വിവാദമായ എഫ്‌സിആർഎ ബിൽ ഇന്ന് ലോക്‌സഭയിൽ ചര്‍ച്ചക്കെടുക്കില്ല

പ്രതിഷേധങ്ങൾക്കും വിവാദങ്ങൾക്കും ഇടയാക്കിയ വിവാദമായ എഫ്‌സിആർഎ ബിൽ ഇന്ന് പാര്‍ലമെന്‍റില്‍ ചര്‍ച്ചയ്‌ക്കെടുക്കില്ലെന്ന് റിപ്പോര്‍ട്ടുകള്‍. വിഷയം ഇന്ന് ലോകസഭയില്‍ ചര്‍ച്ചയ്‌ക്കെടുത്ത് പാസാക്കാനിയിരുന്നു തീരുമാനം. എന്നാല്‍ കേരളത്തില്‍ അടക്കം നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഇത് ബിജെപിക്ക് വന്‍ തിരിച്ചടിയായേക്കാമെന്ന ഭയമാണ് നിലവിലെ തീരുമാനത്തിന് കാരണമായതെന്നാണ് സൂചന. കേരളത്തില്‍ നിന്നുള്ള നേതാക്കള്‍ വിഷയത്തില്‍ ആശങ്ക അറിയിച്ചൂവെന്നുമാണ് പുറത്തുവരുന്ന സൂചനകള്‍.
വിദേശ സംഭാവന നിയന്ത്രണ നിയമ ഭേദഗതി (എഫ്‌സിആർഎ) ബിൽ ഇന്ന് ലോക്‌സഭയിൽ അവതരിപ്പിക്കാനായിരുന്നു നേരത്തെ തീരുമാനിച്ചത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ബിൽ അവതരിപ്പിക്കുമെന്നായിരുന്നു ലഭിച്ച വിവരം. അതേസമയം ബില്ലിനെതിരെ പ്രതിപക്ഷത്തിൻ്റെ ശക്തമായ എതിർപ്പുണ്ട്. ബില്ലിനെതിരെ യുഡിഎഫ് എംപിമാർ ലോക്‌സഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടിസ് നൽകിയിരുന്നു. ബിൽ തികച്ചും ദുരൂഹവും ജനാധിപത്യവിരുദ്ധവുമാണെന്നും ഇന്ത്യ മുന്നണി ഒറ്റക്കെട്ടായി ഇതിനെ എതിർക്കുമെന്നും പ്രതിപക്ഷം നേരത്തെ വ്യക്തമാക്കി. മുൻകൂർ ചർച്ചകളില്ലാതെ തിടുക്കപ്പെട്ട് ബിൽ പാസാക്കിയെടുക്കാനുള്ള സർക്കാർ നീക്കത്തിനെതിരെയായിരുന്നു പ്രധാനമായും പ്രതിഷേധം.
ഏത് സമയത്തും സർക്കാരിതര പ്രസ്ഥാനങ്ങൾ ഏറ്റെടുക്കാനും ആരാധനാലയങ്ങൾ ഉൾപ്പെടെയുള്ളവയുടെ പ്രവർത്തനങ്ങളിൽ ഇടപെടാനും സർക്കാരിന് അധികാരം നൽകുന്നതാണ് പുതിയ ഭേദഗതിയെന്ന് പ്രതിപക്ഷം ആരോപിച്ചു. ഭരണഘടനാ വിരുദ്ധമായ നീക്കങ്ങൾ അംഗീകരിക്കാനാകില്ലെന്നും ശക്തമായി പ്രതിഷേധിക്കുമെന്നും പ്രതിപക്ഷം വ്യക്തമാക്കി. ബിൽ വിശദമായ പഠനത്തിനും ചർച്ചകൾക്കുമായി പാർലമെൻ്ററി സ്റ്റാൻഡിങ് കമ്മിറ്റിക്ക് വിടണമെന്നാണ് പ്രധാന ആവശ്യം. ആശങ്കകൾ പരിഹരിക്കുകയും അഭിപ്രായങ്ങൾ കേൾക്കുകയും വേണം. സഭയിൽ ചർച്ചയ്‌ക്കെടുക്കുന്നതിന് മുമ്പായി സ്‌പീക്കർക്ക് പ്രതിപക്ഷ എംപിമാർ സംയുക്തമായി കത്ത് നൽകി.
ന്യൂനപക്ഷ, സന്നദ്ധ സംഘടനകളുടെ (എൻജിഒ) സ്വത്തുക്കൾ കണ്ടുകെട്ടുന്നതിനും കർശന പരിശോധനകൾ നടത്തുന്നതിനുമുള്ള കടുത്ത വ്യവസ്ഥകൾ ബില്ലിലുണ്ടെന്നത് വലിയ ആശങ്കയാണ് സൃഷ്‌ടിക്കുന്നത്. വിവാദ വകുപ്പുകൾ പൂർണമായും ഒഴിവാക്കി ബിൽ മാറ്റിയെഴുതണമെന്നാണ് ആവശ്യം. ഇന്ന് ഉച്ചയോടെ ബിൽ ലോക്‌സഭയിൽ പരിഗണനയ്‌ക്കെത്തും. ചർച്ചയിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും സംസാരിച്ചേക്കും.
കേരളത്തിൽ നിന്നുള്ള ഇടതുപക്ഷ എംപിമാരും യുഡിഎഫ് അംഗങ്ങളും ബില്ലിനെതിരെ ഒറ്റക്കെട്ടായ പ്രതിഷേധമാണ് ഡൽഹിയിൽ ഉയർത്തിയത്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകൾ ലക്ഷ്യം വച്ച് വോട്ടുകൾ ഏകീകരിക്കാനുള്ള രാഷ്ട്രീയ നീക്കങ്ങൾ കൂടിയാണ് കേന്ദ്ര സർക്കാരിൻ്റെ ഈ ബില്ലിന് പിന്നിലെന്നും പ്രതിപക്ഷം ആരോപിക്കുന്നു. എന്ത് വിലകൊടുത്തും ബിൽ പാസാക്കുന്നത് തടയാനും സ്റ്റാൻഡിങ് കമ്മിറ്റിക്ക് വിടാൻ സർക്കാരിനുമേൽ സമ്മർദം ചെലുത്താനുമായിരുന്നു പ്രതിപക്ഷത്തിൻ്റെ തീരുമാനം. ഇതിന് പിന്നാലെയാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്.