വോട്ടിനായി ബിജെപി പ്രവർത്തകൻ കിറ്റുകൾ നൽകിയെന്ന് സിപിഎം ആരോപണം

വോട്ടിനായി  ബിജെപി പ്രവർത്തകൻ കിറ്റുകൾ നൽകിയെന്ന്  സിപിഎം ആരോപണം

തൃശൂർ: വോട്ടിനായി ബിജെപി കിറ്റുകൾ നൽകിയെന്ന പരാതിയിൽ പൊലീസ് കേസെടുത്തതായി തെരഞ്ഞെടുപ്പ് കമ്മിഷൻ. തൃശൂർ ഒളരിയിലെ കാർത്തിക സൂപ്പർമാർക്കറ്റ് വഴി കിറ്റുകൾ വിതരണം ചെയ്‌ത ബിജെപി നേതാവ് രാധകൃഷ്‌ണനെ ഒന്നാം പ്രതിയാക്കിയാണ് പൊലീസ് കേസെടുത്തത്.രാധകൃഷ്‌ണനെതിരെ ജനപ്രാതിനിധ്യ നിയമപ്രകാരമുള്ള വകുപ്പുകളും പൊലീസ് ചുമത്തിയിട്ടുണ്ട്‌. 900 രൂപ വിലയുള്ള 26 കിറ്റുകൾ ഒളരിയിലെ കാർത്തിക സൂപ്പർമാർക്കറ്റിൽ നിന്നും ഇലക്ഷൻ ഫ്ലയിങ് സ്‌ക്വാഡ് പിടികൂടിയതായി തെരഞ്ഞെടുപ്പ് കമ്മിഷൻ്റെ പ്രസ്‌താവനയിൽ പറയുന്നു.

ഇന്നലെ വൈകുന്നേരമാണ് സൂപ്പർമാർക്കറ്റിൽ നിന്ന് കിറ്റ് വിതരണം ചെയ്‌തതായി ശ്രദ്ധയിൽപ്പെട്ടത്. എക്‌സിക്യൂട്ടിവ് മജിസ്‌ട്രേറ്റ് ഡോ. ബിന്ദു ടി എന്നും സംഘവും ചേർന്ന നടത്തിയ അന്വേഷണത്തിൽ 900 രൂപ വിലയുള്ള വിവിധ വീട്ടുപകരണങ്ങൾ അടങ്ങിയ 26 കിറ്റുകളാണ് കണ്ടെത്തിയതെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ പറഞ്ഞു.സംഭവത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ രാധാകൃഷ്‌ണൻ എന്ന വ്യക്തിയുടെ നിർദ്ദേശപ്രകാരമാണ് കിറ്റ് വിതരണം നടത്തിയതെന്നാണ് റിപ്പോർട്ട്. സംഭവം അറിഞ്ഞ് അധികാരികൾ എത്തുന്നതിന് മുമ്പ് 75 കിറ്റുകൾ കൂടി രാധാകൃഷ്‌ണൻ വിതരണം ചെയ്‌തതായും വിവരമുണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ പ്രസ്‌താവനയിൽ പറഞ്ഞു.

ഭാരതീയ സംഹിതയിലെ സെക്ഷൻ 170(1) തെരഞ്ഞെടുപ്പുകളിൽ കൈക്കൂലി കൊടുക്കൽ, 173 കൈക്കൂലി നൽകുന്നതിനുള്ള ശിക്ഷ, 123(A)(1) അഴിമതി പ്രവർത്തനങ്ങൾ എന്നിവ പ്രകാരം കുറ്റകൃത്യങ്ങളാണെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ പറഞ്ഞു.രാധാകൃഷ്‌ണൻ എന്ന ആളാണ് കിറ്റുകൾ തയാറാക്കാൻ ഏൽപ്പിച്ചതെന്ന് സൂപ്പർമാർക്കറ്റ് ഉടമ പറഞ്ഞു. 75 കിറ്റുകൾക്കാണ് ഓർഡർ ലഭിച്ചിരുന്നതെന്നും കഴിഞ്ഞ ദിവസം 10 കിറ്റുകൾ വിതരണം നടത്തിയെന്നും സുപ്പർമാർക്കറ്റ് ഉടമ പറഞ്ഞു.പ്രദേശവാസികൾ സൂപ്പർമാർക്കറ്റിലെത്തി കിറ്റുകൾ വാങ്ങുന്നു എന്ന വിവരത്തെ തുടർന്ന് എൽഡിഎഫ് പ്രവർത്തകർ സ്ഥലത്തെത്തുകയായിരുന്നു. തുടർന്ന് എൽഡിഎഫിൻ്റെ പരാതിയെ തുടർന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ ഉദ്യോഗസ്ഥരും ഫ്ലയിങ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തുന്നത്. സംഭവത്തെ തുടർന്ന് സൂപ്പർമാർക്കറ്റ് താത്‌കാലികമായി പൊലീസ് അടപ്പിച്ചു.

സംഭവത്തിൽ പ്രതികരിച്ച് സിപിഐ നേതാവ് വി എസ് സുനിൽ കുമാർ രംഗത്തെത്തി. തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമമാണ് ബിജെപി നടത്തുന്നതെന്ന് സുനിൽ കുമാർ പറഞ്ഞു. കോടി കണക്കിന് രൂപ ബിജെപി സ്ഥാനാർഥി ചെലവിടുന്നുണ്ടെന്നും കേന്ദ്രമന്ത്രിമാർ പെട്ടികളിൽ പണം കൊണ്ടാണ് ഡൽഹിയിൽ നിന്ന് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കേരളത്തിൽ വരുന്നതെന്നും സുനിൽ കുമാർ പറഞ്ഞു.

അതേസമയം കിറ്റുകൾ നൽകിയത് ബിജെപി അല്ലെന്ന് തൃശൂർ മണ്ഡലം എൻഡിഎ സ്ഥാനാർഥി പത്മജ വേണുഗോപാൽ. എൽഡിഎഫിൻ്റെ പരാതി വ്യാജമാണെന്നും താൻ ഒന്നും അറിഞ്ഞിട്ടില്ലെന്നും പത്മജ പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാൻ വെറും ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് ഈ സംഭവം.