അസം മുഖ്യമന്ത്രിയായി ഹിമന്ത ബിശ്വ ശർമ്മ സത്യപ്രതിജ്ഞ ചെയ്‌തു

ഗുവാഹത്തി : അസം മുഖ്യമന്ത്രിയായി  ഹിമന്ത ബിശ്വ ശർമ്മ ഇന്ന് സത്യപ്രതിജ്ഞ ചെയ്‌ത് അധികാരമേറ്റു .തുടർച്ചയായ രണ്ടാം തവണയാണ് ഹിമന്ത അസമിന്‍റെ മുഖ്യനാകുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്രമന്ത്രിമാർ, ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ എന്നിവർ ചടങ്ങില്‍ പങ്കെടുത്തു. ഹിമന്തയ്‌ക്കൊപ്പം എൻഡിഎയുടെ നാല് എംഎല്‍എമാരും സത്യപ്രതിജ്ഞ ചെയ്‌ത് അധികാരമേറ്റു.ഖാനപാര പ്രദേശത്തെ വെറ്ററിനറി ഫീൽഡിൽ രാവിലെ 11.40 നാണ് സത്യപ്രതിജ്ഞ ചടങ്ങുകള്‍ നടന്നത്. ഗവർണർ ലക്ഷ്‌മൺ പ്രസാദ് ആചാര്യ ഹിമന്ത ബിശ്വ ശർമ്മയ്ക്കും മറ്റ് നാല് നിയമസഭാംഗങ്ങൾക്കും സത്യപ്രതിജ്ഞയും സത്യവാചകം ചൊല്ലിക്കൊടുത്തു.





തുടർച്ചയായി രണ്ടാം തവണയും മുഖ്യമന്ത്രിയായി ചുമതലയേൽക്കുന്ന സംസ്ഥാനത്തെ ആദ്യത്തെ കോൺഗ്രസ് ഇതര നേതാവാണ് 57 കാരനായ ഹിമന്ത. ബിജെപിയുടെ അജന്ത നിയോഗ്, രാമേശ്വർ തെലി, സഖ്യകക്ഷികളായ എജിപിയുടെ അതുൽ ബോറ, ബിപിഎഫിന്‍റെ ചരൺ ബോറോ എന്നിവരാണ് ഹിമന്ത ബിശ്വ ശർമ്മയ്‌ക്കൊപ്പം സത്യപ്രതിജ്ഞ ചെയ്‌ത എംഎല്‍എമാർ.അജന്ത നിയോഗ്, അതുൽ ബോറ, ചരൺ ബോറോ എന്നിവർ ഹിമന്തയുടെ ആദ്യ മന്ത്രിസഭയിലെ അംഗങ്ങളായിരുന്നു. ധനമന്ത്രി ആയിരുന്നു അജന്ത നിയോഗ്. അതുൽ ബോറ കൃഷി മന്ത്രിയും ചരൺ ബോറോ ഗതാഗത മന്ത്രിയും ആയിരുന്നു. അതേസമയം മുൻ കേന്ദ്രമന്ത്രിയാണ് രാമേശ്വർ തെലി. തെലിയുടെ സംസ്ഥാന രാഷ്ട്രീയത്തിലേക്കുള്ള മടക്കമാണിത്.സംസ്ഥാനത്തെ മൂന്നാമത്തെ എൻഡിഎ സർക്കാരാണ് നിലവില്‍ അധികാരം ഏല്‍ക്കുന്നത്. ഇപ്പോഴത്തെ കേന്ദ്രമന്ത്രി സർബാനന്ദ സോനോവാളിന്‍റെ നേതൃത്വത്തിൽ 2016 ലാണ് സഖ്യം ആദ്യമായി അധികാരത്തിൽ വന്നത്. ബിജെപിയുടെ പഞ്ചായത്ത് പ്രസിഡന്‍റുമാരും അംഗങ്ങളും ഉൾപ്പെടെ ഒരു ലക്ഷത്തിലധികം ആളുകൾ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തതായാണ് ഉദ്യോഗസ്ഥർ നല്‍കുന്ന വിവരം.