കോണ്‍ഫിഡന്‍റ് ഗ്രൂപ്പ് ഉടമ സി.ജെ.റോയ് ഓഫീസിനുള്ളില്‍ സ്വയം വെടിവച്ച് ജീവനൊടുക്കി

കോണ്‍ഫിഡന്‍റ് ഗ്രൂപ്പ് ഉടമ സി.ജെ.റോയ് ഓഫീസിനുള്ളില്‍ സ്വയം വെടിവച്ച് ജീവനൊടുക്കി

​ബെംഗളൂരു: പ്രമുഖ റിയൽ എസ്റ്റേറ്റ് ഗ്രൂപ്പായ കോൺഫിഡന്റ് ഗ്രൂപ്പിന്റെ സ്ഥാപകനും ചെയർമാനുമായ സി.ജെ. റോയിയെ (57) ബെംഗളൂരുവിലെ ഓഫീസിൽ വെടിയേറ്റു മരിച്ച നിലയിൽ കണ്ടെത്തി. സെൻട്രൽ ബെംഗളൂരുവിലെ റിച്ച്മണ്ട് സർക്കിളിന് സമീപമുള്ള സ്വന്തം ഓഫീസിലാണ്     ഇന്ന് (വെള്ളി) ഉച്ചയോടെ അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. അദ്ദേഹം സ്വയം വെടിവച്ച് ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക നിഗമനം.

 ഓഫീസിനുള്ളിൽ നിന്ന് വെടിയൊച്ച കേട്ട് ഓടിയെത്തിയ ജീവനക്കാരാണ് രക്തത്തിൽ കുളിച്ചു കിടക്കുന്ന നിലയിൽ റോയിയെ കണ്ടെത്തിയത്. ഉടൻ തന്നെ എച്ച്.എസ്.ആർ. ലേഔട്ടിലെ നാരായണ ഹൃദയാലയ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിൽ എത്തുന്നതിന് മുൻപ് തന്നെ മരണം സംഭവിച്ചിരുന്നതായി ഡോക്ടർമാർ അറിയിച്ചു.

സംഭവസ്ഥലത്തെത്തിയ ബെംഗളൂരു സിറ്റി പൊലീസ് സ്ഥലത്തുനിന്ന് അദ്ദേഹം ഉപയോഗിച്ചിരുന്ന തോക്ക് കണ്ടെടുത്തു. മരണകാരണം സംബന്ധിച്ച് വ്യക്തമായ സൂചനകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. ബിസിനസ് സംബന്ധമായ സമ്മർദ്ദങ്ങളാണോ അതോ വ്യക്തിപരമായ കാരണങ്ങളാണോ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്. കൂടുതൽ തെളിവുകൾക്കായി ഓഫീസിലെ സി.സി.ടി.വി ദൃശ്യങ്ങളും രേഖകളും പരിശോധിച്ചു വരുന്നു.

കേരളത്തിലും കർണാടകയിലുമായി നിരവധി ഭവന പദ്ധതികൾ പൂർത്തിയാക്കിയ കോൺഫിഡന്റ് ഗ്രൂപ്പിനെ ചുരുങ്ങിയ കാലം കൊണ്ടാണ് സി.ജെ. റോയ് ഉന്നതിയിലെത്തിച്ചത്. റിയൽ എസ്റ്റേറ്റ് മേഖലയ്ക്ക് പുറമെ സിനിമ നിർമ്മാണം, വിനോദം തുടങ്ങിയ മേഖലകളിലും അദ്ദേഹം സജീവമായിരുന്നു. മലയാളികൾ ഉൾപ്പെടെയുള്ള വൻ ജീവനക്കാരുള്ള ഒരു പ്രമുഖ ഗ്രൂപ്പിന്റെ അമരക്കാരന്റെ അപ്രതീക്ഷിത മരണം ബിസിനസ് ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്.

കൊച്ചി സ്വദേശിയാണ് റോയ്. . വ്യോമയാന വ്യവസായ രംഗത്തും സ്വന്തം സ്വാധീനം അറിയിച്ചിട്ടുണ്ട്. കോണ്‍ഫിഡന്‍റ് ഗ്രൂപ്പ് നിരവധിയിടങ്ങളില്‍ ഭൂമി വാങ്ങിക്കൂട്ടിയിട്ടുണ്ട്. നിരവധി പാര്‍പ്പിട സമുച്ചയങ്ങള്‍ ബെംഗളുരുവിലും കേരളത്തിലും ദുബായിലുമായി നിര്‍മ്മിച്ചിട്ടുണ്ട്. സിനിമ നിര്‍മാണ രംഗത്തും പ്രവര്‍ത്തിക്കുന്നു. നാലോളം മലയാള സിനിമകള്‍ നിര്‍മ്മിച്ചിട്ടുണ്ട്.നികുതി വെട്ടിപ്പ് ആരോപണങ്ങളെത്തുടർന്ന് കഴിഞ്ഞ മൂന്ന് ദിവസമായി അദ്ദേഹത്തിന്‍റെ ഓഫീസുകളിലും വസതികളിലും ആദായനികുതി വകുപ്പ് വ്യാപകമായ പരിശോധന നടത്തിയിരുന്നു.  കൊച്ചിയിൽ നിന്നുള്ള ഇൻകം ടാക്‌സ് സംഘമാണ് റെയ്‌ഡിന് എത്തിയത്.

റിയൽ എസ്റ്റേറ്റ് വ്യവസായ മേഖലയിൽ വലിയ രീതിയിലുള്ള ഞെട്ടലുണ്ടാക്കുന്നതാണ് സി. ജെ .റോയിയുടെ ആത്മഹത്യ. റെയ്‌ഡിനിടെ ഉദ്യോഗസ്ഥർ അദ്ദേഹത്തെ ചോദ്യം ചെയ്‌തിരുന്നു. . റോയിയെ അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ടായിരുന്നുവെന്നും സൂചനയുണ്ട്. വിവിധ ചാനലുകളിലെ റിയാലിറ്റി ഷോകളില്‍ വിജയികളുടെ സമ്മാനങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന സ്ഥാപനം കൂടിയാണ് കോണ്‍ഫിഡന്‍റ് ഗ്രൂപ്പ്. സ്ഥലത്ത് ഉന്നത പൊലീസുദ്യോഗസ്ഥരടക്കം എത്തിയിട്ടുണ്ട്.