മെയ്‌ദിനം : അബുദാബിയിൽ ലേബർ ഹീറോകളായ നാല് മലയാളികൾക്ക് ആദരവ്

മെയ്‌ദിനം :  അബുദാബിയിൽ  ലേബർ ഹീറോകളായ  നാല് മലയാളികൾക്ക് ആദരവ്

അബുദാബി: യുഎഇയുടെ നിർമ്മാണത്തിലും വളർച്ചയിലും നിർണ്ണായക പങ്കുവഹിക്കുന്ന പ്രവാസി തൊഴിലാളികൾക്ക് ആദരവുമായി അബുദാബി. അന്താരാഷ്ട്ര തൊഴിലാളി ദിനത്തോടനുബന്ധിച്ച്‌  മുസഫയിലെ ലൈഫ് കെയർ ഹോസ്പിറ്റൽ സംഘടിപ്പിച്ച ‘ലേബർ ഹീറോ അവാർഡ് 2026’ വേദിയിൽ നാല് മലയാളികൾ ഉൾപ്പെടെ 33 പ്രവാസികൾ പുരസ്കാരങ്ങൾ ഏറ്റുവാങ്ങി. കഠിനാധ്വാനം കൊണ്ട് ജീവിതം പടുത്തുയർത്തിയ സാധാരണക്കാരായ തൊഴിലാളികളെ ചേർത്തുപിടിക്കുന്നതായിരുന്നു മുസഫയിൽ നടന്ന വർണ്ണാഭമായ ചടങ്ങ്.

കണ്ണൂർ സ്വദേശി ബിജു ചീനക്കണ്ടി, തിരുവനന്തപുരം സ്വദേശികളായ നജീബ് ഇബ്രാഹിം, അമ്പാടിക്കണ്ണൻ മണി, കൊല്ലം സ്വദേശി മുഹമ്മദ് ബിലാൽ എന്നിവരാണ് പുരസ്കാരം നേടിയ മലയാളികൾ. ലേബർ ക്യാമ്പുകളിൽ നിന്ന് ലഭിച്ച 550 നോമിനേഷനുകളിൽ നിന്ന് അതീവ ജാഗ്രതയോടെയാണ് 33 ജേതാക്കളെ തിരഞ്ഞെടുത്തത്. മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം, അബുദാബി പോലീസ്, മുനിസിപ്പാലിറ്റി, എഡി പോർട്ട്‌സ് ഗ്രൂപ്പ് എന്നിവയുടെ സഹകരണത്തോടെയായിരുന്നു പുരസ്കാര വിതരണം.പുരസ്കാര ജേതാക്കളിൽ കണ്ണൂർ കടക്കാട് സ്വദേശിയായ ബിജു ചീനക്കണ്ടിയുടെ വളർച്ച ഏവർക്കും മാതൃകയാണ്. രണ്ട് പതിറ്റാണ്ട് മുൻപ് വെറുമൊരു ഓഫീസ് ബോയിയായി പ്രവാസം തുടങ്ങിയ ബിജു, ഇന്ന് സാദിയാത്ത് ഐലൻഡിലെ ഹിർമാസ് അക്കോമഡേഷൻ വില്ലേജിൽ ഹൗസ് കീപ്പിങ് സൂപ്പർവൈസറാണ്. ബിജുവിനെപ്പോലെ തന്നെ ലുലു ഗ്രൂപ്പിൽ സെക്യൂരിറ്റി ജീവനക്കാരനായി തുടങ്ങി ഇന്ന് ക്യാമ്പ് ബോസ് പദവിയിലെത്തിയ മംഗലാപുരം സ്വദേശി അബ്ദുൾ ലത്തീഫും വേദിയിലെ ശ്രദ്ധാകേന്ദ്രമായി.

ഇന്ത്യക്ക് പുറമെ ഉഗാണ്ട, ശ്രീലങ്ക, നേപ്പാൾ, പാകിസ്ഥാൻ, ബംഗ്ലാദേശ്, ഘാന തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവരും ആദരിക്കപ്പെട്ടവരിലുണ്ട്. ക്ലീനറായി ജോലിയിൽ പ്രവേശിച്ച് ഇന്ന് അക്കോമഡേഷൻ ആർട്ടിസ്റ്റായി മാറിയ ഘാന സ്വദേശി ഇവാൻ ഓപോകു അഡാഡെയും, ഡാറ്റ എൻട്രി ഓപ്പറേറ്ററിൽ നിന്ന് അഡ്മിൻ തസ്തികയിലേക്ക് ഉയർന്ന ശ്രീലങ്കൻ സ്വദേശി മേനക രവിനാദയും യുഎഇ നൽകുന്ന തൊഴിൽ സുരക്ഷയുടെയും അവസരങ്ങളുടെയും സാക്ഷ്യപത്രങ്ങളാണ്.തങ്ങളുടെ വിയർപ്പിനും അധ്വാനത്തിനും ലഭിച്ച ഈ അംഗീകാരം പ്രവാസ ജീവിതത്തിലെ ഏറ്റവും വലിയ നേട്ടമാണെന്ന് പുരസ്കാര ജേതാക്കൾ ഒന്നടങ്കം പറഞ്ഞു. നിശബ്ദമായി യുഎഇയുടെ വികസനത്തിൽ പങ്കാളികളാകുന്ന സാധാരണക്കാർക്ക് ലഭിച്ച വലിയൊരു സല്യൂട്ടായി ഈ ചടങ്ങ് മാറി.