ബാരാമതിയില്‍ വിജയം ഉറപ്പിച്ച് സുനേത്ര പവാർ, കോണ്‍ഗ്രസ് സ്ഥാനാർഥി പത്രിക പിൻവലിച്ചു

മുംബൈ: ബാരാമതി നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ അജിത് പവാറിൻ്റെ ഭാര്യ സുനേത്ര പവാർ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടും. തെരഞ്ഞെടുപ്പിൽ നിന്ന് കോൺഗ്രസ് സ്ഥാനാർഥി പിന്മാറിയതോടെയാണ് ഫലത്തിന് മുന്നേ, പാർട്ടി വിജയം ഉറപ്പിക്കുന്നത്.ബാരാമതി വ്യോമതാവളത്തിൽ ചാർട്ടേഡ് വിമാനം തകർന്ന് മരിച്ച എൻസിപി നേതാവും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയുമായിരുന്ന അജിത് പവാറിനോടുള്ള ആദരസൂചകമായാണ് മത്സരത്തിൽ നിന്ന് കോണ്‍ഗ്രസ് പിന്മാറിയത്.
സുനേത്ര പവാർ, അജിത് പവാറിൻ്റെ കോൺഗ്രസുമായുള്ള ബന്ധം വിശദീകരിക്കാൻ കോണ്‍ഗ്രസ് സ്ഥാനാർഥി സപ്‌കലുമായി നേരിട്ട് സംസാരിച്ചിരുന്നതായി പാർട്ടി വൃത്തങ്ങൾ അറിയിച്ചു. രാവിലെ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് കോൺഗ്രസ് സംസ്ഥാന യൂണിറ്റ് മേധാവി ഹർഷവർദ്ധൻ സപ്‌കലിനെ വിളിച്ച് സ്ഥാനാർഥിത്വം പിൻവലിക്കണമെന്ന് നിർദേശിച്ചിരുന്നു.എൻസിപിയുടെ ഛഗൻ ഭുജ്ബൽ, ധനഞ്ജയ് മുണ്ടെ എന്നിവരുൾപ്പെടെ നിരവധി മുതിർന്ന രാഷ്ട്രീയക്കാർ കോൺഗ്രസുമായി ഇതു സംബന്ധിച്ച് ചർച്ച നടത്തിയിട്ടുണ്ട്. അജിത് പവാർ മുമ്പ് പ്രതിപക്ഷ പാർട്ടിയുമായി സഖ്യത്തിലായിരുന്നുവെന്നും 1991 ലും 1995 ലും പ്രതിപക്ഷ പാർട്ടി അംഗമായി തെരഞ്ഞെടുപ്പുകളിൽ മത്സരിച്ചിരുന്നുവെന്നും നേതാക്കന്മാർ ചൂണ്ടിക്കാട്ടുന്നു.
കോൺഗ്രസ് ഒരു ദേശീയ പാർട്ടിയാണെന്നും സ്ഥാനാർഥിയെ പിൻവലിക്കണമെന്ന് ഞങ്ങൾക്ക് നിർദ്ദേശിക്കാൻ കഴിയില്ലെന്നെന്നും ശരത് പവാർ പറഞ്ഞു. "എന്നാലും, മഹാരാഷ്ട്രയിൽ നിന്നുള്ള ഒരു കാര്യക്ഷമനായ നേതാവിൻ്റെ അപകട മരണത്തെ തുടർന്ന് ബാരാമതി സീറ്റ് ഞങ്ങൾ ഒഴിവാക്കുന്നു. ആവശ്യപ്പെട്ടാൽ, ഈ ഉപതിരഞ്ഞെടുപ്പ് എതിരില്ലാതെ നടത്തണമെന്ന് ഞാൻ കോൺഗ്രസിനോട് നിർദ്ദേശിക്കും" ശരദ് പവാർ ബാരാമതിയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.നേരത്തെ എൻസിപി നേതാവ് ശരത് പവാർ, എംപി സുപ്രിയ സുലെ, എംഎൽഎ രോഹിത് പവാർ എന്നിവരുൾപ്പെടെയുള്ള നേതാക്കളും ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കരുതെന്ന് പാർട്ടികളോട് ആവശ്യപ്പെട്ടിരുന്നു. ബാരാമതി നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് മത്സരിക്കില്ലെന്ന് മുതിർന്ന നേതാവ് രമേശ് ചെന്നിത്തലയും അഭിപ്രായപ്പെട്ടു.
1991ലെ ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിയായി വിജയിച്ചതു മുതൽ മരണം വരെ മണ്ഡലം ഭരിച്ചിരുന്നത് അജിത് പവാറാണ്. അതിനുമുമ്പ് 1967 മുതൽ അദ്ദേഹത്തിൻ്റെ അമ്മാവൻ ശരത് പവാറിൻ്റെ കൈവശമായിരുന്നു മണ്ഡലം. പവാർ കുടുംബത്തിൻ്റെ ശക്തികേന്ദ്രമായി വ്യാപകമായി അറിയപ്പെടുന്ന മണ്ഡലമാണ് ബാരാമതി ജില്ല.1999നും 2023നും ഇടയിൽ പലതവണയായി മഹാരാഷ്ട്രയിൽ ഏറ്റവും കൂടുതൽ കാലം ഉപമുഖ്യമന്ത്രി പദം അലങ്കരിച്ച നേതാവ് കൂടിയാണ് അജിത് പവാർ. മഹാരാഷ്ട്രയുടെ പൊതുവികാരം ഉൾക്കൊണ്ട അദ്ദേഹത്തെ 'ദാദ' എന്നാണ് ജനങ്ങൾ സ്നേഹപൂർവ്വം വിളിച്ചിരുന്നത്.