'ടൂര്‍ണമെന്റ് ജയിച്ചാല്‍ കപ്പുവാങ്ങുന്നത് ക്യാപ്റ്റന്‍; " വിഡി സതീശനെ പിന്തുണച്ച്‌ വീണ്ടും ഫ്ളക്സ്

'ടൂര്‍ണമെന്റ് ജയിച്ചാല്‍ കപ്പുവാങ്ങുന്നത് ക്യാപ്റ്റന്‍; " വിഡി സതീശനെ പിന്തുണച്ച്‌  വീണ്ടും ഫ്ളക്സ്

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പ് ഫലം ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ പ്രതിപക്ഷ നേതാവും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ വിഡി സതീശനുവേണ്ടി വീണ്ടും ഫ്ളക്സ് . കോഴിക്കോട് ഡിസിസി ഓഫീസിന് സമീപത്താണ് ഫ്ളക്സ്  ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടത്. ടൂര്‍ണമെന്റ് ജയിച്ചാല്‍ കപ്പു വാങ്ങുന്നത് ക്യാപ്റ്റന്‍, സെലക്ടറും പരിശീലകനും കപ്പ് വാങ്ങുന്നത് എതിര്‍പ്പിനിടയാക്കുമെന്നും ഫ്ളക്സ്  പറയുന്നു.സേവ് കോണ്‍ഗ്രസിന്റെ പേരിലാണ് ബോര്‍ഡുകള്‍ നഗരത്തിന്റെ വിവിധ ഇടങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്.

'നിലപാടുകളുടെ രാജകുമാരന്‍ 'മതേതര കേരളത്തിന്റെ വാഗ്ദാനം. വിഡി സതീശന്‍ മലയാളക്കരയെ നയിക്കട്ടെ. ജയ് കോണ്‍ഗ്രസ് എന്നാണ്' ഫ്ളക്സ്ല്‍ എഴുതിയിരിക്കുന്നത്.അതേസമയം, ഇന്ന് രാവിലെ എറണാകുളം ഡിസിസി ഓഫീസിന് മുന്നിലും സതീശനെതിരായി ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. വിഡി സതീശന്‍ പിആര്‍ പണി അവസാനിപ്പിക്കണം എന്നായിരുന്നു ഫ്ലെക്സിലെ പരാമര്‍ശം. പിആര്‍ വര്‍ക്കിന്റെ ബലത്തില്‍ മുതിര്‍ന്ന നേതാക്കളെ താറടിക്കേണ്ടെന്നും മുഖ്യമന്ത്രിയാകാനുള്ള സതീശന്റെ മോഹം വിലപ്പോകില്ലെന്നുമാണ് വിമര്‍ശനം. 'ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഫാമിലി' എന്ന പേരില്‍ - 'പിആര്‍ വര്‍ക്കിന്റെ ബലത്തില്‍ രമേശ്ജിയെ പോലെയുള്ള സീനിയര്‍ നേതാക്കളെ താറടിച്ച് കേരളത്തിന്റെ മുഖ്യമന്ത്രി ആകാനുള്ള സതീശന്റെ വ്യാമോഹം വിലപ്പോകില്ല' - എന്നാണ് ഒരു ഫ്ലെക്സിലെ വാക്കുകള്‍. തൊട്ടടുത്തായി സ്ഥാപിച്ചിട്ടുള്ള മറ്റൊരു ഫ്ലെക്സില്‍ - 'വിഡി സതീശന്റെ പിആര്‍ പണി അവസാനിപ്പിക്കുക. കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രിയെ ഹൈക്കമാന്‍ഡ് തീരുമാനിച്ചുകൊള്ളും' - എന്നാണ് എഴുതിയിട്ടുള്ളത്.