ആകാശപാതയിൽ കാർ താക്കോൽ കുടുങ്ങിയ യാത്രക്കാരന് സഹായഹസ്തവുമായെത്തി ഫയർ ഫോഴ്സ്

ആകാശപാതയിൽ കാർ താക്കോൽ കുടുങ്ങിയ യാത്രക്കാരന് സഹായഹസ്തവുമായെത്തി  ഫയർ ഫോഴ്സ്

കോഴിക്കോട്: കാറിൻ്റെ താക്കോൽ സ്‌കൈവാക്കിൽ  വീണ് യാത്ര മുടങ്ങുമെന്ന് കരുതിയ ആൾക്ക് തുണയായി ഫയർ ഫോഴ്സ്. കോഴിക്കോട് മെഡിക്കൽ കോളജ് സ്‌കൈവാക്കിലൂടെ   പോകുമ്പോഴാണ്  സംഭവം. മലപ്പുറം കുറ്റിപ്പുറം സ്വദേശി കക്കടി വീട്ടിൽ ശിവനാഥൻ്റെ കാറിൻ്റെ താക്കോലാണ് കൈയിൽ നിന്നും തെന്നിത്തെറിച്ച് ഇരുമ്പ് റണ്ണറുകൾക്കിടയിൽ വീണത്. കാറിൻ്റെ താക്കോൽ  റണ്ണറുകൾക്കിടയിൽ കുടുങ്ങിയതോടെ ഇനി എന്തുചെയ്യുമെന്ന് ആലോചിച്ച് ആശങ്കപ്പെടുന്നതിനിടയിലും അപകടസാധ്യത മുന്നിൽ കണ്ട് ശിവനാഥൻ പലവിധ ശ്രമങ്ങളും നടത്തി.ഏറെനേരം ശ്രമം നടത്തിയെങ്കിലും ഒരു വിധത്തിലും അത് തിരിച്ചെടുക്കാൻ അദ്ദേഹത്തിന് സാധിച്ചില്ല. കാറിൻ്റെ താക്കോൽ ലഭിക്കാതെ ആയതോടെ കാർ എടുത്ത് തിരിച്ച് വീട്ടിലേക്ക് പോകാനും സാധിക്കാതെയായി. ഈ സമയത്ത് ഇതുവഴി പോയ രോഗികളുടെ കൂട്ടിരിപ്പുകാരും ബന്ധുക്കളും വഴിയാത്രക്കാരുമൊക്കെ ശിവനാഥനെ ആശ്വസിപ്പിക്കുകയും താക്കോൽ പുറത്തെടുക്കാൻ ശ്രമം നടത്തുകയും ചെയ്തു. എന്നാൽ ആകാശപാതയുടെ അരികിലുള്ള റണ്ണറിൽ വീണ താക്കോൽ ആർക്കും തിരിച്ചെടുക്കാൻ സാധിച്ചില്ല.

ഇനി എന്ത് ചെയ്യും എന്നറിയാത്ത ഘട്ടത്തിലാണ് അതുവഴി പോയ ഒരാൾ ഫയർ ഫോഴ്സിനെ വിവരമറിയിച്ചാലോ എന്ന് ചോദിച്ചത്. അങ്ങനെ ഫയർ ഫോഴ്സിനെ വിവരമറിയിക്കാൻ തീരുമാനിച്ചു. താക്കോൽ പോലുള്ളവ നഷ്ടപ്പെട്ടാൽ ഫയർ യൂണിറ്റ് വരുമോ എന്ന സംശയം കൂട്ടത്തിൽ പലരും ഉന്നയിച്ചു. അഥവാ വന്നാലോ എന്നും അവരിൽ പലരും മറുപടി പറഞ്ഞു. പിന്നെ ഒട്ടും കാലതാമസം വരുത്താതെ അല്പം സംശയത്തോടെ ഫയർ യൂണിറ്റിൽ വിവരമറിയിച്ചു.

ഉടൻ തന്നെ യാതൊരു ഉപേക്ഷയും വരുത്താതെ താക്കോൽ നഷ്ടപ്പെട്ട ആളുടെ പ്രയാസം കണക്കിലെടുത്ത് വെള്ളിമാടുകുന്ന് ഫയർ യൂണിറ്റ് സംഭവസ്ഥലത്തേക്ക് കുതിച്ചെത്തി. തുടർന്ന് ഫയർ യൂണിറ്റ് അംഗം എം നിഖിൽ ലാഡർ ഉപയോഗിച്ച് ആകാശപാതയ്ക്ക് മുകളിൽ കയറി കാറിൻ്റെ താക്കോൽ എടുത്ത് ശിവനാഥന് കൈമാറി.