പരസ്യപ്രചാരണത്തിന്സമാപനം ; ഇനി നിശബ്‌ദം...ശേഷം പോളിംഗ് ബൂത്തിലേക്ക്

തിരുവനന്തപുരം: നിർണായകമായ കേരള നിയമസഭ തെരഞ്ഞെടുപ്പ് പോരാട്ടത്തിന്‍റെ പരസ്യപ്രചാരണം ഇന്ന് സമാപിച്ചു. ദേശീയനേതാക്കളെയും കേന്ദ്രമന്ത്രിമാരേയും ഇറക്കുമതിചെയ്‌ത് അവരുടെ വമ്പൻ റോഡ് ഷോകളും പ്രകമ്പനം സൃഷ്ട്ടിച്ചപ്രസംഗങ്ങളും പ്രഖ്യാപനങ്ങളുമൊക്കെയായി 23 ദിവസത്തെ വാശിയേറിയ പ്രചാരണ പ്രവർത്തനങ്ങൾക്കാണ് ഇന്ന് ആറ് മണിയോടെ തിരശ്ശില വീണത്. ആവേശം അലതല്ലിയ അവസാന ലാപ്പിൽ മൂന്നുമുന്നണികളുടെയും പ്രവർത്തകർ സംസ്ഥാനത്താകെ കൊട്ടിക്കലാശത്തിലേക്ക് ഒഴുകിയെത്തി. ബാൻഡ് മേളവും ചെണ്ടമേളവും നിശ്ചല ദൃശ്യങ്ങളുമൊക്കെയായി കലാശക്കൊട്ട് പൂരമാക്കി മുന്നണികൾ മാറ്റിയപ്പോൾ സംസ്ഥാനത്തെ 140 മണ്ഡലങ്ങളുടെ വിവിധയിടങ്ങളിൽ സ്ഥാനാർഥികളും അണിനിരന്നു. നാളെ നടക്കുന്ന നിശബ്ദ പ്രചാരണത്തിന് ശേഷം മറ്റന്നാൾ കേരളം പോളിങ് ബൂത്തിലെത്തും.

പത്ത് വർഷം അധികാരത്തിൽ നിന്നും മാറ്റി നിർത്തപ്പെട്ട കോൺഗ്രസ് നയിക്കുന്ന മുന്നണിയായ യുഡിഎഫ് പ്രചണ്ഡ പ്രചാരണമാണ് സംസ്ഥാനത്ത് നടത്തിയത്. യുഡിഎഫിന്‍റെ പ്രചാരണത്തിനായി ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുന ഖാർഗെ, എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി തെലുങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ, കർണാടക ഐ ടി മന്ത്രി പ്രിയങ്ക് ഖാർഗെ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ ദേശീയ നേതാക്കളായ അശോക് ഗെഹ്‌ലോട്ട്, പവൻ ഖേര, രേണുക ചൗധരി, സച്ചിൻ പൈലറ്റ് എന്നിവരടങ്ങുന്ന താരപ്രചാരകരാണ് എത്തിയത്. കൊട്ടിക്കാലശ ദിനമായ ഇന്ന് തിരുവനന്തപുരം മണ്ഡലത്തിലെ സി പി ജോണിന് വേണ്ടി സച്ചിൻ പൈലറ്റ് റോഡ് ഷോ സംഘടിപ്പിച്ചു.

സംസ്ഥാനത്തെ മൂന്നാം ശക്തിയായി മാറുമെന്ന പ്രഖ്യാപനത്തോടെ ബിജെപി നിയമസഭയിൽ വീണ്ടും അക്കൗണ്ട് തുറക്കാനുള്ള പ്രചാരണത്തിനാണ് നേതൃത്വം നൽകിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്, ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബീൻ, സംസ്ഥാനത്തിന്‍റെ ചുമതലയുള്ള പ്രഭാരി പ്രകാശ് ജാവ്‌ദേക്കർ, മഹാരാഷ്ട്ര മുഖ്യമ്രന്തി ദേവേന്ദ്ര ഫട്‌നാവിസ്, മുൻ കേന്ദ്രമന്ത്രി സ്മൃതി ഇറാനി തുടങ്ങിയവർ പ്രചാരണത്തിനെത്തിയപ്പോൾ പാർട്ടി ദേശീയ ജനറൽ സെക്രട്ടറി വിനോദ് താവ്‌ഡെയാണ് തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്.

സിപിഎമ്മിന് വേണ്ടി സംസ്ഥാനത്ത് മുഖ്യമ്രന്തി പിണറായി വിജയൻ പ്രചാരണം നയിച്ചപ്പോൾ ഇടതു ദേശീയ നേതാക്കളായ പ്രകാശ് കാരാട്ട്, വൃന്ദ കാരാട്ട്, ഡി രാജ, ആനി രാജ, ആർജെഡി നേതാവ് തേജസ്വി യാദവ് തുടങ്ങിയവർ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ പ്രസംഗിക്കാനെത്തി. പാർട്ടി ദേശീയ ജനറൽ സെക്രട്ടറി എംഎ ബേബി, സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ എന്നിവരുടെ നേതൃത്വത്തിൽ സംസ്ഥാന കമ്മിറ്റി പ്രചാരണപ്രവർത്തനങ്ങളുടെ ഏകോപനം നിർവ്വഹിച്ചു.സിപിഎം - ബിജെപി ഡീൽ ആരോപണം, ശബരിമല സ്വർണ്ണക്കൊള്ള, സർക്കാരിന്‍റെ ഭരണപരാജയം എന്നിവ യുഡിഎഫ് ഉയർത്തിയപ്പോൾ വയനാട് ദുരന്തത്തിൽ പെട്ടവർക്ക് വീട് നിർമ്മിക്കാനുള്ള പണത്തിൽ കോൺഗ്രസ് നേതാക്കൾ വെട്ടിപ്പ് നടത്തിയെന്നായിരുന്നു സിപിഎമ്മിന്‍റെ പ്രധാന പ്രചാരണം. എയിംസ് കൊണ്ടു വരുമെന്ന് പറഞ്ഞ ബിജെപി കേരളത്തിലെ ജനങ്ങളെ പറ്റിച്ചെന്നും എൽഡിഎഫ് - യുഡിഎഫ് മുന്നണികൾ ആരോപിച്ചു. ലോക്‌സഭയിൽ അവതരിപ്പിച്ച് എഫ്‌സിആർഎ ഭേദഗതിയെയും ഇരുമുന്നണികളും വിമർശനവിധേയമാക്കി. സംസ്ഥാന ഭരണത്തിനും യുഡിഎഫിനുമെതിരെ ബിജെപിയും പലവിധ ആരോപണങ്ങൾ ഉയർത്തി രംഗത്തുണ്ടായിരുന്നു. ശബരിമല സ്വർണക്കൊള്ള നടന്ന് എൽഡിഎഫിന്‍റെ കാലത്താണെങ്കിലും അതിന്‍റെ ചരടുകൾ ചെന്ന് നിൽക്കുന്നത് കോൺ്രഗസിന്‍റെ ഉന്നത നേതാക്കളിലാണെന്നായിരുന്നു പ്രധാന ആരോപണം. എൽഡിഎഫ് സർക്കാരിന്‍റെ ഭരണപരാജയം അക്കമിട്ട് നിരത്തിയെങ്കിലും ഭരണവിരുദ്ധ വികാരത്തിന്‍റെ ആനുകൂല്യം കോൺഗ്ര സിന് ലഭിക്കാതിരിക്കാനുള്ള തന്ത്രങ്ങളും പ്രചാരണത്തിലുടനീളം ബിജെപി സ്വീകരിച്ചു.ഏറ്റവും ഒടുവിൽ 2018ലെ പ്രളയം മനുഷ്യനിർമ്മിതമാണെന്നും അതിനു തെളിവായുള്ള മന്ത്രിയുടെ ശബ്ദരേഖയും സംഭവത്തിനുപിന്നിലെ ബിസിനസ്സ് ഡീലുമൊക്കെ വെളിപ്പെടുത്തി യുഡിഎഫ് സ്ഥനാർഥികൂടിയായ അഡ്വ.മാത്യുകുഴൻനാടൻ രംഗത്തുവരികയും പുതിയൊരു ചർച്ചയിലേയ്ക്ക് അതുവഴിതുറക്കുകയും ചെയ്‌ത ഘട്ടത്തിലാണ് പരസ്യ പ്രചാരണം നിശബ്‌ദ പ്രചാരണത്തിലേക്ക് വഴിമാറുന്നത് .
പരസ്യ പ്രചാരണ പ്രവർത്തനങ്ങൾക്ക് സമാപനം കുറിച്ചതോടെ നാളെ വീടുകളിലെത്തി വോട്ടുറപ്പിക്കുന്നതിലും സ്ലിപ്പ് വിതരണത്തിലുമാവും പാർട്ടികൾ ശ്രദ്ധ കേന്ദ്രീകരിക്കുക. മറ്റന്നാൾ കേരളം ബൂത്തിലെത്തുന്നതോടെ മൂന്നാഴ്ച്ചക്കാലത്തെ ജനാധിപത്യത്തിന്‍റെ ഉത്സവത്തിനാവും കേരളത്തിൽ വിരാമമാവുക.