സൈബർ കൊള്ള; വയോധികയെ 'ഡിജിറ്റൽ അറസ്റ്റ്' ചെയ്‌ത് തട്ടിയത് 24 കോടി

ബെംഗളൂരു: രാജ്യത്ത് വീണ്ടും ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുകൾ വഴി വയോധികരെ ഭയപ്പെടുത്തി കോടികൾ കവരുന്ന മാഫിയ സംഘങ്ങൾ സജീവമാകുന്നു. ഇലക്‌ട്രോണിക് സിറ്റി എന്ന് വിളിക്കപ്പെടുന്ന കര്‍ണാടകയിലെ ബെംഗളൂരുവിൽ നിന്ന് കേട്ടുകേൾവിയില്ലാത്ത വിധം വലിയൊരു തുകയാണ് സൈബർ ക്രിമിനലുകൾ ഇത്തവണ തട്ടിയെടുത്തത്.ബെംഗളൂരുവിലെ ശിവാജിനഗർ സ്വദേശിയായ ലക്ഷമി എന്ന വയോധികയെ ഡിജിറ്റൽ അറസ്റ്റ് ഭീഷണിയിൽ കുടുക്കി 24 കോടി രൂപ തട്ടിയെടുത്ത വൻ സംഘത്തെ സെൻട്രൽ ക്രൈം ബ്രാഞ്ച് (സിസിബി) സൈബർ ക്രൈം പൊലീസ് അതിസാഹസികമായി പിടികൂടി. കഴിഞ്ഞ ജനുവരി മുതൽ മെയ് വരെയുള്ള മാസങ്ങളിലായി ഘട്ടംഘട്ടമായാണ് ഇത്രയും വലിയ തുക പ്രതികൾ തട്ടിയെടുത്തത്.അടുത്തിടെ ലക്ഷ്‌മിക്ക് സ്വത്ത് വിറ്റ വകയിൽ കോടിക്കണക്കിന് രൂപ ബാങ്ക് അക്കൗണ്ടിൽ വന്നിരുന്നു. ഈ വിവരങ്ങൾ കൃത്യമായി ചോർത്തിയെടുത്ത സൈബർ തട്ടിപ്പുകാർ, ലക്ഷ്‌മിക്കെതിരെ കള്ളപ്പണം വെളുപ്പിക്കൽ കേസുണ്ടെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയായിരുന്നു. നിയമനടപടികളെ ഭയന്ന വയോധിക തങ്ങൾ പറയുന്ന അക്കൗണ്ടുകളിലേക്ക് പണം കൈമാറാൻ നിർബന്ധിതയായി.
സ്വർണം പണയം വയ്ക്കാൻ എത്തിയപ്പോൾ ട്വിസ്റ്റ്
24 കോടി രൂപ കൈക്കലാക്കിയിട്ടും തട്ടിപ്പുകാരുടെ പണത്തോടുള്ള ആർത്തി അടങ്ങിയില്ല. ഇവർ വീണ്ടും കൂടുതൽ പണം ആവശ്യപ്പെട്ടതോടെ, ലക്ഷ്‌മി തൻ്റെ കൈവശമുണ്ടായിരുന്ന 1 കിലോ 300 ഗ്രാം സ്വർണാഭരണങ്ങളുമായി ബാങ്കിലെത്തി. എന്നാൽ വയോധികയുടെ പരിഭ്രാന്തി നിറഞ്ഞ പെരുമാറ്റത്തിലും തുടർച്ചയായി വലിയ തുകകൾ അക്കൗണ്ടിൽ നിന്ന് മാറുന്നതിലും ബാങ്ക് മാനേജർക്ക് സംശയം തോന്നി. അദ്ദേഹം ഉടൻതന്നെ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു.വിവരമറിഞ്ഞ് സൈബർ പൊലീസ് ഉടൻ തന്നെ ബാങ്കിലെത്തി ലക്ഷ്‌മിയെ ചോദ്യം ചെയ്‌തു. കടുത്ത ഭയം കാരണം ആദ്യം ഒന്നും പറയാൻ അവർ തയ്യാറായില്ലെങ്കിലും, പൊലീസ് സൗഹൃദത്തോടെ കാര്യങ്ങൾ ചോദിച്ചറിഞ്ഞപ്പോഴാണ് മാസങ്ങളായി തുടരുന്ന ഡിജിറ്റൽ അറസ്റ്റിൻ്റെ ഞെട്ടിക്കുന്ന സത്യാവസ്ഥ പുറത്തുവന്നത്. പൊലീസ് ഉടൻ തന്നെ കേസ് രജിസ്റ്റർ ചെയ്യുകയും വിദേശത്തുള്ള ഇവരുടെ മക്കളെ വിവരമറിയിക്കുകയും ചെയ്‌തു.
സംഘം വലയിൽ; പണം പോയത് 22 അക്കൗണ്ടുകളിലേക്ക്
കേസ് അതീവ ഗൗരവത്തോടെ അന്വേഷിച്ച പൊലീസ് സംഘം മുംബൈ, അലഹബാദ്, ഡൽഹി എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ തെരച്ചിലിൽ ഗൗരവ് കുമാർ, ഓം പ്രകാശ് രാജ്‌പുത് എന്നിവരടങ്ങുന്ന 5 അന്തർസംസ്ഥാന ക്രിമിനലുകളെ അറസ്റ്റ് ചെയ്‌തു. വയോധികയിൽ നിന്ന് തട്ടിയെടുത്ത പണം 22 വ്യത്യസ്‌ത ബാങ്ക് അക്കൗണ്ടുകളിലേക്കാണ് പ്രതികൾ മാറ്റിയത്. നിലവിൽ തട്ടിപ്പുകാരുടെ ഒരു അക്കൗണ്ടിലുള്ള 60 ലക്ഷം രൂപ പൊലീസ് മരവിപ്പിച്ചിട്ടുണ്ട്. ബാക്കി തുക തിരിച്ചുപിടിക്കാനും ശ്യംഖലയിലെ മറ്റുള്ളവരെ കണ്ടെത്താനുമുള്ള അന്വേഷണം ഊർജ്ജിതമായി തുടരുകയാണ്.
'ഡിജിറ്റൽ അറസ്റ്റ്' ജാഗ്രതാ നിർദേശം: പൊലീസ് പറയുന്നത് ശ്രദ്ധിക്കുക
പൊതുജനങ്ങൾ ഇത്തരം കെണികളിൽ വീഴാതിരിക്കാൻ സൈബർ പൊലീസ് ചില സുപ്രധാന നിർദേശങ്ങൾ നൽകുന്നുണ്ട്. രാജ്യത്തെ ഒരു സർക്കാർ അന്വേഷണ ഏജൻസിയും വീഡിയോ കോൾ വഴി നിങ്ങളെ ചോദ്യം ചെയ്യുകയോ ഡിജിറ്റൽ അറസ്റ്റ് ചെയ്യുകയോ ഇല്ല. ആധാർ, പാൻ കാർഡ് ഉൾപ്പെടെയുള്ള വ്യക്തിഗത രേഖകൾ സോഷ്യൽ മീഡിയയിലോ അപരിചിതർക്കോ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലോ ഷെയർ ചെയ്യരുതെന്ന് പൊലീസ് മുന്നറിയിപ്പ്.കേസുകൾ ഒതുക്കിത്തീർക്കാൻ നിയമപരമായ ഏജൻസികൾ ഒരിക്കലും പണം ആവശ്യപ്പെടില്ല. നിങ്ങൾക്ക് ഏതെങ്കിലും തരത്തിലുള്ള സംശയാസ്‌പദമായ കോളുകൾ ലഭിച്ചാൽ ഉടൻ തന്നെ നാഷണൽ സൈബർ ക്രൈം റിപ്പോർട്ട് പോർട്ടലിലോ (cybercrime.gov.in) അല്ലെങ്കിൽ 1930 എന്ന ഹെൽപ്പ് ലൈൻ നമ്പറിലോ വിവരമറിയിക്കണമെന്ന് പൊലീസ് നിര്‍ദേശിച്ചു.