FIFA WORLD CUP 2026: പാനമയെ തകർത്ത് ഇംഗ്ലണ്ട് ഗ്രൂപ്പ് ചാമ്പ്യന്മാർ; ഘാനയെ വീഴ്ത്തി ക്രൊയേഷ്യയും നോക്കൗട്ടിൽ
ന്യൂജേഴ്സി: ആവേശം നിറഞ്ഞ ഗ്രൂപ്പ് എൽ മത്സരങ്ങൾ പൂർത്തിയായപ്പോൾ കരുത്തരായ ഇംഗ്ലണ്ടും ക്രൊയേഷ്യയും പ്രീ-ക്വാർട്ടറിലേക്ക് യോഗ്യത നേടി. ഗ്രൂപ്പിലെ അവസാന പോരാട്ടത്തിൽ പാനമയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്താണ് ഇംഗ്ലണ്ട് ഒന്നാം സ്ഥാനം ഉറപ്പിച്ചത്. മറ്റൊരു മത്സരത്തിൽ ആഫ്രിക്കൻ കരുത്തരായ ഘാനയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തി ക്രൊയേഷ്യയും നോക്കൗട്ടിലേക്ക് മുന്നേറി. തോൽവി വഴങ്ങിയെങ്കിലും മികച്ച മൂന്നാം സ്ഥാനക്കാരായി ഘാനയും അടുത്ത റൗണ്ടിലേക്ക് കടന്നിട്ടുണ്ട്.

Harry Kane (left)
റെക്കോർഡ് ഗോളുമായി ഹാരി കെയ്ൻ; പാനമയെ പൂട്ടി ഇംഗ്ലണ്ട്
ആദ്യ പകുതിയിൽ ഇംഗ്ലണ്ടിനെ കടുത്ത പ്രതിരോധത്തിലൂടെ പാനമ തളച്ചിട്ടു. മത്സരം എട്ട് മിനിറ്റ് പിന്നിട്ടപ്പോൾ മാർക്കസ് റാഷ്ഫോർഡിന് ലഭിച്ച സുവർണ്ണ അവസരം പാനമ ഗോൾകീപ്പർ ഒർലാൻഡോ മോസ്ക്വേര തട്ടിയകറ്റി. 26-ാം മിനിറ്റിൽ ജോസ് ലൂയിസ് റൊഡ്രിഗസിന്റെ തകർപ്പൻ ഷോട്ടിലൂടെ പാനമ ഇംഗ്ലണ്ടിന് മുന്നറിയിപ്പ് നൽകിയെങ്കിലും ഗോൾകീപ്പർ ജോർദാൻ പിക്ക്ഫോർഡ് രക്ഷകനായി. നിക്കോ ഒറെയ്ലി, എലിയറ്റ് ആൻഡേഴ്സൺ എന്നിവർക്ക് ലഭിച്ച അവസരങ്ങളും ഇംഗ്ലണ്ടിന് മുതലാക്കാനായില്ല. ആദ്യപകുതി ഗോൾരഹിതമായി അവസാനിച്ചു.രണ്ടാം പകുതിയിൽ കളി മാറിമറിഞ്ഞു. 62-ാം മിനിറ്റിൽ ബുക്കായോ സാക്കയുടെ കോർണറിൽ നിന്ന് ജൂഡ് ബെല്ലിംഗ്ഹാം തകർപ്പൻ വോളിയിലൂടെ ഇംഗ്ലണ്ടിന്റെ ആദ്യ ഗോൾ നേടി. നാല് മിനിറ്റുകൾക്ക് ശേഷം ബെല്ലിംഗ്ഹാമിന്റെ ബോക്സിലേക്കുള്ള മനോഹരമായ ക്രോസിൽ തലവെച്ച് ക്യാപ്റ്റൻ ഹാരി കെയ്ൻ ഇംഗ്ലണ്ടിന്റെ വിജയമുറപ്പിച്ച രണ്ടാം ഗോളും കുറിച്ചു. ഈ ഗോളോടെ ലോകകപ്പിൽ ഇംഗ്ലണ്ടിനായി ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരം (11 ഗോളുകൾ) എന്ന ഗാരി ലിനേക്കറുടെ റെക്കോർഡ് ഹാരി കെയ്ൻ മറികടന്നു. അവസാന നിമിഷങ്ങളിൽ പാനമയുടെ ജോസ് ഫജാർഡോ പന്ത് വലയിലെത്തിച്ചെങ്കിലും ഓഫ്സൈഡ് വിധിയിലൂടെ റഫറി അത് നിഷേധിച്ചു. ഒരു ഗോൾ പോലും നേടാനാകാതെയാണ് പാനമ ലോകകപ്പിൽ നിന്ന് മടങ്ങുന്നത്.

ഘാനയെ മറികടന്ന് ക്രൊയേഷ്യ ലോകകപ്പിലെ അവസാന 32-ാം സ്ഥാനത്തേക്ക്
ഗ്രൂപ്പിലെ രണ്ടാം മത്സരത്തിൽ കനത്ത പോരാട്ടത്തിനൊടുവിലാണ് ക്രൊയേഷ്യ ഘാനയെ കീഴടക്കിയത്. പീറ്റർ സൂസിച്ചിലൂടെ ക്രൊയേഷ്യയാണ് മത്സരത്തിൽ ആദ്യം ലീഡ് എടുത്തത്. എന്നാൽ വിട്ടുകൊടുക്കാൻ തയ്യാറാകാതിരുന്ന ഘാന ഡെറിക് ലൂക്കാസനിലൂടെ സമനില പിടിച്ചു.മത്സരം സമനിലയിലേക്ക് നീങ്ങവെ, 83-ാം മിനിറ്റിൽ ലഭിച്ച കോർണർ ലൂക്കാ മോഡ്രിച്ച് കൃത്യമായി ബോക്സിലേക്ക് എത്തിച്ചു. ഉയർന്നുവന്ന നികോള വ്ലാസിച്ച് മനോഹരമായ ഹെഡ്ഡറിലൂടെ ക്രൊയേഷ്യയുടെ വിജയഗോൾ നേടി. ഈ അസിസ്റ്റോടെ ലോകകപ്പ് ചരിത്രത്തിൽ ഗോളിന് വഴിയൊരുക്കുന്ന ഏറ്റവും പ്രായം കൂടിയ താരമെന്ന റെക്കോർഡ് ലെജൻഡ് ലൂക്കാ മോഡ്രിച്ച് സ്വന്തമാക്കി.ഈ വിജയത്തോടെ ക്രൊയേഷ്യ ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്തേക്ക് ഉയർന്നു. നിലവിലെ ഗ്രൂപ്പ് ഘടന അനുസരിച്ച് പ്രീ-ക്വാർട്ടറിൽ ക്രൊയേഷ്യ പോർച്ചുഗലിനെയും, ഘാന കൊളംബിയയെയും നേരിടാനാണ് സാധ്യത.

