പീഡന കേസിൽ ഒളിവിലായിരുന്ന കോൺഗ്രസ് കൗൺസിലർ പ്രശോഭ് സി വത്സൻ പിടിയിൽ

പീഡന കേസിൽ ഒളിവിലായിരുന്ന കോൺഗ്രസ് കൗൺസിലർ പ്രശോഭ് സി വത്സൻ പിടിയിൽ

പാലക്കാട് :സ്ത്രീ പീഡന പരാതിയെ തുടർന്ന് ഒളിവിൽ ആയിരുന്ന പാലക്കാട് നഗരസഭയിലെ കോൺഗ്രസ് കൗൺസിലർ പ്രശോഭ് സി വത്സൻ കീഴടങ്ങി. ഹൈക്കോടതിയിൽ സമർപ്പിച്ച ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിൽ ആയിരുന്നു  പാലക്കാട് സൗത്ത് പൊലീസ് സ്‌റ്റേഷനിൽ എത്തി കീഴടങ്ങിയത്.

 പ്രശോഭ് നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. വിചാരണക്കോടതി മുൻകൂർ ജാമ്യം നിഷേധിച്ചതിനെതിരെ നൽകിയ അപ്പീലാണ് ജസ്‌റ്റിസ് എ ബദറുദ്ദീൻ തള്ളിയത്. അതിജീവിതയുടെ നിസഹായാവസ്ഥ മുതലെടുത്തെന്നും ബിഎൻഎസ് പ്രകാരമുള്ള കുറ്റകൃത്യം നിലനിൽക്കുമെന്നും വിലയിരുത്തിയാണ് ഹൈക്കോടതി ഉത്തരവ്.പ്രതി തൻ്റെ രാഷ്ട്രീയ സ്ഥാനവും നേതൃനിരയിലുള്ള രാഷ്ട്രീയക്കാരുടെ പിന്തുണയും കാണിച്ച് ജോലി വാഗ്‌ദാനം ചെയ്തെന്നും എന്നാൽ ജോലി നൽകിയില്ലെന്നും കോടതി പറഞ്ഞു. പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങൾക്ക് എതിരെയുള്ള അതിക്രമം തടയൽ നിയമം അനുസരിച്ചുള്ള കുറ്റങ്ങൾ നിലനിൽക്കുന്നതിനാൽ മുൻകൂർ ജാമ്യം അനുവദിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. തുടർന്ന് കോടതി കടുത്ത നിലപാട് സ്വീകരിച്ചതോടെയാണ് പ്രശോഭ് കീഴടങ്ങിയത്.

കേസിൻ്റെ പശ്ചാത്തലം

കഴിഞ്ഞ മാർച്ചിലാണ് പ്രശോഭിനെതിരെ ദലിത് വിഭാഗത്തിൽപ്പെട്ട അതിജീവിത പീഡന പരാതി നൽകിയത്. നഗരസഭയിലെ 24 -ാം വാർഡ് കൗൺസിലറാണ് പ്രശോഭ്. തനിക്ക് ജോലി വാങ്ങിച്ചു നൽകാമെന്ന് വാഗ്‌ദാനം നൽകി താമസസ്ഥലത്തും കാറിലും പിന്നീട് ഹോട്ടലിലും കൊണ്ടുപോയി ബലംപ്രയോഗിച്ച് പീഡിപ്പിച്ചു എന്നായിരുന്നു പരാതി. തുടർന്ന് ഗർഭിണിയാണെന്ന് അറിഞ്ഞപ്പോൾ ഗർഭഛിദ്രത്തിന് നിർബന്ധിക്കുകയും ചെയ്‌തതായി പെൺകുട്ടി പരാതിയിൽ പറയുന്നു.നഗരത്തിൽ ബ്യൂട്ടീഷ്യൻ ആയി ജോലി ചെയ്യുന്ന യുവതി പ്രശോഭിൻ്റെ അച്ഛൻ്റെ ചായക്കടയിൽ ചായ കുടിക്കാൻ എത്തുമായിരുന്നു. പ്രശോഭ് കൂടാതെ തന്നോട് പ്രശോഭിൻ്റെ അച്ഛനും മോശമായി പെരുമാറിയെന്ന് പെൺകുട്ടി പറയുന്നു. ഈ പരാതിയുടെ ഭാഗമായാണ് പ്രശോഭുമായി സംസാരിക്കുന്നത്.തുടർന്നാണ് ജോലി വാഗ്‌ദാനവും മറ്റും നൽകി പ്രശോഭ് പെൺകുട്ടിയെ പീഡിപ്പിക്കുന്നത്. പാലക്കാട്ടെ മുൻ എംഎൽഎയായ രാഹുൽ മാങ്കൂട്ടത്തിൻ്റെ അനുയായി അറിയപ്പെടുന്ന ആളാണ് പ്രശോഭ സി വത്സൻ. എംഎൽഎയ്ക്ക് പിന്നാലെ അനുയായിയും സ്ത്രീ പീഡനത്തിൽ അകപ്പെട്ടത് വലിയ വാർത്തയായിരുന്നു. പെൺകുട്ടിയുടെ പരാതിയെ തുടർന്ന് ഒളിവിൽ പോയ പ്രശോഭ് മുൻകൂർ ജാമ്യത്തിനുള്ള ശ്രമങ്ങളിലായിരുന്നു.