FIFA WORLD CUP2026: ഫ്രാൻസ് സ്വീഡനെ 3-0 ന് പരാജയപ്പെടുത്തി, ചരിത്രം കുറിച്ച്‌ കൈലിയൻ എംബാപ്പെ

FIFA WORLD CUP2026: ഫ്രാൻസ് സ്വീഡനെ 3-0 ന് പരാജയപ്പെടുത്തി,  ചരിത്രം കുറിച്ച്‌ കൈലിയൻ എംബാപ്പെ

ഫിഫ ലോകകപ്പ് 2026-ൽ ചരിത്രം തിരുത്തിക്കുറിച്ച്‌   കിലിയൻ എംബാപ്പെ. റൗണ്ട് ഓഫ് 32-ൽ സ്വീഡനെതിരെ നടന്ന മത്സരത്തിൽ ഇരട്ട ഗോളുകൾ നേടിയതോടെ, ലോകകപ്പ് നോക്കൗട്ട് ഘട്ടത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന താരമെന്ന ബഹുമതി എംബാപ്പെ സ്വന്തമാക്കി  3-0 എന്ന സ്കോറിനാണ് ഫ്രാൻസ് സ്വീഡനെ പരാജയപ്പെടുത്തിയത്. ഈ ഗോളുകളോടെ ലോകകപ്പ് നോക്കൗട്ട് മത്സരങ്ങളിൽ 10 ഗോളുകൾ എന്ന നാഴികക്കല്ല് പിന്നിടുന്ന ആദ്യ താരമായി എംബാപ്പെ മാറി. 

നേരത്തെ എട്ട് വീതം ഗോളുകൾ നേടിയ ബ്രസീലിയൻ ഇതിഹാസങ്ങളായ റൊണാൾഡോ നസാരിയോയുടെയും ലിയോണിഡാസിന്റെയും റെക്കോർഡാണ് എംബാപ്പെ മറികടന്നത്. ഫ്രാൻസിന്റെ തന്നെ ജസ്റ്റ് ഫോണ്ടെയ്ൻ, ബ്രസീലിന്റെ പെലെ എന്നിവർ നോക്കൗട്ട് ഘട്ടത്തിൽ 7 ഗോളുകൾ വീതം നേടിയിരുന്നു. ലോകകപ്പ് ചരിത്രത്തിൽ ആകെ 19 ഗോളുകളുമായി ലയണൽ മെസ്സിയാണ് മുന്നിലെങ്കിലും, നോക്കൗട്ട് ഘട്ടത്തിൽ മെസ്സിക്ക് 5 ഗോളുകൾ മാത്രമേയുള്ളൂ. ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ലോകകപ്പ് നോക്കൗട്ട് മത്സരങ്ങളിൽ ഇതുവരെ ഒരു ഗോൾ പോലും നേടാനായിട്ടില്ല എന്നത് ശ്രദ്ധേയമാണ്.

സ്വീഡന്റെ പ്രതിരോധത്തെ തകർക്കാൻ എംബാപ്പെയ്ക്ക് മികച്ച പിന്തുണയാണ് മൈക്കൽ ഒലിസ് നൽകിയത്. ഒലിസ് നൽകിയ ഗംഭീര പാസുകൾ കൃത്യമായി ലക്ഷ്യത്തിലെത്തിച്ചാണ് എംബാപ്പെ ഫ്രാൻസിനെ വിജയത്തിലേക്ക് നയിച്ചത്. മത്സരശേഷം ഫ്രഞ്ച് പരിശീലകൻ ദിദിയർ ദെഷാംപ്‌സ് എംബാപ്പെയുടെ പ്രകടനത്തെ വാനോളം പുകഴ്ത്തി. ലോകകപ്പ് വേദിയിൽ സ്ഥിരതയോടെ മികച്ച പ്രകടനം പുറത്തെടുക്കുന്ന എംബാപ്പെ ഒരു പ്രത്യേക വിഭാഗത്തിൽ പെടുന്ന താരമാണെന്ന് അദ്ദേഹം പറഞ്ഞു.

1998 ലോകകപ്പ് ഫൈനലിൽ ബ്രസീലിനെ 3-0ന് തോൽപ്പിച്ചതിന് ശേഷം നോക്കൗട്ട് ഘട്ടത്തിൽ ഫ്രാൻസ് നേടുന്ന ഏറ്റവും വലിയ വിജയമാണിത്. റൗണ്ട് ഓഫ് 16-ൽ പാരാഗ്വേയാണ് ഫ്രാൻസിന്റെ അടുത്ത എതിരാളികൾ. ജർമ്മനിയെ പെനാൽറ്റി ഷൂട്ടൗട്ടിൽ അട്ടിമറിച്ചാണ് പാരാഗ്വേ പ്രീക്വാർട്ടറിലേക്ക് യോഗ്യത നേടിയത്. ജൂലൈ 4-നാണ് ഈ നിർണ്ണായക മത്സരം നടക്കുക.