'കലാശ്രീ' മേരിപോളിന് വിട


എറണാകുളം: കേരള സംഗീത നാടക അക്കാദമി 'കലാശ്രീ'പുരസ്കാരം നൽകി ആദരിച്ച മുംബൈ മലയാള നാടക ലോകത്തെ മുതിർന്ന നാടകപ്രവർത്തക മേരി പോളിൻ്റെ സംസ്കാര കർമ്മങ്ങൾ ഇന്ന് വൈകുന്നേരം കൊച്ചി പാലാരിവട്ടത്തെ കാരാനക്കോടം സെന്റ് ജൂഡ് സീറോമലബാർ ചർച്ച് സെമിത്തേരിയിൽ നടന്നു.പാലാരിവട്ടം ശോഭാറോഡിലെ നയങ്കര വസതിയിൽ പൊതുദർശനത്തിന് വെച്ചപ്പോൾ ആദരാഞ്ജലികൾ അർപ്പിക്കാൻ മുംബൈയിലെ നാടകപ്രവർത്തകരും സന്നിഹിതരായിരുന്നു.

മുംബൈ 'ആദം തിയേറ്റേഴ്സി' നുവേണ്ടി നടനും സംവിധായകനുമായ ജോളിച്ചൻ ജേക്കബ് ആദരാഞ്ജലി അർപ്പിക്കുന്നു .
തൃശൂർ ജില്ലയിലെ കാളത്തോട് നിന്നും മുംബൈയിലെത്തിയ മേരിപോൾ 1972നുശേഷമാണ് മഹാ നഗരത്തിലെ മലയാള നാടകലോകത്ത് രംഗപ്രവേശം ചെയ്യുന്നത് . സയൺ കോളിവാഡാ സമാജത്തിൻ്റെ ' മഗ്ദലന മറിയം 'എന്ന നാടകത്തിലാണ് ആദ്യവേഷം ചെയ്യുന്നത് . മുംബൈ മലയാള നാടകവേദിയിൽ സ്ത്രീകഥാപാത്രങ്ങളെ അവതരിപ്പിക്കാൻ സ്ത്രീകളെ ലഭിക്കാതിരുന്ന കാലത്താണ് ആ മേഖലയിൽ ധൈര്യപൂർവം മേരിപോൾ കടന്നുവരുന്നത് .ആദ്യ നാടകത്തിനുശേഷം നിരവധി കഥാപാത്രങ്ങൾ മേരിപോളിനെ തേടിയെത്തി.നിരവധി വേദികളിലായി നൂറോളം നാടകങ്ങൾ.!
ബോംബെ ഡോക്യാർഡിൽനിന്നും ഭർത്താവ് പോൾ വിരമിച്ചതിനുശേഷം കഞ്ചൂർ മാർഗ്ഗിലെ നേവൽ കോളനിയിൽ നിന്നും ഇവർ വിക്രോളിയിലെ കണ്ണംവാർ നഗറിലേക്ക് താമസം മാറിയപ്പോഴും നാടകത്തിൽ മേരിപോൾ സജീവമായിരുന്നു.അതിനുശേഷം താമസം ഡോംബിവ്ലിയിലേക്ക് മാറി .ആദം തിയേറ്റർ, രാഗം തിയേറ്റർ, ബോംബെ കേരളീയ സമാജം (മാട്ടുംഗ ), കേരളീയസമാജം ഡോംബിവ്ലി ,സുനയന ആർട്സ്, കൈരളി തിയേറ്റർ, കവിത തിയേറ്റർ, ഗീതാലയ... തുടങ്ങീ അന്ന് സജീവമായിരുന്ന എല്ലാ നാടക സംഘങ്ങളോടോപ്പവും വൈവിധ്യങ്ങളായ കഥാപാത്രങ്ങളെ അവതരിപ്പിക്കാനായി മേരിപോൾ കൂടെയുണ്ടായിരുന്നു .
സയൺ ഹോസ്പിറ്റലിൽ നേഴ്സായി ജോലി ലഭിക്കുന്ന ആദ്യ പ്രവാസി മലയാളി വനിതയാണ് മേരിപോൾ . ജോലി ചെയ്തിരുന്ന കാലത്ത് സയൺ ഹോസ്പിറ്റലിലെത്തുന്ന മലയാളികൾക്ക് പ്രധാന ആശ്രയം കൂടിയായിരുന്നു അവർ . 90-ാമത്തെ വയസ്സിലാണ് മേരിപോൾ വിടപറയുന്നത് .
