സംവിധായകൻ രഞ്ജിത്തിന് കോടതി ജാമ്യം അനുവദിച്ചു.

എറണാകുളം: യുവനടിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കേസിൽ അറസ്റ്റിലായ പ്രമുഖ ചലച്ചിത്ര സംവിധായകൻ രഞ്ജിത്തിന് കോടതി ജാമ്യം അനുവദിച്ചു. എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് (സിജെഎം) കോടതിയാണ് കർശനമായ ഉപാധികളോടെ ജാമ്യം നൽകിയത്. മാർച്ച് 31ന് നാടകീയമായ നീക്കങ്ങളിലൂടെ പൊലീസ് കസ്റ്റഡിയിലെടുത്ത രഞ്ജിത്തിന് വിശദമായ വാദപ്രതിവാദങ്ങൾക്കൊടുവിലാണ് ഇപ്പോൾ കോടതിയിൽ നിന്ന് ആശ്വാസം ലഭിച്ചിരിക്കുന്നത്.
അന്വേഷണവുമായി പൂർണമായി സഹകരിക്കണമെന്നും സാക്ഷികളെ സ്വാധീനിക്കാൻ യാതൊരുവിധ ശ്രമങ്ങളും നടത്തരുതെന്നും കോടതി പ്രത്യേകം നിർദേശിച്ചിട്ടുണ്ട്. പ്രോസിക്യൂഷൻ ഭാഗത്ത് നിന്ന് ജാമ്യാപേക്ഷയെ ശക്തമായ ഭാഷയിലാണ് എതിർത്തത്. രഞ്ജിത്തിന് ജാമ്യം നൽകുന്നത് കേസിലെ നിർണായക സാക്ഷികളെ സ്വാധീനിക്കാൻ ഇടയാക്കുമെന്നും ഇത് അന്വേഷണത്തെ അട്ടിമറിക്കുമെന്നും പ്രോസിക്യൂഷൻ വാദിച്ചു. എന്നാൽ തനിക്ക് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്നും അന്വേഷണ സംഘം ആവശ്യപ്പെടുമ്പോഴെല്ലാം ഹാജരാകാൻ തയ്യാറാണെന്നും പ്രതിഭാഗം കോടതിയെ അറിയിച്ചു. സിനിമയുടെ ചിത്രീകരണത്തിനിടെ നടിയെ ശകാരിച്ചതിലുള്ള വ്യക്തിവൈരാഗ്യമാണ് പരാതിക്ക് പിന്നിലെന്നും ഇത് വ്യാജമാണെന്നും പ്രതിഭാഗം അഭിഭാഷകൻ കോടതിയിൽ വാദിച്ചു.
നിലവിൽ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിലെ നടി തന്നെയാണ് പരാതിക്കാരി. കോട്ടയത്തെയും എറണാകുളത്തെയും വിവിധ ലൊക്കേഷനുകളിലും ഹോട്ടലുകളിലും വച്ച് തനിക്ക് നേരെ ലൈംഗികാതിക്രമ ശ്രമങ്ങൾ ഉണ്ടായെന്നാണ് നടിയുടെ മൊഴി. ആദ്യം സിനിമാ സെറ്റിലെ ഇൻ്റേണൽ കംപ്ലയിൻ്റ്സ് കമ്മിറ്റിയിൽ (ഐസിസി) പരാതിപ്പെട്ടെങ്കിലും അവിടെ നിന്ന് നീതി ലഭിച്ചില്ല. തുടർന്നാണ് സംസ്ഥാന പൊലീസ് മേധാവിക്കും പ്രത്യേക അന്വേഷണ സംഘത്തിനും (എസ്ഐടി) നേരിട്ട് പരാതി നൽകിയത്.സ്ത്രീത്വത്തെ അപമാനിക്കൽ, ലൈംഗികാതിക്രമം തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് എറണാകുളം സെൻട്രൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തത്. പരാതിയിൽ കഴമ്പുണ്ടെന്ന് പ്രാഥമിക അന്വേഷണത്തിൽ ബോധ്യപ്പെട്ട പൊലീസ് യുവനടിയുടെ രഹസ്യമൊഴിയും രേഖപ്പെടുത്തിയിരുന്നു. തൊടുപുഴയിൽ സിനിമയുടെ ഷൂട്ടിങ് കഴിഞ്ഞ് മടങ്ങുന്നതിനിടെ വാഹനം തടഞ്ഞ് നിർത്തിയാണ് ഇടുക്കി പൊലീസിന്‍റെ സഹായത്തോടെ രഞ്ജിത്തിനെ കസ്റ്റഡിയിലെടുത്തത്. മുമ്പ് സമാനമായ ആരോപണങ്ങൾ ഉയർന്നപ്പോൾ രഞ്ജിത്ത് ഒളിവിൽ പോയ പശ്ചാത്തലം കൂടി കണക്കിലെടുത്താണ് ഇത്തവണ പൊലീസ് ദ്രുതഗതിയിലുള്ള അറസ്റ്റ് നടപടികളിലേക്ക് നീങ്ങിയത്.