മുംബൈയെ സംഗീത സാന്ദ്രമാക്കാൻ സംഗീത സംവിധായകൻ ശരത് എത്തുന്നു

മുംബൈ: സംഗീതാസ്വാദകർക്ക് മറക്കാനാവാത്ത ഒരു സംഗീതസായാഹ്നം സമ്മാനിക്കാൻ പ്രശസ്ത സംഗീത സംവിധായകനും ഗായകനുമായ ശരത് നവിമുംബൈയിലെത്തുന്നു . തരംഗ് (Tarang Events & Productions ) സംഘടിപ്പിക്കുന്ന രണ്ടാമത്തെ മെഗാ സംഗീതപരിപാടിയായ 'തരംഗ് സിംഫണി വിത്ത് ശരത് &ബിഗ് ബാൻഡ് '(Tarang Symphony with Sharreth & Big Band) ഓഗസ്റ്റ് 15-ന് വൈകുന്നേരം 6.30 മുതൽ നെരൂളിലെ ടെർണ ഓഡിറ്റോറിയത്തിൽ അരങ്ങേറും.
ചടങ്ങിൽ തരംഗ് ഏർപ്പെടുത്തിയ സംഗീത രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള ആജീവനാന്ത പുരസ്കാരം(Lifetime Achievement Award ) ശരത്തിന് സമർപ്പിക്കും. തുടർന്ന് ശരത്തും പ്രശസ്ത ഫ്യൂഷൻ സംഗീതസംഘമായ ബിഗ്‌ബാൻഡും ചേർന്ന് സംഗീതവിരുന്നൊരുക്കും.
1990-ൽ പുറത്തിറങ്ങിയ 'ക്ഷണക്കത്ത്' എന്ന ചിത്രത്തിലൂടെ മലയാള സിനിമാസംഗീതരംഗത്തേക്ക് കടന്നുവന്ന ശരത്, മലയാളികളുടെ ഹൃദയത്തിൽ ഇടം നേടിയ നിരവധി അനശ്വര ഗാനങ്ങളുടെ സ്രഷ്ടാവാണ്. “ശ്രീരാഗമോ…” ഉൾപ്പെടെയുള്ള അദ്ദേഹത്തിന്റെ ഗാനങ്ങൾ ഇന്നും സംഗീതപ്രേമികളുടെ പ്രിയപ്പെട്ടവയാണ്. ടെലിവിഷൻ റിയാലിറ്റി ഷോകളിലൂടെ മലയാളികളുടെ കുടുംബാംഗം പോലെ പ്രിയങ്കരനായി മാറിയ കലാകാരൻ കൂടിയാണ് അദ്ദേഹം.
ഈ പരിപാടിയുടെ മറ്റൊരു പ്രധാന ആകർഷണം, അന്തരിച്ച വയലിൻ മാന്ത്രികൻ ബാലഭാസ്കറിൻ്റെ സംഗീതപാരമ്പര്യം മുന്നോട്ട് കൊണ്ടുപോകുന്ന 'ബിഗ്‌ബാൻഡ്'സംഘത്തിന്റെ സാന്നിധ്യമാണ്. ശുദ്ധസംഗീതവും ഫ്യൂഷനും സമന്വയിക്കുന്ന സംഗീതസായാഹ്നം മുംബൈയിലെ സംഗീതാസ്വാദകർക്ക് വേറിട്ടൊരു അനുഭവമായിരിക്കുമെന്ന് സംഘാടകർ പറയുന്നു.പ്രവാസി മലയാളികൾക്ക് തിരക്കേറിയ ജീവിതത്തിനിടയിൽ ഏതാനും മണിക്കൂറുകൾ സംഗീതലഹരിയിൽ ആസ്വദിക്കാനും മനസിനെ പുതുക്കാനും അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
കഴിഞ്ഞ ജനുവരിയിൽ പ്രശസ്ത ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരൻ തമ്പി ഉദ്ഘാടനം ചെയ്ത പരിപാടിയിലൂടെ തുടക്കം കുറിച്ച തരംഗ്, കേരളത്തിലെ പ്രമുഖ കലാകാരന്മാരെ മുംബൈയിലെ കലാസ്വാദകർക്കു മുന്നിലെത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പ്രവർത്തിക്കുന്നത്.സീറ്റുകൾ പരിമിതമായതിനാൽ സംഗീതപ്രേമികൾ മുൻകൂട്ടി ടിക്കറ്റുകൾ ബുക്ക് ചെയ്യണമെന്ന് സംഘാടകർ അറിയിച്ചു.
ടിക്കറ്റുകൾക്കും കൂടുതൽ വിവരങ്ങൾക്കും:
📞 7738159911 / 7738686944
📞 8590017956 / 9702345724
📞 9818093494 / 7887495343