പിണറായി വിജയൻ്റെ വീട്ടിൽ ഇഡി പരിശോധന: വ്യാപക പ്രതിഷേധവുമായി സിപിഎം

തിരുവനന്തപുരം : പ്രതിപക്ഷ നേതാവും മുൻ മുഖ്യമന്ത്രിയുമായ പിണറായി വിജയൻ്റെ തിരുവനന്തപുരത്തെ വാടക വസതി ഉൾപ്പെടെ 12 ഇടങ്ങളിൽ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിൻ്റെ (ഇഡി) മിന്നൽ പരിശോധന. വീണാ വിജയൻ്റെ ഉടമസ്ഥതയിലുള്ള എക്സാലോജിക് കമ്പനിയും കൊച്ചിയിലെ സിഎംആർഎലും തമ്മിലുള്ള മാസപ്പടി കേസിലാണ് അന്വേഷണ സംഘം റെയ്ഡ് നടത്തുന്നത്. കൊച്ചിയിലെ സിഎംആർഎൽ ഓഫിസുകളിലും മാനേജിങ് ഡയറക്ടർ ശശിധരൻ കർത്തയുടെ വീട്ടിലുമാണ് പ്രധാന പരിശോധനകൾ പുരോഗമിക്കുന്നത് കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമാണ് സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ ഇഡി ഉദ്യോഗസ്ഥർ നടപടികൾ ആരംഭിച്ചത്.
പരിശോധനയുമായി ബന്ധപ്പെട്ട് പിണറായി വിജയൻ്റെ മകൾ വീണാ വിജയനിൽ നിന്നും അന്വേഷണ സംഘം അനുബന്ധ വിവരങ്ങൾ വിവരങ്ങൾ ശേഖരിച്ചു. ഇതിനുപുറമെ സിഎംആർഎൽ മാനേജിങ് ഡയറക്ടറുടെ മകൻ ശരൺ എസ് കർത്തയിൽ നിന്നും ഇഡി വിശദാംശങ്ങൾ തേടിയിട്ടുണ്ട്. സാമ്പത്തിക ഇടപാടുകളിൽ കൂടുതൽ വ്യക്തത വരുത്താനും നിർണായക രേഖകൾ കണ്ടെത്താനുമാണ് കേന്ദ്ര ഏജൻസി ഉദ്യോഗസ്ഥർ നീക്കം നടത്തുന്നത്. തിരുവനന്തപുരത്തിനും കൊച്ചിക്കും പുറമെ മുൻ മന്ത്രിയും പിണറായി വിജയൻ്റെ മരുമകനുമായ മുഹമ്മദ് റിയാസിൻ്റെ കോഴിക്കോട്ടെ വീട്ടിലും ഉദ്യോഗസ്ഥർ ഇതിനോടകം പരിശോധനയ്ക്ക് എത്തിയിട്ടുണ്ട്.