"ഹർത്താൽ പൂർണം, തകര്‍ക്കാന്‍ ആസൂത്രിത ശ്രമം നടന്നു" : എം. ഗീതാനന്ദൻ

"ഹർത്താൽ പൂർണം, തകര്‍ക്കാന്‍ ആസൂത്രിത ശ്രമം നടന്നു" :  എം. ഗീതാനന്ദൻ

എറണാകുളം: നിതിൻ രാജിന്‍റെ മരണത്തില്‍ പ്രതിഷേധിച്ച് ദളിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ഹർത്താൽ പൂർണമെന്ന് ആദിവാസി ഗോത്ര മഹാസഭാ നേതാവ് എം. ഗീതാനന്ദൻ. ഹർത്താൽ തകർക്കാനുള്ള ആസൂത്രിതമായ ശ്രമം നടന്നുവെന്നും അദ്ദേഹം  മാധ്യമങ്ങളോട് പറഞ്ഞു. നിതിൻ രാജിന്‍റെ മരണത്തിൽ നീതി ആവശ്യപ്പെട്ട് ദളിത് സംഘടനകൾ ആഹ്വാനം ചെയ്ത ഹർത്താൽ വൻ വിജയമായിരുന്നു. നിതിൻ രാജിന്‍റെ മരണം കേവലം ഒരു ആത്മഹത്യയല്ലെന്നും, അത് കൊലപാതകമാണെന്ന് സംശയിക്കാൻ പോസ്‌റ്റ് മോർട്ടം റിപ്പോർട്ടിലെ വിവരങ്ങൾ തന്നെ ധാരാളമാണെന്നും അദ്ദേഹം ആരോപിച്ചു. മരണത്തിന് പിന്നിൽ ഡോക്ടർ റാം ഉൾപ്പെട്ട ഗൂഢാലോചന നടന്നതായി സംശയിക്കുന്നു. എന്നാൽ ആത്മഹത്യാ പ്രേരണാക്കുറ്റം പോലും നിലനിൽക്കുന്ന രീതിയിൽ പ്രതികൾക്ക് മേൽ ചുമത്താതെ കേസ് അട്ടിമറിക്കാനാണ് പോലീസ് ശ്രമിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

ഹർത്താലിന്‍റെ വിജയവും ജനപങ്കാളിത്തവും

സാധാരണ രാഷ്ട്രീയ പാർട്ടികൾ നടത്തുന്ന ഹർത്താലുകളിൽ പലപ്പോഴും അതിന്റെ ലക്ഷ്യമെന്താണെന്ന് പൊതുജനങ്ങൾക്ക് ബോധ്യമുണ്ടാകാറില്ല. എന്നാൽ ഈ ഹർത്താൽ നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട അനീതിക്കെതിരെയാണെന്ന് കേരളസമൂഹം ആകെ ചർച്ച ചെയ്തു.ഹർത്താൽ മുന്നോട്ടുവെച്ച ആശയം ഉൾക്കൊള്ളാൻ എല്ലാ ജനങ്ങൾക്കും രാഷ്ട്രീയ ബാധ്യതയുണ്ടെന്നും, സമൂഹത്തെ ബോധ്യപ്പെടുത്തുന്നതിൽ സമരം വിജയിച്ചതായും ഗീതാനന്ദൻ അവകാശപ്പെട്ടു. ഹർത്താലിൽ സ്ത്രീകളുടെയും യുവാക്കളുടെയും വലിയ പങ്കാളിത്തമുണ്ടായതും സാമൂഹ്യമാധ്യമങ്ങളിലൂടെ ജാതിമത ഭേദമന്യേ നിതിന് വേണ്ടി ഉയരുന്ന ശബ്ദങ്ങളും ഈ പോരാട്ടത്തിന്റെ വിജയമാണ് കാണിക്കുന്നത്.

സർക്കാരിനും മാധ്യമങ്ങൾക്കുമെതിരെ ആരോപണം

ഹർത്താലിനെ തകർക്കാൻ പിണറായി സർക്കാർ പൊലീസിനെ ഉപയോഗിച്ച് ആസൂത്രിത ശ്രമം നടത്തിയെന്ന് ഗീതാനന്ദൻ ആരോപിച്ചു. ദളിത് സംഘടനകൾ ആഹ്വാനം ചെയ്തതുകൊണ്ട് മാത്രം ന്യായമായ ആവശ്യത്തെ അടിച്ചമർത്താനാണ് സർക്കാർ തുനിഞ്ഞത്. ഒരിടത്തും അക്രമങ്ങൾ നടന്നിട്ടില്ലെന്നും വാഹനങ്ങളോടും യാത്രക്കാരോടും സഹകരിക്കാൻ അഭ്യർത്ഥിക്കുക മാത്രമാണ് ഉണ്ടായതെന്നും അദ്ദേഹം വ്യക്തമാക്കി. ദളിത്-ആദിവാസി വിഭാഗങ്ങളെ കുറ്റവാളികളായി ചിത്രീകരിക്കാൻ ചില ചാനലുകൾ ഉൾപ്പെടെ ശ്രമിച്ചതായി അദ്ദേഹം ആരോപിച്ചു.