ഹർഷിന കോഴിക്കോട് മെഡിക്കൽ കോളജിൽ ജോലിയിൽ പ്രവേശിച്ചു

കോഴിക്കോട്: ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക കുടുങ്ങി അഞ്ച് വർഷമായി ദുരിതം അനുഭവിക്കുന്ന കോഴിക്കോട് സ്വദേശി ഹർഷിന കോഴിക്കോട് മെഡിക്കൽ കോളജിൽ ജോലിയിൽ പ്രവേശിച്ചു. മുഖ്യമന്ത്രി വി.ഡി. സതീശനുമായും ആരോഗ്യമന്ത്രി കെ. മുരളീധരനുമായും നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് സംസ്ഥാന സർക്കാർ ഇന്നലെ ഹർഷിനയെ കോഴിക്കോട് മെഡിക്കൽ കോളജിലെ ഓഫിസ് അസിസ്റ്റന്റായി നിയമിച്ചത്. ഹോസ്പിറ്റൽ ഡെവലപ്മെന്റ് കമ്മിറ്റി വഴിയുള്ള നിയമനമാണെങ്കിലും ജോലി സ്ഥിരമാക്കുമെന്നും നഷ്ടപരിഹാര തുക ഉടൻ ബാങ്ക് അക്കൗണ്ടിൽ എത്തിക്കുമെന്നും മുഖ്യമന്ത്രി ഉറപ്പ് നൽകിയതായിഹർഷിന മാധ്യമങ്ങളോട് പറഞ്ഞു.
"ഞാൻ തിങ്കളാഴ്ച മുഖ്യമന്ത്രിയെ കാണാൻ പോയിരുന്നു. എന്നെ കണ്ട ഉടൻ തന്നെ എന്റെ വിഷയത്തിൽ എല്ലാം തീരുമാനിച്ചുകഴിഞ്ഞുവെന്നും നേരെ പോയി ആരോഗ്യമന്ത്രിയെ കണ്ടാൽ മതിയെന്നും പറഞ്ഞു. ആരോഗ്യമന്ത്രിയുടെ ഓഫീസിൽ എത്തിയപ്പോഴാണ് എനിക്ക് ജോലി ലഭിച്ചതായി അറിയുന്നത്.എനിക്ക് ഏറ്റവും സൗകര്യമുള്ള, അടുത്തുള്ള ആശുപത്രിയിൽ ജോലി നൽകുമെന്നാണ് ആരോഗ്യമന്ത്രി പറഞ്ഞത്. അങ്ങനെയാണ് കോഴിക്കോട് മെഡിക്കൽ കോളജിൽ തന്നെ ജോലിയിൽ പ്രവേശിക്കാൻ തീരുമാനിച്ചത്." :ഹർഷിന പറഞ്ഞു.
നഷ്ടപരിഹാര തുക
കൃത്യമായ നഷ്ടപരിഹാര തുക ബാങ്ക് അക്കൗണ്ടിൽ എത്തുമെന്നും നഷ്ടപരിഹാരത്തിൽ നിന്ന് ഒരു രൂപ പോലും തുടർചികിത്സയ്ക്കായി ചെലവഴിക്കേണ്ടതില്ലെന്നും അത് സർക്കാർ ഏറ്റെടുത്തെന്നും മുഖ്യമന്ത്രി ഉറപ്പുനൽകിയെന്ന് ഹർഷിന പറഞ്ഞു. ജീവനക്കാർക്കെതിരെയുള്ള നടപടിയുമായി ബന്ധപ്പെട്ട കേസുകളുമായി മുന്നോട്ട് പോകുമെന്നും ഹർഷിന പറഞ്ഞു.