ആനുകാലിക വിഷയങ്ങൾ ചർച്ചചെയ്യാനായി കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി യോഗം നാളെ

ന്യൂഡൽഹി: വനിതാ സംവരണ നിയമ ഭേദഗതികൾ, അതിർത്തി നിർണയം, പശ്ചിമേഷ്യ സംഘർഷം എന്നിവ ചർച്ച ചെയ്യുന്നതിനായി കോൺഗ്രസ് നാളെ സിഡബ്ല്യുസി(Congress Working Committee) യോഗം ചേരും. വൈകുന്നേരം മൂന്ന് മണിക്ക് ഇന്ദിരാ ഭവനിൽ വച്ചായിരിക്കും യോഗം ചേരുകയെന്ന് കോൺഗ്രസ്സ് വൃത്തങ്ങൾ അറിയിച്ചു. പാർലമെൻ്റ് സമ്മേളനത്തിന് ദിവസങ്ങൾക്ക് മുൻപാണ് കോൺഗ്രസിൻ്റെ യോഗം നടക്കുന്നത്. 2029 ലെ പാർലമെൻ്റ് തെരഞ്ഞെടുപ്പിന് മുൻപ് വനിതാ സംവരണ നിയമം നടപ്പിലാക്കുന്നതിനും ലോക്‌സഭാ സീറ്റുകളുടെ എണ്ണം 816 ആയി ഉയർത്തുന്നതുമായി ബന്ധപ്പെട്ടുള്ള ബില്ലുകൾ പാർലമെൻ്റ് സമ്മേളനത്തിൽ സർക്കാർ കൊണ്ടുവരും. അതേസമയം വനിതാ സംവരണം നിയമം നടപ്പിലാക്കുന്നതിനും ലോക്‌സഭ സീറ്റുകളുടെ എണ്ണംവർദ്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ടുള്ള കരട് ബില്ലുകൾക്ക് ഇന്ന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയിട്ടുണ്ട്.
പശ്ചിമ ബംഗാൾ, തമിഴ്‌നാട് തെരഞ്ഞെടുപ്പുകളിൽ രാഷ്‌ട്രീയ നേട്ടം കൈവരിക്കാൻ വനിതാ സംവരണ നിയമം ഭേദഗതി ചെയ്യുന്നതും അതിർത്തി നിർണയവുമായി ബന്ധപ്പെട്ട ബില്ലുകൾ പാസാക്കുന്നതിനുമായി സർക്കാർ പ്രത്യേക പാർലമെൻ്റ് സമ്മേളനം വിളിച്ചിട്ടുണ്ട്. ഇത് മാതൃകാ പെരുമാറ്റച്ചട്ടത്തിൻ്റെ ലംഘനമാണെന്ന് കോൺഗ്രസ് നേരത്തെ ആരോപിച്ചിരുന്നു.തിടുക്കത്തിൽ അതിർത്തി നിർണയം നടത്താനുള്ള സർക്കാരിൻ്റെ ശ്രമം അപകടകരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് പറഞ്ഞിരുന്നു. ഇത് വളരെ സെൻസിറ്റീവ് ആയ വിഷയമാണെന്നും സർക്കാർ ശ്രദ്ധാപൂർവ്വം പ്രവർത്തിക്കണമെന്നും കേരളം, തമിഴ്‌നാട് തുടങ്ങിയ നിരവധി സംസ്ഥാനങ്ങളെ ഇത് പ്രതികൂലമായി ബാധിച്ചേക്കാമെന്നും ജയറാം രമേശ് പറഞ്ഞു.
ലോക്‌സഭയിൽ വനിതാ സംവരണം നടപ്പിലാക്കാനായി കേന്ദ്ര സർക്കാർ സീറ്റ് വർധിപ്പിക്കാനുള്ള നീക്കം നേരത്തെ അറിയിച്ചിരുന്നു. 2011 ലെ സെൻസസ് അടിസ്ഥാനമാക്കിയാണ് സീറ്റ് വർധിപ്പിക്കാൻ ഒരുങ്ങുന്നത്. കൂടാതെ മണ്ഡലങ്ങളുടെ അതിർത്തി നിർണയം നടത്താനും സർക്കാരിന് ആലോചനയുണ്ട്. ലോക്‌സഭയിലെ സീറ്റുകളുടെ എണ്ണം 543 ൽ നിന്നും 816 ആയി ഉയർത്തുകയാണ് കേന്ദ്രത്തിൻ്റെ ഉദ്ദേശ്യം.അതേസമയം പശ്ചിമേഷ്യൻ സംഘർഷവുമായി ബന്ധപ്പെട്ട് അടുത്തിടെ പ്രഖ്യാപിച്ച രണ്ടാഴ്‌ചത്തെ വെടിനിർത്തൽ ഉൾപ്പെടെ സംഘർഷത്തിലെ സംഭവവികാസങ്ങൾ കോൺഗ്രസ് യോഗത്തിൽ അവലോകനം ചെയ്യുമെന്നും വൃത്തങ്ങൾ പറഞ്ഞു.
പശ്ചിമേഷ്യൻ പ്രതിസന്ധി കൈകാര്യം ചെയ്‌തതിനെ തുടർന്ന് സർക്കാരിനെ കോൺഗ്രസ് രൂക്ഷമായി വിമർശിച്ചിരുന്നു. വെടിനിർത്തൽ കൊണ്ടുവരുന്നതിൽ പാകിസ്ഥാൻ വഹിച്ച പങ്ക് മോദിയുടെ വ്യക്തിപരമായ നയതന്ത്രത്തിന് കനത്ത തിരിച്ചടിയാണെന്നും കോൺഗ്രസ് പറഞ്ഞു. വെടിനിർത്തൽ ചർച്ചകളിൽ എന്തുകൊണ്ട് മോദി പങ്കെടുത്തില്ലെന്നും കോൺഗ്രസ് ചോദിച്ചു.