എൻഡിആർഎഫ് റീജിയണൽ റെസ്പോൺസ് സെൻ്ററിന് എറണാകുളത്ത് തറക്കല്ലിട്ടു

എൻഡിആർഎഫ് റീജിയണൽ റെസ്പോൺസ് സെൻ്ററിന് എറണാകുളത്ത് തറക്കല്ലിട്ടു

എറണാകുളം: കേരളത്തിൻ്റെ ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ നിർണായകമായ ഒരു ചുവടുവെപ്പുകൂടി യാഥാർഥ്യമാകുന്നു. സംസ്ഥാനത്തിൻ്റെ ഏത് ഭാഗത്തുമുണ്ടാകുന്ന അടിയന്തര സാഹചര്യങ്ങളെ അതിവേഗം നേരിടാൻ സജ്ജമായി ദേശീയ ദുരന്തനിവാരണ സേനയുടെ (എൻഡിആർഎഫ്) റീജിയണൽ റെസ്പോൺസ് സെൻ്ററിന് എറണാകുളത്ത് തറക്കല്ലിട്ടു.എറണാകുളം ഇരുമ്പനം - എരൂർ റോഡിൽ സംസ്ഥാന സർക്കാർ അനുവദിച്ച അഞ്ച് ഏക്കർ ഭൂമിയിലാണ് ഈ ആധുനിക കേന്ദ്രം ഉയരുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വീഡിയോ കോൺഫറൻസിങിലൂടെ കേന്ദ്രത്തിൻ്റെ ശിലാസ്ഥാപന കർമം നിർവഹിച്ചു. എൻഡിആർഎഫിൻ്റെ തമിഴ്‌നാട് ആരക്കോണം ആസ്ഥാനമായുള്ള നാലാം ബറ്റാലിയൻ്റെ നേരിട്ടുള്ള നിയന്ത്രണത്തിലായിരിക്കും എറണാകുളത്തെ റീജിയണൽ റെസ്പോൺസ് സെൻ്റർ പ്രവർത്തിക്കുക.

നിലവിൽ തൃശൂരിലെ രാമവർമപുരത്തുള്ള കേരള സിവിൽ ഡിഫൻസ് അക്കാദമിയിലാണ് സേനാംഗങ്ങൾ താൽക്കാലികമായി ക്യാമ്പ് ചെയ്യുന്നത്. എറണാകുളത്ത് പുതിയ ആസ്ഥാനം സജ്ജമാകുന്നതോടെ കേരളത്തിന് സ്വന്തമായി എൻഡിആർഎഫിൻ്റെ ഒരു സ്ഥിരം സംവിധാനമുണ്ടാകും എന്നത് സുരക്ഷാ രംഗത്ത് വലിയ മാറ്റങ്ങൾക്ക് വഴിതെളിക്കും. പ്രളയം, കപ്പൽ ദുരന്തങ്ങൾ മറ്റ് പ്രകൃതിക്ഷോഭങ്ങൾ എന്നിവ ഉണ്ടാകുമ്പോൾ മധ്യകേരളം കേന്ദ്രീകരിച്ച് രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാൻ ഈ കേന്ദ്രം മുഖ്യ പങ്കുവഹിക്കും.അഞ്ച് ഏക്കറിലായി വിഭാവനം ചെയ്തിരിക്കുന്ന ഈ സമുച്ചയത്തിൽ സേനാംഗങ്ങൾക്കായി വിപുലമായ സൗകര്യങ്ങളാണ് ഒരുക്കുന്നത്. സേനാംഗങ്ങൾക്ക് താമസിക്കാനാവശ്യമായ സ്ഥിരം ബാറക്കുകൾ, അത്യാധുനിക രീതിയിലുള്ള ദുരന്തനിവാരണ പരിശീലനങ്ങൾക്കായി പ്രത്യേക സംവിധാനങ്ങളുള്ള പരിശീലന ബ്ലോക്കുകൾ, രക്ഷാപ്രവർത്തനത്തിന് ആവശ്യമായ അത്യാധുനിക യന്ത്രസാമഗ്രികൾ, ബോട്ടുകൾ, കട്ടിങ് ഉപകരണങ്ങൾ എന്നിവ സുരക്ഷിതമായി സൂക്ഷിക്കാനുള്ള സ്റ്റോർ റൂമുകൾ എന്നിവയടങ്ങിയ വിപുലമായ സമുച്ചയമാണ് ഇവിടെ നിർമിക്കുന്നത്.