അഞ്ച് രൂപയ്ക്ക് മീനും ചോറും, മദ്യശാലകൾക്കും നിയന്ത്രണം; ക്ഷേമപദ്ധതികളുമായി സുവേന്ദു

കൊൽക്കത്ത: സ്ത്രീകൾക്ക് സാമ്പത്തിക സഹായം നൽകാനായി അന്നപൂർണ യോജനയുടെ അപേക്ഷാ ഫോമുകൾ നാളെ മുതൽ വിതരണം ചെയ്യുമെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി അറിയിച്ചു. പ്രതിമാസം 3000 രൂപ വീതം സ്ത്രീകൾക്ക് നൽകുന്ന ഈ പദ്ധതി സംസ്ഥാന സർക്കാരിൻ്റെ പ്രധാന ക്ഷേമപദ്ധതികളിലൊന്നായിരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.നാദിയ ജില്ലയിലെ കല്യാണിയിൽ നടന്ന യോഗത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് മുഖ്യമന്ത്രി ഇതുമായി ബന്ധപ്പെട്ട പ്രസ്‌താവന നടത്തിയത്. “സംസ്ഥാന സെക്രട്ടേറിയറ്റിൽ നിന്നാണ് നാളെ മുതൽ അന്നപൂർണ യോജനയുടെ ഫോമുകൾ വിതരണം ചെയ്യുന്നത്. സംസ്ഥാനത്തെ എല്ലാ പൗരന്മാർക്കും പദ്ധതിയുടെ ഗുണഭോക്താക്കളാകാമെന്നും അദ്ദേഹം പറഞ്ഞു.
സ്ത്രീകൾക്ക് പ്രതിമാസ ധനസഹായം
അന്നപൂർണ യോജനയുടെ ഭാഗമായി കുടുംബങ്ങളുടെ സാമ്പത്തിക സുരക്ഷ ഉറപ്പാക്കുക എന്നതാണ് സർക്കാരിൻ്റെ പ്രധാന ലക്ഷ്യമെന്ന് അധികൃതർ വ്യക്തമാക്കി. പ്രത്യേകിച്ച് വീട്ടമ്മമാർക്കും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സ്ത്രീകൾക്കും പദ്ധതി ഏറെ സഹായകമാകുമെന്നാണ് വിലയിരുത്തൽ.
അഞ്ച് രൂപയ്ക്ക് ഇനി മീനും ചോറും പദ്ധതി
സംസ്ഥാനത്തുടനീളം പ്രവർത്തിക്കുന്ന ഏകദേശം 400 പ്രത്യേക കാൻ്റീനുകളിൽ ആഴ്‌ചയിൽ രണ്ടു ദിവസം അഞ്ച് രൂപയ്ക്ക് മീനും ചോറും വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. വിലക്കയറ്റത്തിൻ്റെ സാഹചര്യത്തിൽ സാധാരണ ജനങ്ങൾക്ക് ആശ്വാസമാകുന്ന പദ്ധതിയാണ് ഇത് എന്നാണ് സർക്കാറിൻ്റെ വിശദീകരണം.
മദ്യശാലകൾക്ക് നിയന്ത്രണം
സ്‌കൂളുകൾ, കോളേജുകൾ, ആരാധനാലയങ്ങൾ എന്നിവയുടെ ഒരു കിലോമീറ്റർ പരിധിക്കുള്ളിൽ മദ്യശാലകൾ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വിദ്യാർത്ഥികളുടെ സുരക്ഷ മുൻനിർത്തിയാണ് ഈ നടപടിയെന്ന് അധികൃതർ വ്യക്തമാക്കി.
ആയുഷ് വകുപ്പ് വേർതിരിക്കും
ആയുഷ് വിഭാഗത്തെ ആരോഗ്യവകുപ്പിൽ നിന്ന് വേർതിരിച്ച് പ്രത്യേക വകുപ്പ് രൂപീകരിക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ആയുർവേദം, യോഗ, യൂനാനി, സിദ്ധ, ഹോമിയോപ്പതി മേഖലകൾക്ക് കൂടുതൽ പ്രാധാന്യം നൽകാനാണ് നീക്കം.
അന്നപൂർണ യോജന
സമൂഹത്തിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സ്ത്രീകൾക്ക് സഹായം നൽകുന്നതിനായി മമത ബാനർജിയുടെ നേതൃത്വത്തിലുള്ള മുൻ സർക്കാർ 2021 ൽ ലക്ഷ്‌മി ഭണ്ഡാർ എന്ന പദ്ധതി ആരംഭിച്ചിരുന്നു.സംസ്ഥാനത്ത് ബിജെപി സർക്കാർ രൂപീകരിച്ചതിനുശേഷം ഈ പദ്ധതി ഇപ്പോൾ 'അന്നപൂർണ യോജന' എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു. ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ പരാമർശിച്ച പ്രധാന വാഗ്‌ദാനമായിരുന്നു അന്നപൂർണ്ണ ഭണ്ഡാർ. പദ്ധതിയിലൂടെ വനിതകൾക്ക് പ്രതിമാസം 3000 രൂപ ധനസഹായം നൽകും. ആധാർ കാർഡുമായി ബന്ധിപ്പിച്ചിട്ടുള്ള ബാങ്ക് അക്കൗണ്ടിലേക്കാണ് ഈ പദ്ധതിയിലൂടെ പണം ലഭ്യമാക്കുന്നത്. പുതിയ അപേക്ഷകർക്കായി ജൂൺ ഒന്നു മുതൽ അന്നപൂർണ യോജന പോർട്ടലിൽ ഓൺലൈൻ അപേക്ഷാ സൗകര്യം ആരംഭിക്കും.
ആർക്കെല്ലാം അന്നപൂർണ യോജനയിൽ അപേക്ഷിക്കാം
- പശ്ചിമ ബംഗാളിലെ സ്ഥിര താമസക്കാരായ സ്ത്രീകൾക്ക് ഇതിൽ അപേക്ഷിക്കാം.
- വിജ്ഞാപന പ്രകാരം അപേക്ഷകയുടെ പ്രായം 25 നും 60 ഇടയിൽ ആയിരിക്കണം.
- അപേക്ഷക ഏതെങ്കിലും സ്ഥിരം സർക്കാർ ജോലിയിൽ ഏർപ്പെടുകയോ കേന്ദ്ര സർക്കാരിൽ നിന്നോ പശ്ചിമ ബംഗാൾ സർക്കാരിൽ നിന്നോ ഏതെങ്കിലും സ്റ്റാറ്റ്യൂട്ടറി ബോഡിയിൽ നിന്നോ സർക്കാർ സ്ഥാപനത്തിൽ നിന്നോ പഞ്ചായത്ത്, മുനിസിപ്പൽ അല്ലെങ്കിൽ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽ നിന്നോ സ്ഥിരം ശമ്പളമോ പെൻഷനോ സ്വീകരിക്കുകയോ ചെയ്യരുത്.
- അപേക്ഷകപശ്ചിമ ബംഗാളിലെ ഏതെങ്കിലും സർക്കാർ സഹായത്തോടെ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനത്തിൽ അധ്യാപക അല്ലെങ്കിൽ അനധ്യാപക തസ്‌തികയിൽ ജോലി ചെയ്യുന്ന ആളായിരിക്കരുത്.
- അപേക്ഷക ആദായനികുതി അടയ്ക്കുന്ന ആളായിരിക്കരുത്.