിജെപിയുമായി രഹസ്യ ധാരണകൾ ഉണ്ടാക്കുന്ന സംസ്കാരമാണ് കോൺഗ്രസ് പിന്തുടരുന്നതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ബിജെപിയുടെ നേതൃനിരയിലുള്ള 30 ശതമാനത്തിലധികം പേരും കോൺഗ്രസ് വിട്ടുപോയവരാണ്. കോൺഗ്രസ് നേതാക്കളുടെ മക്കളും അടുത്ത ബന്ധുക്കളും ബിജെപിയിൽ ചേരുമ്പോഴാണ് അവർ മറ്റുള്ളവർക്കെതിരെ ഡീൽ ആരോപണം ഉന്നയിക്കുന്നത്. ഇഎംഎസിനെ പട്ടാമ്പിയിൽ പരാജയപ്പെടുത്താൻ ജനസംഘം സ്ഥാനാർഥിയെ പിൻവലിച്ചതും പാലക്കാട് എകെജിയെ തോൽപ്പിക്കാൻ ആർഎസ്എസ് നേതാവിനെ കോൺഗ്രസ്-ബിജെപി പൊതുസ്ഥാനാർഥിയാക്കിയതും ഈ രഹസ്യബന്ധത്തിൻ്റെ തെളിവുകളാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വടകരയിലും ബേപ്പൂരിലും നടന്ന കോലീബി സഖ്യവും ഇതിൻ്റെ തുടർച്ചയായിരുന്നു.2016ൽ ഒ രാജഗോപാലിലൂടെ ബിജെപി കേരളത്തിൽ ആദ്യമായി അക്കൗണ്ട് തുറന്നപ്പോൾ നേമത്ത് കോൺഗ്രസ് വോട്ടുകൾ അപ്രത്യക്ഷമായി. തൊട്ടടുത്ത മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥി വിജയിച്ചപ്പോൾ അവിടെ ബിജെപി വോട്ടുകൾ കുറഞ്ഞതും ഈ ഡീലുകളുടെ വ്യക്തമായ ഉദാഹരണങ്ങളാണെന്ന് മുഖ്യമന്ത്രി ഓർമിപ്പിച്ചു. ഏറ്റവും ഒടുവിൽ തൃശൂരിൽ സുരേഷ് ഗോപി വിജയിച്ചപ്പോൾ കോൺഗ്രസിന് ലഭിക്കേണ്ടിയിരുന്ന 85,000 വോട്ടുകൾ എവിടെപ്പോയെന്ന് കോൺഗ്രസ് നേതൃത്വം വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നിരന്തരമായി ഇത്തരം രാഷ്ട്രീയ കച്ചവടങ്ങൾ നടത്തുന്നതിലൂടെ പാർട്ടി സ്വയം നശിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തുടർഭരണവും ജനപിന്തുണയും
തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച മാർച്ച് 10ന് ശേഷം വോട്ടെടുപ്പ് നടക്കുന്ന ഏപ്രിൽ ഒൻപത് വരെയുള്ള ചുരുങ്ങിയ സമയത്തിനുള്ളിൽ രണ്ട് ജില്ലകളിലൊഴികെ എല്ലായിടത്തും നേരിട്ട് പ്രചാരണം നടത്താൻ എൽഡിഎഫ് നേതൃത്വത്തിന് കഴിഞ്ഞു. 10 വർഷമായി തുടർഭരണം നടത്തുന്ന സർക്കാരിനെതിരെ ഭരണവിരുദ്ധ വികാരമില്ലെന്നും കേരളത്തിൻ്റെ മനസ്സ് പൂർണമായും എൽഡിഎഫിനൊപ്പമാണെന്നും നേതൃത്വം വിലയിരുത്തുന്നു. പ്രതിപക്ഷത്തിൻ്റെ പ്രവർത്തനങ്ങളോട് വലിയ അവിശ്വാസവും കടുത്ത അസന്തുഷ്ടിയുമാണ് പൊതുജനങ്ങളുടെ ഭാഗത്തുനിന്നുള്ളത്. പ്രതിപക്ഷത്തിൻ്റെ വ്യാജ പ്രചാരണങ്ങൾ അവർക്കുതന്നെ തിരിച്ചടിയായി. പാലക്കാട് ഉപതെരഞ്ഞെടുപ്പിന് പിന്നാലെയുണ്ടായ രാഷ്ട്രീയ നീക്കങ്ങളും യുഡിഎഫിന് പ്രയാസമുണ്ടാക്കി.
കഴിഞ്ഞ തെരഞ്ഞെടുപ്പിലെ പ്രകടനപത്രികയിലുള്ള 97 ശതമാനം വാഗ്ദാനങ്ങളും പൂർത്തീകരിച്ചാണ് മുന്നണി ഇത്തവണ ജനങ്ങളെ സമീപിക്കുന്നതെന്നും ഇത് അഭിമാനകരമായ നേട്ടമാണെന്നും വിലയിരുത്തപ്പെടുന്നു. നാടിൻ്റെ സുസ്ഥിരതയും സാമൂഹികനീതിയും ആഗ്രഹിക്കുന്നവർ ഇടതുപക്ഷത്തോടൊപ്പം നിൽക്കുമെന്നാണ് പ്രതീക്ഷ. എൻഡിഎയിലോ യുഡിഎഫിലോ ഉള്ളവർ പോലും നാടിൻ്റെ പുരോഗതിക്കും സാമൂഹികനീതിക്കും വേണ്ടി എൽഡിഎഫിന് വോട്ട് ചെയ്യണമെന്നും മുന്നണി അഭ്യർഥിച്ചു.