IAS തലപ്പത്ത് അഴിച്ചുപണി: ദിവ്യ എസ് അയ്യർ, തദ്ദേശ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ

തിരുവനന്തപുരം: ഐഎഎസ് തലപ്പത്ത് വൻ അഴിച്ചുപണി. എൽഡിഎഫ് സർക്കാർ സസ്പെൻഡ് ചെയ്ത ബി അശോകിനും എൻ പ്രശാന്തിനും പുതിയ ചുമതകൾ നൽകി. ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ പ്രിൻസിപ്പൽ സെക്രട്ടറിയായാണ് ബി അശോകിനെ നിയമിച്ചിരിക്കുന്നത്. കായിക വകുപ്പിന്റെ സ്പെഷ്യൽ സെക്രട്ടറിയായാണ് എൻ പ്രശാന്തിന് നിയമനം നൽകിയിരിക്കുന്നത്. പ്രശാന്തിന് യുവജനക്ഷേമം, മൃഗശാല, മ്യൂസിയം, പുരാവസ്തു വകുപ്പുകളുടെ സ്പെഷ്യൽ സെക്രട്ടറിയായി അധിക ചുമതലയും നൽകിയിട്ടുണ്ട്. വിഴിഞ്ഞം തുറമുഖ എംഡി സ്ഥാനത്തുനിന്ന് ദിവ്യ എസ് അയ്യരെ നീക്കി. തദ്ദേശ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടറായാണ് ദിവ്യ എസ് അയ്യരെ നിയമിച്ചിരിക്കുന്നത്. സാംസ്കാരിക വകുപ്പ് ഡയറക്ടർ സ്ഥാനത്തുനിന്നും ദിവ്യ എസ് അയ്യരെ നീക്കിയിട്ടുണ്ട്. ജെറോമിക് ജോർജാണ് പുതിയ വിഴിഞ്ഞം തുറമുഖം എംഡി.
മുഖ്യമന്ത്രിയുടെ സെക്രട്ടറി രത്തൻ കേൽക്കറിന് തുറമുഖ വകുപ്പ് സെക്രട്ടറിയുടെ ചുമതല കൂടി നൽകിയിട്ടുണ്ട്. ശർമിള മേരി ജോസഫിനെ ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായി നിയമിച്ചു. ആഭ്യന്തര സെക്രട്ടറി ബിശ്വനാഥ് സിൻഹക്ക് കയർ വകുപ്പിന്റെ ചുമതല കൂടി നൽകിയിട്ടുണ്ട്. പുനീത് കുമാറിനെ കേരളാ ഹൗസിന്റെ റെസിഡന്റ് കമ്മീഷണർ സ്ഥാനത്തുനിന്ന് നീക്കി. തദ്ദേശ വകുപ്പ് സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കി ടി വി അനുപമയെ ഗതാഗത വകുപ്പ് സെക്രട്ടറിയായി നിയമിച്ചു. അനുപമയ്ക്ക് വിമാനത്താവളത്തിന്റെയും മെട്രോ റെയിലിന്റെയും അധിക ചുമതല എംജി രാജമാണിക്യത്തെ കെഎസ്ഇബി ചെയർമാൻ ആൻഡ് എംഡിയായി നിയമിച്ചു. ദേവസ്വം വകുപ്പിന്റെ ചുമതലയിൽ രാജമാണിക്യം തുടരും. റവന്യൂ സെക്രട്ടറി, സിവിൽ സപ്ലൈസ് ചുമതലകളിൽ നിന്ന് രാജമാണിക്യത്തെ നീക്കം. റവന്യു സ്പെഷ്യൽ സെക്രട്ടറിയായി ജീവൻ ബാബു കെ, ജലവിഭവ വകുപ്പ് സെക്രട്ടറിയായി എസ് സുഹാസ് എന്നിവരും നിയമിതരായി.