ആർമി ജനറൽ എം എം നരവനെയുടെ പ്രസിദ്ധീകരിക്കാത്ത പുസ്തകം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച സംഭവം : ഡൽഹി പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു

ന്യൂഡൽഹി: മുൻ കരസേന മേധാവി ജനറൽ എം എം നരവനെയുടെ പ്രസിദ്ധീകരിക്കാത്ത പുസ്തകം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച സംഭവത്തിൽ ഡൽഹി പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. 'ഫോർ സ്റ്റാർസ് ഓഫ് ഡെസ്റ്റിനി' (Four Stars of Destiny) എന്ന പുസ്തകത്തിൻ്റെ അച്ചടിക്ക് മുൻപുള്ള പകർപ്പ് അധികൃതരുടെ അനുമതിയില്ലാതെ പ്രചരിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് നടപടി.
പുസ്തകം പ്രസിദ്ധീകരിക്കുന്നതിന് ആവശ്യമായ അനുമതി ബന്ധപ്പെട്ട അധികാരികളിൽ നിന്ന് ഇതുവരെ ലഭിച്ചിട്ടില്ലെന്ന് ഡൽഹി പൊലീസ് ഇറക്കിയ ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു. സമൂഹമാധ്യമങ്ങളിലും ഓൺലൈൻ വാർത്ത ഫോറങ്ങളിലുമാണ് ഇത് പ്രചരിക്കുന്നത്. പരിശോധനയിൽ പെൻഗ്വിൻ റാൻഡം ഹൗസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് തയാറാക്കിയതെന്ന് തോന്നിക്കുന്ന പുസ്തകത്തിൻ്റെ പിഡിഎഫ് പകർപ്പ് ചില വെബ്സൈറ്റുകളിൽ ലഭ്യമാണെന്ന് കണ്ടെത്തി. കൂടാതെ ചില ഓൺലൈൻ വിപണന പ്ലാറ്റ്ഫോമുകളിൽ പുസ്തകം വാങ്ങാൻ ലഭ്യമാണെന്ന രീതിയിൽ കവർ ചിത്രം പ്രദർശിപ്പിച്ചിട്ടുണ്ട്. അംഗീകാരം ലഭിക്കാത്ത പുസ്തകം ചോർന്നതിനെക്കുറിച്ച് വിശദമായി അന്വേഷിക്കാൻ സ്പെഷ്യൽ സെൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിൽ അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു.
കഴിഞ്ഞ ആഴ്ച പാർലമെൻ്റ് സമുച്ചയത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഈ പുസ്തകത്തിൻ്റെ പകർപ്പ് ഉയർത്തിക്കാട്ടിയിരുന്നു. ഈ വിഷയം വലിയ വിവാദങ്ങൾക്ക് വഴിവച്ചു. ഇതിനെത്തുടർന്ന് ലോക്സഭ നടപടികൾ തടസ്സപ്പെട്ടു. എട്ട് എംപിമാരെ നിലവിലുള്ള ബജറ്റ് സമ്മേളനത്തിൻ്റെ ബാക്കി കാലയളവിലേക്ക് സസ്പെൻഡ് ചെയ്യുകയും ചെയ്തു.
വിവാദ ഉള്ളടക്കം
ദേശീയ സുരക്ഷയെ ബാധിക്കുന്നതും നയപരമായ തീരുമാനങ്ങളെക്കുറിച്ചുള്ളതുമായ നിർണായക വിവരങ്ങൾ പുസ്തകത്തിലുണ്ടെന്ന റിപ്പോർട്ടുകളാണ് വിവാദങ്ങൾക്ക് തിരികൊളുത്തിയത്. പ്രത്യേകിച്ച് കേന്ദ്ര സർക്കാർ നടപ്പിലാക്കിയ അഗ്നിപഥ് പദ്ധതിയെക്കുറിച്ചും ചൈനയുമായുള്ള ഗാൽവാൻ അതിർത്തി തർക്കത്തെക്കുറിച്ചും നരവനെയുടെ പുസ്തകത്തിൽ പരാമർശങ്ങളുണ്ടെന്നാണ് സൂചന. അഗ്നിപഥ് പദ്ധതി നടപ്പിലാക്കിയ രീതിയെക്കുറിച്ച് കരസേനയ്ക്ക് ചില വിയോജിപ്പുകൾ ഉണ്ടായിരുന്നുവെന്നും അത് പെട്ടെന്ന് നടപ്പിലാക്കിയ തീരുമാനമായിരുന്നുവെന്നും പുസ്തകത്തിൽ പറയുന്നതായാണ് പുറത്തുവന്ന വിവരങ്ങൾ. ഇത് പ്രതിപക്ഷം സർക്കാരിനെതിരെ വലിയ രാഷ്ട്രീയ ആയുധമാക്കാൻ സാധ്യതയുണ്ട്.
2020ലെ ലഡാക്ക് സംഘർഷ സമയത്ത് ചൈനീസ് ടാങ്കുകളെ നേരിടാൻ ഇന്ത്യൻ സൈന്യം ടാങ്കുകൾ വിന്യസിച്ചതിനെക്കുറിച്ചും അന്നത്തെ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങുമായുള്ള ആശയവിനിമയങ്ങളെക്കുറിച്ചും പുസ്തകത്തിൽ വിശദീകരിക്കുന്നുണ്ട്. ഇത്തരം സൈനിക നീക്കങ്ങളും ഉന്നതതല ചർച്ചകളും പരസ്യപ്പെടുത്തുന്നത് ദേശീയ സുരക്ഷയെ ബാധിക്കുമോ എന്ന ആശങ്കയാണ് പ്രതിരോധ മന്ത്രാലയത്തെയും വിദേശകാര്യ മന്ത്രാലയത്തെയും പുസ്തകത്തിൻ്റെ പരിശോധന കർശനമാക്കാൻ പ്രേരിപ്പിച്ചത്.
ചട്ടലംഘനവും സുരക്ഷ വീഴ്ചയും
വിരമിച്ച സൈനിക ഉദ്യോഗസ്ഥർ സർവീസ് കാലയളവിലെ കാര്യങ്ങളെക്കുറിച്ച് പുസ്തകമെഴുതുമ്പോൾ പാലിക്കേണ്ട കർശനമായ ചട്ടങ്ങളുണ്ട്. സിസിഎസ് (പെൻഷൻ) റൂൾസ് പ്രകാരം ഇൻ്റലിജൻസ് അല്ലെങ്കിൽ സുരക്ഷയുമായി ബന്ധപ്പെട്ട സംഘടനകളിൽ പ്രവർത്തിച്ചിട്ടുള്ള ഉദ്യോഗസ്ഥർക്ക് വിരമിച്ച ശേഷവും വിവരങ്ങൾ വെളിപ്പെടുത്തുന്നതിന് നിയന്ത്രണങ്ങളുണ്ട്
കരസേന മേധാവിയായിരുന്ന ഒരാൾ എഴുതുന്ന പുസ്തകം എന്ന നിലയിൽ അതിലെ ഓരോ വരിയും പ്രതിരോധ മന്ത്രാലയം സൂക്ഷ്മമായി പരിശോധിച്ച ശേഷമേ പ്രസിദ്ധീകരണ അനുമതി (എൻഒസി) നൽകുകയുള്ളൂ. ഈ അനുമതി ലഭിക്കുന്നതിന് മുൻപ് തന്നെ പുസ്തകത്തിൻ്റെ ഉള്ളടക്കം ചോർന്നത് ഗുരുതരമായ സുരക്ഷാ വീഴ്ചയായാണ് കണക്കാക്കുന്നത്. പെൻഗ്വിൻ റാൻഡം ഹൗസിൽ നിന്നാണോ അതോ കൈയെഴുത്തുപ്രതി പരിശോധനയ്ക്ക് നൽകിയ മന്ത്രാലയങ്ങളിൽ നിന്നാണോ ചോർച്ചയുണ്ടായതെന്ന് കണ്ടെത്താനാണ് പൊലീസ് ശ്രമിക്കുന്നത്. ഡിജിറ്റൽ തെളിവുകൾ ശേഖരിക്കുന്നതിനായി സൈബർ സെല്ലിൻ്റെ സഹായവും തേടിയിട്ടുണ്ട്.
പാർലമെൻ്റിൽ രാഹുൽ ഗാന്ധി പുസ്തകത്തിൻ്റെ പകർപ്പ് പ്രദർശിപ്പിച്ചത് വിഷയത്തിൻ്റെ രാഷ്ട്രീയ പ്രാധാന്യം വർധിപ്പിച്ചു. അഗ്നിപഥ് പദ്ധതി സൈന്യത്തിന് ഗുണകരമല്ലെന്ന് മുൻ കരസേനാ മേധാവി തന്നെ സമ്മതിക്കുന്നുണ്ടെന്ന് പ്രതിപക്ഷം വാദിക്കുന്നു. എന്നാൽ തെരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തിൽ സർക്കാരിനെ പ്രതിക്കൂട്ടിലാക്കാൻ ബോധപൂർവം നടത്തിയ ചോർത്തലാണോ ഇതെന്നും സംശയിക്കുന്നുണ്ട്. കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തതോടെ പുസ്തകത്തിൻ്റെ പ്രസിദ്ധീകരണം ഇനിയും അനിശ്ചിതമായി നീളാൻ സാധ്യതയുണ്ട്.
ഔദ്യോഗിക രഹസ്യ നിയമം ലംഘിക്കപ്പെട്ടിട്ടുണ്ടോ എന്ന കാര്യവും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. പുസ്തകത്തിലെ വിവാദ ഭാഗങ്ങൾ നീക്കം ചെയ്യണമോ അതോ പ്രസിദ്ധീകരണം തന്നെ തടയണമോ എന്ന കാര്യത്തിൽ പ്രതിരോധ മന്ത്രാലയത്തിൻ്റെ തീരുമാനം നിർണായകമാകും. എന്തായാലും ഒരു മുൻ സൈനിക മേധാവിയുടെ പുസ്തകം പ്രസിദ്ധീകരിക്കുന്നതിന് മുൻപേ ക്രിമിനൽ കേസിന് ആസ്പദമാകുന്നത് രാജ്യത്ത് ഇതാദ്യമായാണ്.