നിതിൻ രാജിൻ്റെ കുടുംബത്തിന് കോൺഗ്രസ്സിൻ്റെ കൈത്താങ്ങ്; വീട് നിർമാണത്തിനുള്ള ആദ്യഗഡു കൈമാറി

നിതിൻ രാജിൻ്റെ കുടുംബത്തിന്  കോൺഗ്രസ്സിൻ്റെ കൈത്താങ്ങ്; വീട് നിർമാണത്തിനുള്ള ആദ്യഗഡു കൈമാറി

തിരുവനന്തപുരം: അധ്യാപകരുടെ ജാതീയ അധിക്ഷേപത്തില്‍ മനംനൊന്ത് ജീവനൊടുക്കിയ അഞ്ചരക്കണ്ടി ദന്തല്‍ കോളജ് വിദ്യാര്‍ഥി നിതിന്‍ രാജിൻ്റെ കുടുംബത്തിന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ്റെ കൈത്താങ്ങ്. കുടുംബത്തിനു വീടു നിര്‍മിക്കാനുള്ള ചെലവിൻ്റെ ആദ്യ ഗഡുവായി പ്രതിപക്ഷ നേതാവ് വാഗ്ദാനം ചെയ്ത അഞ്ച് ലക്ഷം രൂപ ഇന്ന് നിതിന്‍ രാജിൻ്റെ നെടുമങ്ങാട് ഉഴമലയ്ക്കലിലെ വീട്ടിലെത്തി അരുവിക്കര മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥിയും മുന്‍ മന്ത്രിയുമായ വി എസ് ശിവകുമാര്‍ കൈമാറി.നിതിന്‍ രാജിൻ്റെ നെടുമങ്ങാട് ഉഴമലയ്ക്കലെ വീട്ടില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ തിങ്കളാഴ്ച സന്ദര്‍ശനം നടത്തിയിരുന്നു. സ്വന്തമായി വീടില്ലാത്ത ആ കുടുംബത്തിന് വീടു നിര്‍മിക്കുന്നതിനുള്ള സഹായം നല്‍കാമെന്ന് പ്രതിപക്ഷ നേതാവ് നിതിൻ്റെ മാതാപിതാക്കള്‍ക്ക് ഉറപ്പും നല്‍കിയിരുന്നു. അതേത്തുടര്‍ന്നാണ് ഇന്ന് ആദ്യ ഗഡു കൈമാറിയത്. വീട് നിര്‍മാണം ആരംഭിക്കുമ്പോള്‍ ആവശ്യമായ ബാക്കി തുക കൂടി കൈമാറുമെന്ന് പ്രതിപക്ഷ നേതാവിൻ്റെ ഓഫിസ് അറിയിച്ചു.കടുത്ത ജാതീയ അധിക്ഷേപത്തെ തുടര്‍ന്ന് വിദ്യാര്‍ഥിക്ക് ജീവന്‍ ഒടുക്കേണ്ടി വന്നത് കേരളത്തിലാണന്നത് വിശ്വസിക്കാനാകുന്നില്ലെന്ന് നിതിന്‍ രാജിൻ്റെ വീട് സന്ദര്‍ശിച്ച ശേഷം പ്രതിപക്ഷ നേതാവ് പറഞ്ഞിരുന്നു. നിതിനെ അധ്യാപകര്‍ ജാതീയമായി അധിക്ഷേപിക്കുകയും അപമാനിക്കുകയും ചെയ്തു. അപമാനഭാരത്താലാണ് ആ കുട്ടി ആത്മഹത്യ ചെയ്തത്. ഒരു കുടുംബത്തിൻ്റെ സ്വപ്നവും പ്രതീക്ഷയുമാണ് ഇല്ലാതായത്. വീട് പോലും സ്വന്തമായി ഇല്ലാതെ കുടുംബത്തിലുള്ളതെല്ലാം നഷ്ടപ്പെടുത്തി പഠിപ്പിച്ച ഒരു മകൻ്റെ മൃതദേഹം ഏറ്റുവാങ്ങേണ്ടി വന്ന കുടുംബത്തിൻ്റെ ഗതികേടില്‍ കേരളം അപമാനഭാരത്താല്‍ തലകുനിച്ച് നില്‍ക്കണമെന്ന് സതീശന്‍ പറഞ്ഞു.

ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കുന്നതിനു വേണ്ടിയാണ് ജാതീയമായ അധിക്ഷേപങ്ങള്‍ തടയാന്‍ രോഹിത് വെമുലയുടെ പേരില്‍ ഒരു നിയമം കൊണ്ടു വരുമെന്ന് യുഡിഎഫ് പ്രകടനപത്രികയില്‍ പറഞ്ഞത്. ഉന്നത വിദ്യാഭ്യാസരംഗത്തെ കുറിച്ച് വിപുലമായ ചര്‍ച്ച നടത്തിയപ്പോള്‍ നിരവധി കുട്ടികള്‍ക്ക് ജാതീയ അധിക്ഷേപം നേരിടേണ്ടി വരുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് നിയമത്തിൻ്റെ പ്രസക്തിയെ കുറിച്ച് യുഡിഎഫ് ആലോചിച്ചത്.ഇ-ഗ്രാൻ്റ് കിട്ടാതെ വരുമ്പോള്‍ പോലും മറ്റുള്ളവര്‍ കളിയാക്കുകയാണ്. ഇ-ഗ്രാൻ്റ് ഔദാര്യമല്ല, അവകാശമാണ്. നൂറ്റാണ്ടുകളോളം ജീവിതത്തിൻ്റെ പിന്നാമ്പുറത്ത് ജീവിക്കാന്‍ വിധിക്കപ്പെട്ട ജനസമൂഹത്തിന് ഭരണഘടന നല്‍കുന്ന അവകാശമാണത്. ജാതീയമായി കുട്ടികളെ അധിക്ഷേപിക്കുന്നത് തടയാന്‍ കേരളത്തില്‍ നിയമം അനിവാര്യമാണ്. പൂക്കോട് വെറ്റനറി കോളജിലെ സിദ്ധാര്‍ഥിൻ്റെ കേസിലും യഥാര്‍ഥ പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. മുഖം നോക്കാതെ നടപടിയെടുക്കാന്‍ സാധിക്കണം. ഇത്തരം ആളുകള്‍ക്ക് അധ്യാപകരായി തുടരാന്‍ എന്ത് അവകാശമാണുള്ളത്? അവരെയാണോ അധ്യാപകര്‍ എന്ന് വിളിക്കുന്നത്? കുട്ടികള്‍ക്ക് ജീവിതത്തില്‍ വഴികാട്ടിയാകേണ്ട അധ്യാപകരമാണ് മോശം പരാമര്‍ശം നടത്തിയത്. ആ കുട്ടിയുടെ മനസ് എന്തുമാത്രം വിഷമിച്ചു കാണും. സംഭവത്തെ കുറിച്ച് അന്വേഷിച്ച് ഉത്തരവാദിക്കള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണം. എന്നാല്‍ സിദ്ധാര്‍ഥിൻ്റെ മരണത്തില്‍ അതുണ്ടായില്ല. 150 പേരുടെ മുന്നില്‍ വച്ചാണ് സിദ്ധാര്‍ഥിനെ അപമാനിച്ചത്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് ഉറപ്പു വരുത്തണം. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കണമെന്നും നിതിൻ്റെ മാതാപിതാക്കളെ സന്ദര്‍ശിച്ച ശേഷം പ്രതിപക്ഷ നേതാവ് പറഞ്ഞിരുന്നു.