ബസ് ട്രക്കിലിടിച്ച് തീപിടിച്ച് എട്ട് മരണം : 29പേർക്ക് ഗുരുതര പരിക്ക്

ബസ് ട്രക്കിലിടിച്ച് തീപിടിച്ച് എട്ട് മരണം : 29പേർക്ക് ഗുരുതര പരിക്ക്

 ജയ്‌പൂർ: രാജസ്ഥാനിലെ ദൗസ ജില്ലയിൽ ഡൽഹി-മുംബൈ എക്സ്പ്രസ് വേയിൽ സ്ലീപ്പർ ബസ് ട്രക്കിന് പിന്നിലിടിച്ച് തീപിടിച്ച് എട്ട് യാത്രക്കാർ മരിച്ചു. കുട്ടികൾ ഉൾപ്പെടെ ഇരുപത്തൊൻപത് പേർക്ക് ഗുരുതരമായി പരിക്കേറ്റു.ഇന്ന് പുലർച്ചെയാണ് നാടിനെ നടുക്കിയ ദാരുണമായ അപകടം സംഭവിച്ചത്. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ നൽകുന്ന സൂചന.ഉത്തരാഖണ്ഡിലെ ഋഷികേശിൽ നിന്ന് മധ്യപ്രദേശിലെ ഇൻഡോറിലേക്ക് പോവുകയായിരുന്ന ഹാൻസ് ട്രാവൽസിൻ്റെ ബസാണ് അപകടത്തിൽപ്പെട്ടത്. കോൽവ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ധനവാഡയ്ക്ക് സമീപത്തുവച്ചാണ് സംഭവം. ഇടിയുടെ ആഘാതത്തിൽ ബസിൻ്റെ മുൻഭാഗം പൂർണമായും തകർന്നു. ഇതിന് പിന്നാലെ വാഹനത്തിന് തീപിടിച്ചതോടെ നിരവധി യാത്രക്കാർ ഉള്ളിൽ കുടുങ്ങുകയായിരുന്നു. അപകടവിവരം അറിഞ്ഞയുടൻ പൊലീസും ഫയർഫോഴ്സും പ്രാദേശിക ഭരണകൂടവും സ്ഥലത്തെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്.

എക്സ്പ്രസ് വേയിലെ ഗതാഗതം താൽക്കാലികമായി വഴിതിരിച്ചുവിട്ടാണ് അധികൃതർ രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കാൻ സാധിച്ചത്. പരിക്കേറ്റവരെ ഉടൻ തന്നെ ആംബുലൻസുകളിൽ ദൗസ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർക്ക് മികച്ച ചികിത്സ ഉറപ്പാക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. കുട്ടികൾ ഉൾപ്പെടെ ഇരുപത്തൊൻപത് പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നും ഇവരെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ ഊർജിതമായി തുടരുകയാണെന്നും പൊലീസ് അറിയിച്ചു.

ഡ്രൈവർ ഉറങ്ങിപ്പോയെന്ന് സംശയം

രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ ദൗസ പൊലീസ് സൂപ്രണ്ട് പിയൂഷ് ദീക്ഷിത് നേരിട്ട് സ്ഥലത്തെത്തിയിരുന്നു. ബസ് ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടത്തിന് കാരണമെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമാകുന്നതെന്ന് അദ്ദേഹം പറഞ്ഞു.എന്നാൽ അപകടത്തിൻ്റെ യഥാർഥ കാരണം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. തീപിടിത്തത്തിൽ അഞ്ച് പേർ വെന്തുമരിച്ചതായും മറ്റ് രണ്ട് പേർ തലയ്ക്കേറ്റ ഗുരുതരമായ പരിക്കുകളെ തുടർന്നാണ് മരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. എക്സ്പ്രസ് വേയിലൂടെ മുന്നിൽ പോവുകയായിരുന്ന ട്രക്കിലിടിച്ചാണ് അപകടമുണ്ടായതെന്നും ഇതിന് പിന്നാലെ രണ്ട് വാഹനങ്ങൾക്കും തീപിടിക്കുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജയ്‌പൂർ-ബന്ദികുയി എക്സ്പ്രസ് വേയിൽ പുലർച്ചെ 3.15നും 3.30നും ഇടയിലാണ് അപകടമുണ്ടായതെന്ന് ദൗസ ജില്ല കലക്ടർ സൗമ്യ ഝാ  പറഞ്ഞു. ഇരുപത്തിനാലോ ഇരുപത്തഞ്ചോ പേർ സുരക്ഷിതമായി രക്ഷപ്പെട്ടുവെന്നും ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും അവർ വ്യക്തമാക്കി.രണ്ട് പേർ സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. തീ നിയന്ത്രണവിധേയമാക്കിയ ശേഷം നടത്തിയ തിരച്ചിലിലാണ് കത്തിക്കരിഞ്ഞ നിലയിൽ ചില മൃതദേഹങ്ങൾ കണ്ടെത്തിയത്. ഇവ ആശുപത്രിയിലേക്ക് മാറ്റിയതായും രക്ഷാപ്രവർത്തനം ഇപ്പോഴും തുടരുകയാണെന്നും അവർ അറിയിച്ചു. മരണസംഖ്യ സംബന്ധിച്ച് കൃത്യമായ കണക്കുകൾ ഇപ്പോൾ പറയാനാകില്ലെന്നും ഏകദേശം ഏഴോ എട്ടോ പേർ മരിച്ചിട്ടുണ്ടെന്നുമാണ് കലക്ടർ നൽകുന്ന വിവരം.

രക്ഷാപ്രവർത്തനം വൈകിയെന്ന് ആരോപണം

അതേസമയം അടിയന്തര സേവനങ്ങൾ വൈകിയതിൽ പ്രദേശവാസികൾ കടുത്ത ആശങ്ക രേഖപ്പെടുത്തി. വിവരമറിയിച്ച് ഏകദേശം ഒരു മണിക്കൂറിന് ശേഷമാണ് ഫയർഫോഴ്സ് സ്ഥലത്തെത്തിയതെന്ന് അവർ ആരോപിച്ചു. രക്ഷാപ്രവർത്തനം വേഗത്തിലാക്കിയിരുന്നെങ്കിൽ ബസിനുള്ളിൽ കുടുങ്ങിയ ചില യാത്രക്കാരെയെങ്കിലും രക്ഷിക്കാൻ കഴിയുമായിരുന്നുവെന്നും നാട്ടുകാർ പറഞ്ഞു.