ഹജ് ക്യാംപിന് നാളെ തുടക്കം

എറണാകുളം : നെടുമ്പാശ്ശേരി വിമാനത്താവളത്തിനോടു ചേര്‍ന്നുള്ള ഹജ് ക്യാംപിന് നാളെ തുടക്കം. സിയാല്‍ എയ്‌റോപാര്‍ക്കിന് സമീപത്തായാണ് സിയാലിന്റെയും സംസ്ഥാന ഹജ് കമ്മിറ്റിയുടെയും നേതൃത്വത്തില്‍ ഹജ് ക്യാംപ് സജ്ജമാക്കിയിരിക്കുന്നത്. സിയാല്‍ അക്കാദമിയിലെ കെട്ടിടങ്ങള്‍ക്ക് പുറമെ, 1.3 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ താല്‍ക്കാലിക പന്തല്‍ ഒരുക്കിയിട്ടുണ്ട്. 1200 പേര്‍ക്ക് ഒരേസമയം താമസിക്കാനുള്ള സൗകര്യവും ക്യാംപില്‍ സജ്ജമാക്കിയിട്ടുണ്ട്. അറുന്നൂറോളം പേര്‍ക്ക് നമസ്‌കരിക്കാനുള്ള സൗകര്യം, വിശാലമായ അസംബ്ലി ഹാള്‍, ഭക്ഷണശാല എന്നിവയുമുണ്ട്. സിയാല്‍ അക്കാദമി കെട്ടിടത്തിലാണ് ഹജ് സെല്‍, ഹജ് കമ്മിറ്റി ഓഫീസ്, അലോപ്പതി, ഹോമിയോ ആശുപത്രികള്‍ എന്നിവ പ്രവര്‍ത്തിക്കുന്നത്.
വ്യാഴാഴ്ചയാണ് തീര്‍ത്ഥാടകരമായുള്ള ആദ്യ വിമാനം കൊച്ചിയില്‍ നിന്നും പുറപ്പെടുന്നത്. ഈ വിമാനത്തില്‍ യാത്ര ചെയ്യുന്ന തീര്‍ത്ഥാടകര്‍ നാളെ ക്യാംപില്‍ എത്തിച്ചേരണം. 450 പേരാണ് ആദ്യ സംഘത്തിലുള്ളത്. രാജ്യാന്തര ടെര്‍മിനലായ ടി3യില്‍ എത്തിച്ചേരുന്ന തീര്‍ത്ഥാടകര്‍ അവിടെ രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയശേഷമാണ് ഹജ് ക്യാംപിലേക്ക് എത്തിച്ചേരേണ്ടത്.തീര്‍ത്ഥാടകരുടെ ലഗേജുകള്‍ സ്വീകരിക്കുന്നതിനും രജിസ്‌ട്രേഷന്‍ നടപടികള്‍ എളുപ്പത്തില്‍ പൂര്‍ത്തീകരിക്കുന്നതിനുമായി ഹജ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിമാനത്താവളത്തില്‍ പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട്. ഫ്‌ലൈനാസ് എയര്‍വേയ്‌സാണ് ഈ വര്‍ഷം കൊച്ചിയില്‍ നിന്നുള്ള ഹജ് സര്‍വീസുകള്‍ നടത്തുന്നത്. മെയ് 8 നാണ് അവസാന വിമാനം. ആകെ 8341 തീര്‍ത്ഥാടകരാണ് കൊച്ചിയില്‍ നിന്നും പുറപ്പെടുന്നത്.
കൊച്ചിയില്‍ നിന്ന് ആദ്യ വിമാനം വ്യാഴാഴ്ച
ഏപ്രിൽ 30-ന് ആദ്യ സംഘം യാത്ര തിരിക്കുന്നതോടെ ഈ വർഷത്തെ ഹജ്ജ് വിമാന സർവീസുകൾക്ക് ഔദ്യോഗികമായി തുടക്കമാകും. തീർഥാടകരുടെ സൗകര്യം കണക്കിലെടുത്ത് വിപുലമായ ക്രമീകരണങ്ങളാണ് ഇത്തവണ വിമാനത്താവളത്തിലും ഹജ്ജ് ക്യാമ്പിലുമായി സജ്ജമാക്കിയിരിക്കുന്നത്.ഇത്തവണ നെടുമ്പാശേരി വഴി ആകെ 8,341 തീർഥാടകരാണ് യാത്ര തിരിക്കുന്നത്. ഇതിൽ 5,492 സ്ത്രീകളും 2,849 പുരുഷന്മാരും ഉൾപ്പെടുന്നു. കേരളത്തിൽ നിന്നുള്ളവർക്ക് പുറമെ ലക്ഷദ്വീപ്, തമിഴ്‌നാട് എന്നിവിടങ്ങളിൽ നിന്നുള്ള തീർത്ഥാടകരും നെടുമ്പാശേരി ക്യാമ്പിനെയാണ് ആശ്രയിക്കുന്നത്. മൊത്തം 20 സർവീസുകളാണ് ഷെഡ്യൂൾ ചെയ്‌തിരിക്കുന്നത്.ഓരോ വിമാനത്തിലും 432 യാത്രക്കാർ വീതമായിരിക്കും യാത്ര തിരിക്കുക. തീർഥാടകർക്കായി വിമാനത്താവളത്തിന് സമീപം സജ്ജീകരിച്ചിട്ടുള്ള താൽക്കാലിക ക്യാമ്പിൽ ഒരേസമയം 1,200 പേർക്ക് താമസിക്കാനുള്ള സൗകര്യമുണ്ട്. സംസ്ഥാനത്ത് അനുഭവപ്പെടുന്ന കഠിനമായ വേനൽച്ചൂട് കണക്കിലെടുത്ത് പ്രത്യേക എയർ കണ്ടീഷനിങ് സംവിധാനങ്ങൾ പന്തലിൽ ഒരുക്കിയിട്ടുണ്ട്. ഹജ്ജ് ക്യാമ്പിലെ താപനില 30 ഡിഗ്രി സെൽഷ്യസിൽ താഴെയായി നിലനിർത്താൻ ഇതുവഴി സാധിക്കും.തീർഥാടകർക്ക് ആവശ്യമായ ഭക്ഷണം ഹജ്ജ് കമ്മിറ്റിയുടെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് ഒരുക്കുന്നത്. വിവിധ റെയിൽവേ സ്റ്റേഷനുകൾ, കെഎസ്ആർടിസി സ്റ്റാൻഡുകൾ എന്നിവിടങ്ങളിൽ നിന്ന് വിമാനത്താവളത്തിലേക്ക് എത്തുന്നവർക്കായി പ്രത്യേക ബസ് സർവിസുകളും ഏർപ്പെടുത്തിയിട്ടുണ്ട്. പൊലീസ്, ആരോഗ്യ വിഭാഗം, ഫയർഫോഴ്‌സ് എന്നിവരുടെ സേവനവും ക്യാമ്പിൽ മുഴുവൻ സമയവും ലഭ്യമായിരിക്കും. കൂടാതെ തീർത്ഥാടകരെ സഹായിക്കാൻ പരിശീലനം ലഭിച്ച വോളന്റിയർമാരെയും നിയോഗിച്ചിട്ടുണ്ട്.