മിസോറിയിൽ സ്കൈ ഡൈവിങ്ങിനായി പോയ ചെറുവിമാനം വീണ് തകർന്നു: പൈലറ്റ് ഉൾപ്പെടെ 12 പേർ മരിച്ചു

വാഷിങ്ടൺ: അമേരിക്കയിലെ മിസോറിയിൽ സ്കൈ ഡൈവിങ്ങിനായി പോയ ചെറുവിമാനം തകർന്ന് പൈലറ്റും 11 യാത്രക്കാരും ഉൾപ്പെടെ 12 പേർ മരിച്ചു. ബട്ട്‌ലർ മെമ്മോറിയൽ വിമാനത്താവളത്തിൽനിന്ന് ഞായറാഴ്ച രാവിലെ 11.30ന് പറന്നുയർന്ന വിമാനം മിനിറ്റുകൾക്കകം തകർന്നുവീണ് കത്തിനശിക്കുകയായിരുന്നു. മരിച്ചവരിൽ 11 പേരും സ്കൈ ഡൈവിങ്ങിനായി എത്തിയവരാണെന്ന് അധികൃതർ വ്യക്തമാക്കി.വിമാനം പറന്നുയർന്ന് അധികം വൈകാതെ തന്നെ നിയന്ത്രണം നഷ്ടപ്പെട്ട് താഴേക്ക് പതിക്കുകയായിരുന്നു. സ്കൈ ഡൈവ് കൻസാസ് സിറ്റി എന്ന കമ്പനിയുടെ പസഫിക് എയ്റോസ്പേസ് 750 എക്സ്എൽ (Pacific Aerospace 750XL) എന്ന ഒറ്റ എൻജിൻ വിമാനമാണ് അപകടത്തിൽപ്പെട്ടത്. പറന്നുയർന്നയുടൻ വിമാനം ഇടത്തേക്ക് തിരിയുകയും, എൻജിൻ്റെ പ്രവർത്തനം നിലച്ചതിനെ തുടർന്ന് ഹൈവേയിൽ അടിയന്തരമായി ഇറക്കാൻ പൈലറ്റ് ശ്രമിക്കുകയും ചെയ്തതായി വിമാനത്താവളത്തിൻ്റെ ആക്ടിങ് മാനേജറും ബേറ്റ്സ് കൗണ്ടി എമർജൻസി മാനേജ്മെൻ്റ് ഡയറക്ടറുമായ ഡെന്നിസ് ജേക്കബ്സ് പറഞ്ഞു.എന്നാൽ നിയന്ത്രണം നഷ്ടപ്പെട്ട വിമാനം തലകീഴായി നിലംപതിച്ച് തീപിടിക്കുകയായിരുന്നു. വിമാനത്തിലുണ്ടായിരുന്നവരുടെ ബന്ധുക്കൾ നോക്കിനിൽക്കെയാണ് ഈ ദാരുണമായ അപകടം സംഭവിച്ചത്. അപകടത്തിന് പിന്നാലെ വിമാനത്തിൽനിന്ന് ആരെങ്കിലും പുറത്തേക്ക് ചാടിയിട്ടുണ്ടോ എന്ന് പരിശോധിച്ചെങ്കിലും ആരെയും കണ്ടെത്താനായില്ല. നീലയും വെള്ളിയും നിറങ്ങളുള്ള വിമാനത്തിൻ്റെ അവശിഷ്ടങ്ങൾ വിമാനത്താവളത്തിന് സമീപത്തെ പുൽമൈതാനത്ത് ചിതറിക്കിടക്കുന്ന നിലയിലായിരുന്നു.അപകടവിവരം അറിഞ്ഞയുടൻ തന്നെ അഗ്നിരക്ഷാസേനയും പൊലീസും സ്ഥലത്തെത്തി തീയണച്ചു. അപകടസ്ഥലത്തെ കാഴ്ചകൾ അതിദാരുണമായിരുന്നു എന്ന് ഡെന്നിസ് ജേക്കബ്സ് പറഞ്ഞു. ബേറ്റ്സ് കൗണ്ടി ഷെരീഫ് ചാഡ് ആൻഡേഴ്സൺ, മിസോറി ഹൈവേ പട്രോൾ സർജൻ്റ് ജസ്റ്റിൻ എവിങ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. മരിച്ചവരെ തിരിച്ചറിയാനും വിവരങ്ങൾ ബന്ധുക്കളെ അറിയിക്കാനുമുള്ള നടപടികൾ പുരോഗമിക്കുകയാണ്. ബന്ധുക്കളെ ആശ്വസിപ്പിക്കാനായി സന്നദ്ധ പ്രവർത്തകരും പുരോഹിതരും സ്ഥലത്തെത്തിയിരുന്നു.