തൊപ്പിയും സംഘത്തിനുമെതിരെ അന്യേഷണത്തിന് ഉത്തരവിട്ട് ഡിജിപി

തൊപ്പിയും സംഘത്തിനുമെതിരെ അന്യേഷണത്തിന് ഉത്തരവിട്ട് ഡിജിപി

തിരുവനന്തപുരം :യൂട്യൂബർ ‘തൊപ്പി’ എന്നറിയപ്പെടുന്ന മുഹമ്മദ് നിഹാദിനും സംഘത്തിനുമെതിരെ ഗുരുതര കുറ്റകൃത്യങ്ങളിൽ അന്വേഷണം പ്രഖ്യാപിച്ച് കൊച്ചി സൈബർ പോലീസ്സംസ്ഥാന സൈബർ ഓപ്പറേഷൻസ് വിഭാഗത്തിൽ നിന്ന് ലഭിച്ച പ്രത്യേക നിർദേശത്തെ തുടർന്നാണ് കൊച്ചി പോലീസ് അന്വേഷണ ഉത്തരവിറക്കിയത്. പോക്സോ, ലഹരിമരുന്ന് ഉപയോഗം, സോഷ്യൽ മീഡിയ വഴിയുള്ള അശ്ലീല പ്രചാരണം തുടങ്ങിയ വിവിധ വകുപ്പുകൾ പ്രകാരമാണ് അന്വേഷണം പുരോഗമിക്കുന്നത്. ഹൈക്കോടതി അഭിഭാഷകനായ ശ്രീജിത്ത് പെരുമന നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഈ നീക്കം.

പൊതുവേദികളിലും സമൂഹമാധ്യമങ്ങളിലും പരസ്യമായി അശ്ലീലപ്രദർശനം നടത്തുക, സ്ത്രീവിരുദ്ധ പരാമർശങ്ങൾ ഉന്നയിക്കുക, തങ്ങൾ ചെയ്ത ക്രിമിനൽ കുറ്റങ്ങൾ വലിയ കാര്യമായി വിളിച്ചുപറഞ്ഞ് ആഘോഷിക്കുക തുടങ്ങിയ പ്രവണതകൾ യാതൊരു കാരണവശാലും അംഗീകരിക്കാൻ കഴിയില്ലെന്ന് അഡ്വ. ശ്രീജിത്ത് പെരുമന വ്യക്തമാക്കി. പുതിയ തലമുറയുടെയും കുട്ടികളുടെയും ഭാവിയെ പൂർണ്ണമായും തകർക്കുന്ന രീതിയിലാണ് ഇവരുടെ പ്രവർത്തനങ്ങളെന്നും, സമൂഹത്തിന് തെറ്റായ സന്ദേശം നൽകുന്ന ഇത്തരം ക്രിമിനലുകൾക്കെതിരെ മാതൃകാപരമായ ശക്തമായ നിയമനടപടികൾ വേണമെന്നും അദ്ദേഹം തന്റെ പരാതിയിൽ ആവശ്യപ്പെട്ടിരുന്നു.തൊപ്പിയുടെ ഗ്യാങ്ങിൽ പെട്ട മുൻ സുഹൃത്തുക്കൾ തന്നെയാണ് ഇയാൾക്കെതിരെ മയക്കുമരുന്ന് ഉപയോഗം, പണം തട്ടിയെടുക്കൽ, ഭീഷണിപ്പെടുത്തൽ തുടങ്ങിയ ഗുരുതര ആരോപണങ്ങളുമായി ആദ്യം രംഗത്തെത്തിയത്. ഇതിന് പുറമെ ഗായകൻ ഹനാൻ ഷായുടെ കുടുംബത്തെ അപകീർത്തിപ്പെടുത്തിയെന്ന പരാതിയും ഇവർക്കെതിരെയുണ്ട്. തൊപ്പിയുടെ ഗ്യാങ്ങിൽ ഉണ്ടായ ആഭ്യന്തര വിള്ളലുകൾക്ക് പിന്നാലെ നിഹാദും മുൻ സുഹൃത്തും പരസ്പരം സാമൂഹ്യമാധ്യമങ്ങളിലൂടെ കടുത്ത ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെ വ്യാപകമായ പൊതുജന പ്രതിഷേധം ഉയർന്നതോടെയാണ് പോലീസിന്റെ ഭാഗത്തുനിന്ന് ഇപ്പോൾ കർശന നടപടിയുണ്ടായിരിക്കുന്നത്.