സാബു എം ജേക്കബിനെതിരെ ആരോപണങ്ങളുമായി ട്വൻ്റി 20യുടെ മുൻ പഞ്ചായത്ത് പ്രസിഡന്റ്

സാബു എം ജേക്കബിനെതിരെ  ആരോപണങ്ങളുമായി ട്വൻ്റി 20യുടെ  മുൻ പഞ്ചായത്ത് പ്രസിഡന്റ്

എറണാകുളം: ട്വൻ്റി 20 പ്രസിഡൻ്റ് സാബു എം ജേക്കബിനെതിരെ ഗുരുതര ആരോപണങ്ങളുമായി പൂതൃക്ക പഞ്ചായത്ത് പ്രസിഡൻ്റായിരുന്ന പൂജ ജോമോൻ. പാർട്ടിയിൽ തുടർന്നാൽ ആത്മഹത്യ ചെയ്യേണ്ടി വരുമെന്ന സാഹചര്യത്തിലാണ് രാജിവെച്ചതെന്ന് വ്യക്തമാക്കിയ പൂജ കോൺഗ്രസ് പാർട്ടിയിൽനിന്ന് 20 ലക്ഷം വാങ്ങിയെന്ന സാബുവിൻ്റെ ആരോപണവും നിഷേധിച്ചു.സാബു ജേക്കബ് തന്നെ നേരിട്ട് വിളിച്ച് ഭീഷണിപ്പെടുത്തിയെന്നും പാർട്ടിയുടെ ജനാധിപത്യവിരുദ്ധമായ പോക്കിൽ പ്രതിഷേധിച്ച് കൂടുതൽ അംഗങ്ങൾ വരുംദിവസങ്ങളിൽ രാജിവെക്കുമെന്നും കോലഞ്ചേരിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ പൂജ വ്യക്തമാക്കി.

ഭീഷണിയും രാഷ്ട്രീയ നിലപാടുകളും

ട്വൻ്റി 20 ബിജെപി മുന്നണിയുടെ (എൻഡിഎ) ഭാഗമായതിനെ ചോദ്യം ചെയ്തതിനാണ് താൻ ഭീഷണി നേരിട്ടതെന്ന് പൂജ വെളിപ്പെടുത്തി. "ട്വൻ്റി 20 നിങ്ങൾക്ക് ഏൽപ്പിച്ചു തരാം, നടത്താൻ കഴിയുമോ?" എന്ന് ചോദിച്ച് സാബു ജേക്കബ് തന്നെ പരിഹസിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ബിജെപിയുമായി സഖ്യമുണ്ടാക്കുന്നതിന് മുൻപ് സാബു ജേക്കബ് കോൺഗ്രസ് നേതൃത്വത്തെ സമീപിച്ചിരുന്നുവെന്നും എന്നാൽ കോൺഗ്രസ് അനുകൂലമായി പ്രതികരിക്കാത്തതിനാലാണ് ബിജെപി പാളയത്തിൽ എത്തിയതെന്നും പൂജ ആരോപിച്ചു. കേന്ദ്രത്തിൽ കോൺഗ്രസ് അധികാരത്തിൽ വന്നാൽ അങ്ങോട്ട് മാറാൻ തയാറാണെന്ന് സാബു പറഞ്ഞിരുന്നതായും അവർ കൂട്ടിച്ചേർത്തു.

കോൺഗ്രസിൽ നിന്നും 20 ലക്ഷം രൂപ വാങ്ങി എന്ന സാബു ജേക്കബിൻ്റെ ആരോപണം പൂജ ശക്തമായി നിഷേധിച്ചു. ബാങ്ക് ലോൺ ആവശ്യത്തിനായി ബാങ്കിൽ പോയപ്പോഴുള്ള ദൃശ്യങ്ങൾ ഉപയോഗിച്ച് തന്നെ വ്യക്തിഹത്യ ചെയ്യാനാണ് അദ്ദേഹം ശ്രമിക്കുന്നത്. തൻ്റെ കുടുംബസുഹൃത്തായ കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റിനോട് സംസാരിച്ചതിനെ രാഷ്ട്രീയ ഡീൽ ആയി വ്യാഖ്യാനിക്കുകയായിരുന്നു. സാബു ജേക്കബിനെതിരെ മാനനഷ്ടത്തിന് കേസുകൊടുക്കാൻ ആഗ്രഹമുണ്ടെങ്കിലും അതിനുള്ള സാമ്പത്തിക ചുറ്റുപാട് തനിക്കില്ലെന്നും എട്ടുലക്ഷം രൂപയുടെ ബാങ്ക് ലോൺ തനിക്ക് ഇപ്പോഴുമുണ്ടെന്നും അവർ വ്യക്തമാക്കി.

പാർട്ടിക്കുള്ളിലെ 'അടിമ'ത്തം

ട്വൻ്റി 20 ഒരു "വർണക്കടലാസിൽ പൊതിഞ്ഞ വിഷമാണെന്ന്" പൂജ ജോമോൻ വിശേഷിപ്പിച്ചു. സാബു ജേക്കബിൻ്റെ രീതി ഒരു ബൂർഷ്വാ ശൈലിയാണെന്നും മറ്റുള്ളവരെ അടിമകളായി കാണാനാണ് അദ്ദേഹം താൽപ്പര്യപ്പെടുന്നതെന്നും അവർ ആരോപിച്ചു. ഇഡിയെ ഭയന്നാണ് അദ്ദേഹം ബിജെപി സഖ്യത്തില്‍ ചേർന്നത്. കുന്നത്തുനാട്ടിൽ സ്ഥാനാർഥിയെ കിട്ടാത്തതിനാലാണ് അടൂരിലെ കോൺഗ്രസ് നേതാവായിരുന്ന ബാബു ദിവാകരനെ പണം നൽകി കൊണ്ടുവന്നതെന്നും പൂജ ആരോപിച്ചു.

ആത്മഹത്യയുടെ വക്കിൽ

തുടർച്ചയായ മാനസിക പീഡനം കാരണം താൻ ഡിപ്രഷൻ്റെ വക്കിലായിരുന്നുവെന്നും പാർട്ടിയിൽ തുടർന്നാൽ ആത്മഹത്യ ചെയ്യേണ്ടി വരുമെന്ന സാഹചര്യത്തിലാണ് രാജിവെച്ചതെന്നും പൂജ പറഞ്ഞു. ഭയപ്പാടോടു കൂടിയാണ് താനിപ്പോഴും കഴിയുന്നത്. വധഭീഷണിയുണ്ടെന്നും കുടുംബത്തെ അപായപ്പെടുത്താൻ സാധ്യതയുണ്ടെന്നും അവർ ആശങ്ക പ്രകടിപ്പിച്ചു. നിലവിൽ പല മെമ്പർമാരും ഭയം കാരണമാണ് പാർട്ടിയിൽ തുടരുന്നത്. വൈകാതെ തന്നെ ചില മെമ്പർ മാർ സ്ഥാനം രാജിവെക്കുമെന്ന വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും അവർ അവകാശപ്പെട്ടു.

പൂജ പ്രസിഡൻ്റായ പുതൃക്ക പഞ്ചായത്ത് പതിനാറംഗ ഭരണസമിതിയിൽ ട്വൻ്റി 20ക്കും യുഡിഎഫിനും ഏഴ് വീതം അംഗങ്ങളായിരുന്നു ഉണ്ടായിരുന്നത്. എൽഡിഎഫിന് രണ്ട് അംഗങ്ങളുമുണ്ട്. നേരത്തെ നറുക്കെടുപ്പിലൂടെയായിരുന്നു ട്വൻ്റി 20 ഭരണത്തിലേറിയത്. പൂജയുടെ രാജിയോടെ ട്വൻ്റി 20യുടെ അംഗബലം ആറായി കുറഞ്ഞു. ഇതോടെ പഞ്ചായത്തിൽ ഭരണം യുഡിഎഫിന് ലഭിക്കും.