ഭരണത്തുടർച്ച ഉറപ്പിച്ച് സിപിഎം; അധികാരത്തിൽ വരുമെന്ന് യുഡിഎഫ്

ഭരണത്തുടർച്ച ഉറപ്പിച്ച് സിപിഎം; അധികാരത്തിൽ വരുമെന്ന് യുഡിഎഫ്

തിരുവനന്തപുരം: കഴിഞ്ഞ കേരള നിയമസഭാതെരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോൾ പോളിങ് ശതമാനത്തിലെ വർദ്ധനവ് കേരളരാഷ്ട്രീയത്തിൽ മാറ്റങ്ങളുണ്ടാക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ . മുന്നണികളാകട്ടെ ജനവിധി വിധി അറിയാനുള്ള കാത്തിരിപ്പിനിടയിലും   ജയസാധ്യത വിലയിരുത്തികൊണ്ടിരിക്കയാണ് . ഭരണവിരുദ്ധ തരംഗമാണ് വോട്ടെടുപ്പിൽ പ്രതിഫലിച്ചതെങ്കിൽ 100ലധികം സീറ്റ് നേടുമെന്ന് യുഡിഎഫും ഇത്തവണയും ഭരണത്തുടർച്ചയുണ്ടാകുമെന്നാണ് എൽഡിഎഫും പ്രത്യാശപ്രകടിപ്പിക്കുന്നു.അതേസമയം ചുരുങ്ങിയത് മൂന്ന് സീറ്റുകളാണ് എൻഡിഎയുടെ പ്രതീക്ഷ.അതോടൊപ്പം കേരളരാഷ്ട്രീയത്തിൽ നിർണ്ണായകശക്തിയായി ബിജെപി മാറിക്കഴിഞ്ഞു എന്നുള്ള വിലയിരുത്തലിലാണ് ബിജെപി നേതൃത്വo .

മെയ് നാലിനാണ് വോട്ടെണ്ണൽ നടക്കുക. കണക്കുകൾ പ്രകാരം 78 ശതമാനമാണ് സംസ്ഥാനത്ത പോളിങ്. കോഴിക്കോടും പാലക്കാടും ഏറ്റവും കൂടുതൽ പോളിങ് രേഖപ്പെടുത്തിയപ്പോൾ പത്തനംതിട്ടയിലാണ് ഏറ്റവും കുറവ് പോളിങ് നടന്നത്. ഇത്തവണ പലയിടത്തും മുൻ വർഷത്തേക്കാൾ വാശിയേറിയ മത്സരമായിരുന്നു. അതേസമയം എസ്ഐആര്‍ ഫലം ഇത്തവണ തെരഞ്ഞെടുപ്പ് ഫലം വരുമ്പോൾ കാണാൻ സാധിക്കുമെന്നാണ് വിലയിരുത്തൽ.

നിയമസഭാ തെരഞ്ഞെടുപ്പിലെ ജയസാധ്യത വിലയിരുത്താൻ ഞായറാഴ്‌ച (ഏപ്രിൽ 12) സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് നടക്കും. ഭരണത്തുടർച്ചയുണ്ടാകും എന്ന പ്രതീക്ഷയിലാണ് സിപിഎം. മണ്ഡലം കമ്മിറ്റികളും ജില്ലാ കമ്മിറ്റികളും നൽകിയ കണക്ക് പരിശോധിക്കും. 80 സീറ്റിന് മുകളിൽ നേടി അധികാര തുടർച്ച ഉണ്ടാകുമെന്ന പ്രാഥമിക വിലയിരുത്തലിലാണ് നേതാക്കൾക്കുള്ളത്. ഉയർന്ന പോളിങ് ശതമാനം തിരിച്ചടി ഉണ്ടാക്കില്ലെന്ന പ്രതീക്ഷയിലാണ് പാർട്ടി.കുറഞ്ഞത് 80 സീറ്റുകൾ വരെ ലഭിക്കുമെന്നും ശക്തമായ തരംഗമുണ്ടെങ്കിൽ അത് 100 കടക്കുമെന്നുമാണ് പാർട്ടി കേന്ദ്രങ്ങളുടെ പ്രാഥമിക വിലയിരുത്തൽ. കഴിഞ്ഞ തവണത്തെ പോലെ ഇത്തവണയും വലിയ മുന്നേറ്റം ആവർത്തിക്കുമെന്ന് പാർട്ടി പ്രതീക്ഷിക്കുന്നത്. ഉയർന്ന പോളിങ് ശതമാനം ഭരണവിരുദ്ധ വികാരമല്ലെന്നും സർക്കാരിൻ്റെ വികസനത്തുടർച്ച ആഗ്രഹിക്കുന്ന ജനവിധി ആണെന്നാണ് മുന്നണിയുടെ നിഗമനം. ഇതിനോടകം മുന്നണികളെല്ലാം സ്വന്തം നിലയിൽ ബൂത്ത് തലത്തിലുള്ള കണക്കുകൾ ശേഖരിച്ചു കഴിഞ്ഞു.

അഞ്ച് മിനിറ്റിനകം മുഖ്യമന്ത്രിയെ തീരുമാനിക്കും:

യുഡിഎഫിന് ഭൂരിപക്ഷം ലഭിച്ച് അഞ്ച് മിനിറ്റിൽ മുഖ്യമന്ത്രിയെ തീരുമാനിക്കുമെന്ന് കെപിസിസി വർക്കിങ് പ്രസിഡൻ്റ് പിസി വിഷ്‌ണുനാഥ്. അര മണിക്കൂർ ചർച്ച ചെയ്യാനുള്ള അവസരം പോലും മാധ്യമങ്ങൾക്ക് നൽകില്ലെന്നും വിഷ്‌ണുനാഥ് പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.യുഡിഎഫിന് ഭൂരിപക്ഷം ലഭിച്ചാൽ വെറും അഞ്ച് മിനിറ്റിൽ മുഖ്യമന്ത്രിയെ തീരുമാനിക്കും. ഒരു ചർച്ചയ്‌ക്കും അവസരം നൽകില്ലെന്നും ഇത്തവണ മികച്ച വിജയം നേടുമെന്നും പിസി വിഷ്‌ണുനാഥ് വ്യക്തമാക്കി. ഉയർന്ന പോളിങ് എസ്ഐആർ കാരണമല്ല. സർക്കാർ മാറണമെന്ന് തിരുമാനിച്ച ജനങ്ങളുടെ വിധിയെഴുത്താണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തെക്കൻ കേരളത്തിൽ ഇത്തവണ വലിയ രാഷ്ട്രീയ അട്ടിമറി നടക്കുമെന്നും വോട്ടർമാർ തങ്ങൾക്കൊപ്പം നിൽക്കുമെന്നുമാണ് യുഡിഎഫിൻ്റെ വിലയിരുത്തൽ. അതേസമയം ചുരുങ്ങിയത് മൂന്ന് സീറ്റുകളാണ് എൻഡിഎ പ്രതീക്ഷിക്കുന്നത്. ശക്തമായ ത്രികോണ മത്സരം കാഴ്‌ച വച്ച മണ്ഡലങ്ങളിൽ പ്രതീക്ഷ. എസ്ഐആറിന് ശേഷമുള്ള ആദ്യ ബലപരീക്ഷണം എന്ന നിലയിൽ മലബാറിലെ ജനവിധി ആർക്ക് അനുകൂലമാകുമെന്നത് നിർണായകമാണെന്നും മുന്നണികൾ പറയുന്നു.