"ദൃഢം, ഭൂതകാലം'എന്നീ സിനിമകൾ തൻ്റെ കഥയുടേയും , അനുഭവകഥയുടേയും മോഷണം ": ആരോപണവുമായി ആര്‍. ശ്രീലേഖ
തിരുവനന്തപുരം: തിയേറ്ററിൽ ഇപ്പോൾ പ്രദർശിപ്പിച്ചുകൊണ്ടിരിക്കുന്ന 'ദൃഢം' സിനിമക്കെതിരെ മുന്‍ ഡിജിപിയും ബിജെപി നേതാവുമായ ആര്‍ ശ്രീലേഖ. തൻ്റെ ചെറുകഥ മോഷ്ടിച്ചാണ് സിനിമയാക്കിയതെന്നാണ് സമൂഹമാധ്യമത്തിലെ കുറിപ്പിലൂടെ ആര്‍ ശ്രീലേഖ വെളിപ്പെടുത്തിയത് . വര്‍ഷങ്ങള്‍ക്കുമുമ്പ് മാതൃഭൂമി വാരികയിലെഴുതിയ 'കരിങ്കൊടി പൊലീസ് സ്റ്റേഷനെ'ന്ന ചെറുകഥയാണ് സിനിമയാക്കിയത്. തൻ്റെ യൂട്യൂബ് ചാനലില്‍ മൂന്ന് വര്‍ഷം മുന്‍പ് പറഞ്ഞ ഒരു അനുഭവ കഥയുടെ മോഷണമാണ് 'ഭൂതകാലം' എന്ന സിനിമയെന്നും അവര്‍ ഫേസ്ബുക്കില്‍ കുറിച്ചു. തലക്കെട്ടിലും സാമ്യമുണ്ട്. 'ഭൂത ഭവനം' എന്നായിരുന്നു താന്‍ ആ കഥക്കിട്ട പേരെന്നും അവര്‍ പറയുന്നു.വിവാദത്തിലായ ഈ രണ്ട് സിനിമകളിലേയും നായകൻ ഷെയ്ൻ നിഗം ആണെന്നും 'പറവ' എന്ന സിനിമ മുതൽ ഷെയ്ൻ നിഗത്തെ തനിക്ക് ഏറെ ഇഷ്ടമാണെന്നും ശ്രീലേഖ പറയുന്നു.
പൊലീസുകാരുടെ ജീവിതം മുന്‍നിര്‍ത്തി കഥ പറയുന്ന ചിത്രമാണ് ദൃഢം. ജോമോന്‍ ജോണ്‍, ലിന്റോ ദേവസ്യ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം ഒരുക്കിയിരിക്കുന്നത്. എസ് ഐ വിജയ് രാധാകൃഷ്ണന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ ഷെയ്ന്‍ അവതരിപ്പിച്ചിരിക്കുന്നത്.ഷെയ്ൻ നിഗം- രേവതി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ചിത്രമാണ് ഭൂതകാലം.