സ്വർണ്ണം പൊട്ടിക്കല്‍ കേസില്‍ അറസ്റ്റിലായ ബ്രാഞ്ച് സെക്രട്ടറിയെ സിപിഎം പുറത്താക്കി

കണ്ണൂർ: കരിപ്പൂരിലെ സ്വർണ്ണം പൊട്ടിക്കല്‍ കേസില്‍ അറസ്റ്റിലായ ബ്രാഞ്ച് സെക്രട്ടറിയെ സിപിഎം പുറത്താക്കി.കണ്ണൂർ വട്ടപ്പൊയില്‍ ബ്രാഞ്ച് സെക്രട്ടറി ശരത്ത് .വിയെയാണ് പുറത്താക്കിയത്. പാർട്ടിക്ക് അവമതിപ്പ് ഉണ്ടാക്കുന്ന തരത്തില്‍ പെരുമാറിയതിനാണ് നടപടിയെന്ന് കണ്ണൂർ ജില്ലാ സെക്രട്ടറി പത്രക്കുറിപ്പില്‍ അറിയിച്ചു.
അതിനിടയിൽ കേസില്‍ അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. അറസ്റ്റിനിടെ ഓടിരക്ഷപ്പെട്ട മൂന്ന് പ്രതികള്‍ക്കായി പൊലീസ് അന്വേഷണം ശക്തമാക്കി. അതേസമയം,മഞ്ചേരി ആനക്കയത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിന് പിന്നിലും സ്വര്‍ണം പൊട്ടിക്കല്‍ സംഘമാണെന്നാണ് പൊലീസ് പറയുന്നത്. ഈ സംഭവത്തിലും പൊലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.ഒരിടവേളയ്ക്ക് ശേഷമാണ് കരിപ്പൂര്‍ വിമാനത്താവളം കേന്ദ്രീകരിച്ച് സ്വര്‍ണം പൊട്ടിക്കല്‍ സംഘം സജീവമായിരിക്കുന്നത്. സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവയും ജിഎസ്ടിയും വര്‍ധിപ്പിച്ച സാഹചര്യത്തില്‍ ഗള്‍ഫില്‍ നിന്ന് സ്വര്‍ണം നാട്ടിലെത്തിക്കുക എന്നത് ലാഭകരമാണ്. ഇതാണ് സ്വര്‍ണക്കടത്ത്, സ്വര്‍ണം പൊട്ടിക്കല്‍ സംഘം സജീവമാകാന്‍ കാരണമായിരിക്കുന്നത്. കരിപ്പൂരില്‍ അറസ്റ്റിലായ പതിമൂന്നില്‍ 9 പേര്‍ കണ്ണൂര്‍ സ്വദേശികളാണ്. അതില്‍ ആറ് പേര്‍ മുഴക്കുന്ന് സ്വദേശികളാണ്. ഇക്കൂട്ടത്തിലാണ് സിപിഐഎം ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പെടുന്നത്.